- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മില്‍ പടയൊരുക്കം; പിണറായി വിരുദ്ധ ചേരി കരുത്താര്‍ജിക്കുന്നു; വി എസ് ഉയര്‍ത്തിയ ഉള്‍പ്പാര്‍ട്ടി വിപ്ലവത്തിന്റെ ചുവടു പിടിച്ച് ബേബിയും ഐസക്കും
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ പടയൊരുക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകളും നേതാക്കളുടെ ധാര്‍ഷ്ഠ്യവും അഴിമതികളും സാമുഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നതിനിടെയാണ് മുതര്‍ന്ന നേതാക്കളായ തോമസ് ഐസക്കിന്റെയും എം. എ. ബേബിയുടേയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പടയൊരുക്കം. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പിണറായി വിജയനെതിരെയുള്ള വിചാരണയായി മാറുകയായിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ ഒരു കാലത്ത് വി.എസ് അച്യുതാനന്ദന് ഉയര്‍ത്തിവിട്ട ഉള്‍പ്പാര്‍ട്ടി വിപ്ലവത്തിന്റെ ചുവടു പിടിച്ചാണ് തോമസ് ഐസക്കും എം. എ. ബേബിയും മുന്നേറുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിവച്ച പിണറായി വിരുദ്ധ ചേരി വീണ്ടും കരുത്താര്‍ജിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പിന്നാലെ ചേരുന്ന വിവിധ ഘടക സമ്മേളനങ്ങളിലാണ് പഴയ വി. എസ് ഗ്രൂപ്പിന്റെ രൂപത്തിലുള്ള പോര്‍മുഖം തെളിയുന്നത്.
പിണറായിയെ പ്രതിരോധിച്ച് എ.കെ. ബാലന് നയിക്കുന്ന കണ്ണൂര്‍ പാര്‍ട്ടിയാണ് സമ്മേളനങ്ങളില്‍ ഇവര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി. തെറ്റുതിരുത്തല്‍ മുദ്രാവാക്യവും ബംഗാളിലെ സി.പി.എമ്മിന്റെ ചിത്രം ചൂണ്ടിക്കാണിക്കലും വഴി ലക്ഷ്യമിടുന്നത് പിണറായി വിജയനെത്തന്നെയാണ്.
എം. എ. ബേബി ഒരു അച്ചടിമാധ്യമ അഭിമുഖത്തിലാണ് സി.പി.എമ്മിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ തുറന്നു പറഞ്ഞതെങ്കില്‍ തോമസ് ഐസക്ക് ഏതാനും ദിവസം മുന്‍പ് കടുത്ത പാര്‍ട്ടി വിമര്‍ശനം നടത്തിയത് ഒരു യുട്യൂബ് ചാനല്‍വഴിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തുറന്നു പറച്ചിലുകള്‍ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്.
വി. എസിന്റെ സുവര്‍ണ കാലത്ത് നവ ലിബറല്‍ ആശയങ്ങള്‍ എന്ന പേരില്‍ പാര്‍ട്ടിയില്‍ സമാന്തരമായി കലാപ ശബ്ദമുയര്‍ത്തിയ ഈ നേതാക്കള്‍ കുറെക്കാലമായി നിശബ്ദരായിരുന്നു. തുടര്‍ഭരണത്തോടെ ഏറെ കരുത്തനായ പിണറായി വിജയനെ തുറന്ന് എതിര്‍ക്കാന്‍ ഇരുവരും മടിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ദുര്‍ബലമായ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചാണ് ഇരുനേതാക്കളും കൈകോര്‍ക്കുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപ്പോഴും മേല്‍ക്കൈയുള്ള പിണറായിക്കെതിരെയുള്ള തുറന്നെതിര്‍പ്പിന് ഇപ്പോള്‍ കളമൊരുങ്ങിയതായി ഈ നേതാക്കള്‍ കരുതുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പല ജില്ലകളിലും മുഖ്യമന്ത്രിയെ സ്വന്തം ചേരിയില്‍ നിന്നുതന്നെയുള്ള നേതാക്കള്‍ റിപ്പോര്‍ട്ടിംഗിനിടെ വിമര്‍ശിച്ചത് പുതിയ നീക്കത്തിന് കരുത്തായി ഇവര്‍ കരുതുന്നു. സംഘടന പിടിച്ചെടുക്കാന്‍ സെപ്റ്റംബര്‍ മുതല്‍ തുടങ്ങുന്ന ഘടക സമ്മേളനങ്ങള്‍ വേദിയാക്കാനാണ് തുറന്നുപറച്ചില്‍ ലക്ഷ്യം വയ്ക്കുന്നത്.
