മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ അയല്‍വാസിയായ യുവാവും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു. കേസില്‍ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവുമാണ് അറസ്റ്റിലായത്. ആക്രമണത്തിനിരയായ ആളുടെ അയല്‍വാസിയായ തയ്യില്‍ അബ്ദു, ഇയാളുടെ മകന്‍ നാഫി ഇവരുടെ ബന്ധു ജാഫര്‍ എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടന്‍ കുട്ടിയാലിയ്ക്ക് (63) ആണ് മര്‍ദനമേറ്റത്. വീട്ടില്‍ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അയല്‍വാസികളായ നാഫി, പിതാവ് തയ്യില്‍ അബ്ദു, നാഫിയുടെ ബന്ധു ജാഫര്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയാലിയെ ഈ മാസം മൂന്നിന് മര്‍ദിച്ചത്. രാത്രി 8 മണിയോടെ കുട്ടിയാലിയുടെ വീട്ടിലെത്തിയായിരുന്നു മര്‍ദനം.

വിദേശത്ത് ജോലി ചെയ്യുന്ന നാഫി, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഇതിനിടെ വിവാഹാലോചനകള്‍ നാഫിക്ക് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഒരു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നാഫിയെക്കുറിച്ച് കുട്ടിയാലിയുടെ അടുത്ത് അന്വേഷിച്ചെന്നും കുട്ടിയാലി ആ വിവാഹാലോചന മുടക്കിയെന്നും ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ മൊബൈലില്‍ ചിത്രീകരിച്ച ശേഷം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ഇതോടെയാണ് മര്‍ദനത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത കോട്ടയ്ക്കല്‍ പൊലീസ് നാഫിയെയും പിതാവ് അബ്ദുവിനെയും ബന്ധു ജാഫറിനെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. അതിനിടെ കുട്ടിയാലി തങ്ങളെ ആക്രമിക്കാന്‍ വന്നുവെന്ന് കാണിച്ച് നാഫി നല്‍കിയ പരാതിയില്‍ കോട്ടയ്ക്കല്‍ പൊലീസ് കുട്ടിയാലിയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.