പത്തനംതിട്ട: ഭൂമി, ഫ്ളാറ്റ്, വില്ല വിൽപ്പനകളിൽ പൊതുജനത്തെ ചൂഷണം ചെയ്യുന്ന റിയൽ എസ്റ്റേറ്റ് ദല്ലാളന്മാർക്ക് കടിഞ്ഞാൺ ഇടാനൊരുങ്ങി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി(റെറ). ഭൂമി പ്ലോട്ടുകളാക്കി വിൽക്കുമ്പോൾ അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള ചട്ടങ്ങൾ നിർബന്ധമാക്കാനൊരുങ്ങുകയാണ് റെറ. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികൾക്ക് കർശന നിർദ്ദേശം നൽകി കഴിഞ്ഞു. റെറയിൽ രജിസ്റ്റർ ചെയ്യാതെ നടത്തുന്ന ഇടപാടുകൾക്ക് തദ്ദേശ സ്ഥാപനം കൂച്ചുവിലങ്ങിടും. അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർക്കും പ്രവർത്തിക്കാനുള്ള അധികാരം നഷ്ടമാകും.

റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്ന് യൂണിറ്റുകൾ വാങ്ങുമ്പോൾ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി(റെറ)യിൽ രജിസ്ട്രേഷനുണ്ടെന്ന് ഉറപ്പാക്കണമെന്ന് കെ-റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. എട്ട് യൂണിറ്റിനു മുകളിൽ വില്ലകൾ, ഫ്ളാറ്റുകൾ, വാണിജ്യ യൂണിറ്റുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഗോഡൗണുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന പ്രൊജക്ടുകൾ റിയൽ എസ്റ്റേറ്റ് പദ്ധതിയെന്ന നിർവചനത്തിൽ വരും.

വ്യവസായ താമസാവശ്യങ്ങൾക്കായി ഭൂമി എട്ടിൽ കൂടുതൽ പ്ലോട്ടുകളാക്കി തിരിച്ച് വിൽപന നടത്തുന്നതിനും അഥോറിറ്റിയുടെ രജിസ്ട്രേഷൻ നിർബന്ധമാണ്. ആകെ 500 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഭൂമി പ്ലോട്ടുകളാക്കി വികസിപ്പിച്ച് വിപണനം നടത്തുമ്പോൾ പൊതുവഴി ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി തദ്ദേശസ്ഥാപനത്തിൽ നിന്ന് ആവശ്യമായ അനുമതികളും വാങ്ങി വേണം റെറയിൽ രജിസ്റ്റർ ചെയ്യാൻ.
രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമപ്രകാരമുള്ള അനുമതികളും ഉൾപ്പെടെയുള്ള വിവരങ്ങളും നിർമ്മാണ പുരോഗതിയും rera.kerala.gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമാണ്.

പദ്ധതിയുടെ പേര്, ഡെവലപ്പർ, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെ വിവിധ തരത്തിൽ പോർട്ടലിൽ സെർച്ച് ചെയ്യാനാകും. കമ്പനിയുടെ മുൻകാല പ്രവർത്തനവും പദ്ധതിയുടെ വിലയും നിർമ്മാണ നിലവാരവും ലഭിച്ചിട്ടുള്ള അനുമതികളുമെല്ലാം പോർട്ടലിൽ ലഭ്യമായതിനാൽ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനും ചതിക്കുഴിയിൽ വീഴാതിരിക്കാനും കഴിയും. ഓരോ മൂന്നുമാസം കൂടുമ്പോഴും നിർമ്മാണ പുരോഗതി ഡെവലപ്പർമാർ ഈ പോർട്ടൽ വഴി ലഭ്യമാക്കും. ആരെങ്കിലും വീഴ്ച വരുത്തിയാൽ ഏഴു ദിവസത്തിനുള്ളിൽ അവരുടെ പേരുവിവരങ്ങളും മറ്റും പോർട്ടലിൽ പ്രസിദ്ധീകരിക്കും.

