തിരുവനന്തപുരം: എസ്എഫ്‌ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ എ കെ ബാലന്‍. വഴിയില്‍ കെട്ടിയ ചെണ്ടയല്ല എസ്എഫ്‌ഐയും സിപിഎമ്മുമെന്ന് എ.കെ.ബാലന്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാര്‍ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് സമ്മതിക്കില്ല.

എസ്എഫ്‌ഐയെ വളര്‍ത്തിയത് ഞങ്ങളാണ്. എസ്എഫ്‌ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താന്‍ ആ സംഘടനയ്ക്ക് കഴിയും. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കോണ്‍ഗ്രസ് ഒരു കൂടോത്ര പാര്‍ട്ടിയായി മാറി. കേരള കൂടോത്ര പാര്‍ട്ടിയെന്നും എ കെ ബാലന്‍ പരിഹസിച്ചു

കാര്യവട്ടത്തെ കേരള യൂനിവേഴ്‌സിറ്റി കാമ്പസിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കെതിരെ ബിനോയ് വിശ്വം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃത സംസ്‌കാരമാണെന്നും ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ലെന്നും തിരുത്തിയേതീരുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. ഇത്തരക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആഴം അറിയില്ല. പുതിയ ലോകത്തിന് മുമ്പിലുള്ള ഇടതുപക്ഷത്തിന്റെ കടമയെ കുറിച്ചും അറിയില്ല. അവരെ പഠിപ്പിക്കണം. എസ്.എഫ്.ഐയെ പഠിപ്പിച്ച് തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയായി മാറും' -എന്നാണ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ മാര്‍ച്ചില്‍ കേരള സര്‍വകലാശാല കലോത്സവത്തിനിടെ സംഘര്‍ഷമുണ്ടായ സന്ദര്‍ഭത്തിലും എസ്.എഫ്.ഐക്കെതിരെ ബിനോയ് വിശ്വം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഒരു സംഘടനക്ക് നിരക്കാത്തതും എസ്.എഫ്.ഐയുടെ പാരമ്പര്യത്തിനും ചരിത്രത്തിനും ചേരാത്ത പ്രവൃത്തിയാണെന്നും അന്ന് ബിനോയ് വിശ്വം പറഞ്ഞത്.