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ബേബി-ഐസക് കൂട്ടുകെട്ടിന് കൂടുതല്‍ സ്വാധീനമുണ്ട്. മലബാര്‍ മേഖലയില്‍ പി.ജയരാജനും എളമരം കരിമും പി.കെ.ശ്രീമതിയുമടക്കമുള്ള നേതാക്കളുണ്ട്. തിരുവനന്തപുരത്ത് കടകംപള്ളിയും എന്‍. ശിവന്‍കുട്ടിയും മുന്‍ മേയര്‍ ജയന് ബാബുവും കൊല്ലത്ത് പി.കെ.ഗുരുദാസനും പത്തനംതിട്ടയില്‍ രാജു എബ്രഹാമും ആലപ്പുഴയില്‍ ജി. സുധാകരനും യു .പ്രതിഭയും എറണാകുളത്ത് മുന്‍ മേയര്‍ സി.എം. ദിനേശ് മണിയും തൃശൂരില്‍ എം.എം. വര്‍ഗീസുമുള്‍പ്പെടെ മുന്‍നിര നേതാക്കള്‍ ഈ ചേരിക്കൊപ്പം ചായും. തുടര്‍ഭരണത്തേക്കാള്‍, സംഘടന പിടിച്ചടക്കല്‍ പ്രധാന ചുവടുവയ്പായി ഇവര്‍ കാണുന്നു.
കൊല്ലം ജില്ലയിലെ സിപിഎമ്മിനെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക നേതൃത്വം വഹിച്ചിരുന്ന ഗുരുദാസന് പോലും തന്റെ നിലപാട് പറയാന്‍ പിണറായി പ്രഭാവം മങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നുവെന്നത് നേതൃത്വത്തെ പോലും അദ്ഭുതപ്പെടുത്തിയിരുന്നു.
കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ എം.നൗഷാദ് എംഎല്‍എയും മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബുവും ഒഴികെ എല്ലാവരും പിണറായിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രംഗത്ത് വന്നു. ഇത്രമേല്‍ കടുത്ത ആക്രമണമുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചതേയില്ല.
യോഗത്തില്‍ പങ്കെടുത്ത പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത എന്നിവര്‍ ചര്‍ച്ചകള്‍ തടയാന്‍ ശ്രമിച്ചതുമില്ല. പിണറായിയും കണ്ണൂര്‍ ലോബിയും പാര്‍ട്ടിയില്‍ അപ്രമാദിത്വം ഉറപ്പിച്ചതോടെ നിശബ്ദരായി പോയ പഴയ പിണറായി വിരുദ്ധ ചേരിയാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് പരസ്യമായി യുദ്ധമുഖം തുറന്നത്.
വി.എസ്.സര്‍ക്കാരില്‍ മന്ത്രിയും രണ്ട് തവണ കൊല്ലം എംഎല്‍എയുമായിരുന്ന പി.കെ. ഗുരുദാസന് 2016-ലെ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഗുരുദാസന് നടത്തി. എന്നാല്‍ ഗുരുദാസനെ ഒതുക്കാന്‍ പിണറായി നേരിട്ടിറങ്ങിയാണ് കൊല്ലത്ത് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
അതില്‍ ഗുരുദാസന് മാത്രമല്ല നേതൃത്വത്തിലെ പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. പക്ഷേ പിണറായിയുടെ അജയ്യതയ്ക്ക് മുമ്പില്‍ എല്ലാവരും നിശബ്ദരായി വഴങ്ങി. തുടര്‍ഭരണം കൂടി സാധ്യമാക്കിയതോടെ പിണറായി പറയുന്നതാണ് പാര്‍ട്ടി എന്നനിലയിലേക്ക് സര്‍വാധിപത്യ സ്വഭാവത്തിലേക്ക് മാറി. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എ ആയവര്‍ ഇനി മത്സരിക്കേണ്ടതില്ലെന്നും മുന്‍ മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ വേണ്ടെന്നതും പിണറായിയുടെ തീരുമാനമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പിണറായി യുഗം അവസാനിക്കുന്നുവെന്ന തിരിച്ചറിവിലാണ് പിണറായിയെ നേരിട്ട് കടന്നാക്രമിക്കാന്‍ എം.എ.ബേബിയും തോമസ് ഐസകും നേതൃത്വം നല്കുന്ന പിണറായി വിരുദ്ധ ചേരി തയ്യാറായത്.
ബേബി കടുത്ത അസ്വസ്ഥനായിരുന്നുവെങ്കിലും പിണറായിയെ നേരിടാന്‍ അശക്തനായിരുന്നു. എന്നാല്‍ തോല്‍വിയോടെ ബേബി കൂടുതല്‍ കരുത്തോടെ തന്റെ ചേരിയെ ശക്തിപ്പെടുത്തുകയാണ്. പി.ജയരാജന് മുതല്‍ കടകംപള്ളി സുരേന്ദ്രന് വരെ നീളുന്ന പാര്‍ട്ടിയിലെ അസ്വസ്ഥര്‍ ബേബിക്കൊപ്പമുണ്ടെന്നാണ് വിവരം. കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ഭൂരിപക്ഷവും ബേബിക്ക് പിന്നില്‍ അണിനിരന്ന് കഴിഞ്ഞു.