അപേക്ഷിക്കുന്ന പ്രൊജക്ടുകൾ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ അനുമതികളെല്ലാം ലഭ്യമാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചാണ് അഥോറിറ്റി രജിസ്ട്രേഷൻ നൽകുന്നത്. അതുകൊണ്ടുതന്നെ വാങ്ങുന്നവർക്ക് നിയമപരിരക്ഷ ഉറപ്പായിരിക്കും.
ഇത്തരം പ്രൊജക്ടുകളിലെ ഇടപാടുകളിൽ ഏജന്റായി പ്രവർത്തിക്കുന്നവരും (റിയൽ എസ്റ്റേറ്റ് ഏജന്റ്) റെറയിൽ രജിസ്റ്റർ ചെയ്യണം. 784 പദ്ധതികളും 269 ഏജന്റുമാരുമാണ് ഇതുവരെ കെറെറയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇപ്പോഴും രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ ഒമ്പതു പ്രൊജക്ടുകളും എട്ട് ഏജന്റുമാരും മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാനും റെറ രജിസ്ട്രേഷൻ നിർബന്ധമാണ്. പദ്ധതിയുടെ പുരോഗതി നിശ്ചിത സമയത്ത് ലഭ്യമാക്കുന്നതിനാൽ വായ്പ അനുവദിക്കുന്ന ബാങ്കുകൾക്ക് പദ്ധതി സന്ദർശിക്കാതെ തന്നെ തുക നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകും. പ്രൊജക്ട് രജിസ്റ്റർ ചെയ്യുമ്പോൾ പറയുന്ന വസ്തുതകൾ മാത്രമേ പരസ്യങ്ങളിൽ കൊടുക്കാൻ പാടുള്ളു. എല്ലാവിധ പരസ്യങ്ങളിലും റെറയിലെ രജിസ്ട്രേഷൻ നമ്പർ ഉണ്ടായിരിക്കണം.

അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ വിപണനം ചെയ്യുന്നതും ദീർഘകാല പാട്ടത്തിന് നൽകുന്നതും പിഴയീടാക്കാവുന്ന കുറ്റമാണ്. ഫ്ളാറ്റുകൾ വിൽക്കുന്നതിന് നിയമാനുസൃതമായ ഫോമിൽ വിൽപന കരാർ എഴുതി രജിസ്റ്റർ ചെയ്യാതെ ഉപഭോക്താവിൽ നിന്ന് പത്തു ശതമാനത്തിൽ കൂടുതൽ തുക മുൻകൂറായോ ആപ്ലിക്കേഷൻ ഫീസായോ വാങ്ങാൻ പാടില്ല. ഷെഡ്യൂൾഡ് ബാങ്കിൽ ഓരോ പദ്ധതികൾക്കും പ്രത്യേകം അക്കൗണ്ട് തുടങ്ങുകയും മുൻകൂറായി വാങ്ങുന്ന തുകയുടെ 70 ശതമാനം അതത് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും വേണം. എൻജിനീയർ, ആർക്കിടെക്ട്, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ നിയമാനുസൃത സർട്ടിഫിക്കറ്റുകൾ വാങ്ങിയതിനുശേഷം മാത്രമേ ഓരോ ഘട്ടത്തിലും ബാങ്കിൽ നിന്ന് തുക പിൻവലിക്കാവൂ.

ഉപഭോക്താക്കളുടെയും ബിൽഡർമാരുടേയും ഡെവലപ്പർമാരുടേയും പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും റെറയ്ക്ക് അധികാരമുണ്ട്. കേരളത്തിൽ ആകെ 1256 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 773 എണ്ണം കെറെറ തീർപ്പാക്കി. ഇരുകൂട്ടരേയും ഒരു പോലെ പരിഗണിച്ചുള്ള പരാതി പരിഹാരമാണ് നടപ്പാക്കുക. തങ്ങളുടെ പദ്ധതികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ചതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കൾക്കും സാധിക്കും. ഏതെങ്കിലും ഡെവലപ്പർ തെറ്റായ വിവരം നൽകിയതായി ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെയും നിയമനടപടിയുണ്ടാകും. പരാതിയുള്ളവർക്ക് നിർദ്ദിഷ്ടരീതിയിൽ അഥോറിറ്റിയിൽ കേസ് ഫയൽ ചെയ്യാം.

റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ റെറ ചെയർമാൻ പി.എച്ച്. കുര്യൻ, അംഗം അഡ്വ. പ്രീത മേനോൻ, സെക്രട്ടറി വൈ. ഷീബാ റാണി എന്നിവർ പങ്കെടുത്തു.