- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാലു തവണ അച്ഛൻ മത്സരിച്ചു; കഴിഞ്ഞ പ്രാവശ്യം അമ്മയും ഇത്തവണ മകനും മത്സരിക്കുന്നു; തിരുവല്ലയെ ഈർക്കിൽ പാർട്ടികളിൽ നിന്ന് രക്ഷിക്കണം; റാന്നിയിലും തിരുവല്ലയിലും യുഡിഎഫിന് റിബൽ സ്ഥാനാർത്ഥികൾ
പത്തനംതിട്ട: റാന്നിയിലും തിരുവല്ലയിലും കോൺഗ്രസിന് റെബൽ സ്ഥാനാർത്ഥികൾ. റാന്നിയിൽ പ്രഫഷണൽ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് റെജി താഴമണും തിരുവല്ലയിൽ മുൻ ജില്ലാ പഞ്ചായത്തംഗം അഡ്വ. തോമസ് മാത്യുവു(റോയ്)മാണ് മത്സരിക്കുന്നത്.
റാന്നിയിലെ സീറ്റ് കോൺഗ്രസ് ഒരു കുടുംബത്തിനായി സംവരണം ചെയ്തിരിക്കുകയാണ്. നാല് പ്രാവശ്യം പിതാവ്, കഴിഞ്ഞ തവണ മാതാവ്, ഇക്കുറി മകൻ എന്നതാണ് സ്ഥിതിയെന്ന് റെജി താഴമൺ പറഞ്ഞു. കെഎസ്‌യുവിൽ കൂടി പൊതുപ്രവർത്തന രംഗത്ത് വന്നയാളാണ് റെജി. കോഴഞ്ചേരി സെന്റ് തോമസ് കോളജ് യൂണിറ്റ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗം, മാർ ഈവാനിയോസ് കോളജ് മാഗസിൻ എഡിറ്റർ, ചെയർമാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക്സെക്രട്ടറി, സംസ്ഥാന സമിതി അംഗം, ട്രേഡ് യൂണിയൻ പ്രസിഡന്റ്, അയിരൂർ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇടക്കാലത്ത് വിദേശത്ത് പോയി. ഷാർജ-ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ്, ഓഐസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനം ചെയ്തു. 2011, 16 വർഷങ്ങളിൽ റാന്നിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പ് കമ്മറ്റി പരിഗണിച്ചിരുന്നുവെന്നും റെജി അവകാശപ്പെടുന്നു. പ്രവാസികളുടെ പ്രതിനിധി എന്ന നിലയിൽ സീറ്റ് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. അവഗണനയിൽ പ്രതിഷേധിച്ചാണ് റെബൽ ആയി മത്സരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും വിവിധ സാമുദായിക നേതാക്കന്മാരുടെയും മതമേലധ്യക്ഷന്മാരുടെയും പിന്തുണ തനിക്കുണ്ടെന്ന് റെജി അവകാശപ്പെടുന്നു. മണ്ഡലത്തിലെ ചുങ്കപ്പാറ, എഴുമറ്റൂർ, അയിരൂർ, കൊറ്റനാട് മേഖലകളിൽ തനിക്ക് നിർണായക സ്വാധീനമാണുള്ളതെന്നും റെജി പറയുന്നു.
സംഗീത സംവിധായകൻ അഡ്വ. വിനു തോമസിന്റെ പിതാവാണ് തിരുവല്ലയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന അഡ്വ. തോമസ് മാത്യു. വൺ ഇന്ത്യ വൺ പെൻഷൻ, ട്വന്റി 20 തിരുവല്ല, വി ഫോർ തിരുവല്ല തുടങ്ങി ജനങ്ങളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് മത്സരിക്കുന്നതെന്ന് കീഴ്‌വായ്പൂർ സ്വദേശിയായ തോമസ് മാത്യു പറയുന്നു. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിലും തിരുവല്ല നിയോജക മണ്ഡലത്തിൽ യാതൊരു സ്വാധീനവുമില്ലാത്ത ഈർക്കിൽ പാർട്ടികൾ രണ്ടു മുന്നണികളുടെ പേരിൽ മത്സരിക്കുന്നു. വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് വോട്ടർമാർ ഇവരിൽ ഒരാൾക്ക് വോട്ടു ചെയ്യുന്നു. ഒരാൾ വിജയിക്കുന്നു. കഴിഞ്ഞ അഞ്ചു തവണയും അഭിനയിച്ച അതേ അസംബന്ധ നാടകമാണ് ഇപ്പോഴും തിരുവല്ലയിൽ നടക്കുന്നത്.
കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടതിൻ പ്രകാരം താൻ യുഡിഎഫ് സ്ഥാനാർത്ഥിയാകണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സീറ്റ് ജോസഫ് ഗ്രൂപ്പിനാണെന്നും തീരുമാനമെടുക്കേണ്ടത് അവരാണെന്നും പറഞ്ഞു. അതനുസരിച്ച് പിജെ ജോസഫിനെ സമീപിച്ചപ്പോൾ പാർട്ടിയുടെ കെട്ടുറപ്പാണ് പ്രധാനമെന്ന് പറഞ്ഞ് നിർദ്ദേശം തള്ളിക്കളഞ്ഞു.
കെപിസിസി അംഗം, ഡിസിസി വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് തോമസ് മാത്യു. 1995-2000 കാലത്ത് ജില്ലാ പഞ്ചായത്തംഗമായതിന് പിന്നാലെ പാർട്ടി വിട്ടുവെന്നും പറയുന്നു.