- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും'; ഇറാന് അവയവക്കടത്ത് കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി; എന്‍ഐഎ ഏറ്റെടുക്കും
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് നടന്ന രാജ്യാന്തര അവയവക്കടത്ത് കേസില്‍ മൂന്നാം പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതിക്കെതിരെ നിലനില്‍ക്കുന്നത് ഗുരുതരമായ ആരോപണമെന്നും കോടതി പറഞ്ഞു. അവയക്കടത്തിന് പിന്നില്‍ വലിയ റാക്കറ്റുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് ആരോപണം ശരിയെങ്കില്‍ വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. കേസില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കാന്‍ പോകുന്നതും കോടതിയുടെ പരിഗണനയില്‍ വന്നു.
കേസില്‍ സജിത് ശ്യാമിനു നേരിട്ടു ബന്ധമുണ്ടെന്നാണു തങ്ങളുടെ നിഗമനമെന്നും വൃക്ക കടത്തുമായി ബന്ധപ്പെട്ട ധനകാര്യ ഇടപാടുകള്‍ കേസിലെ ഒന്നാം പ്രതി മധു ജയകുമാറുമായി പ്രതി നടത്തിയിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നതു തെറ്റായ സന്ദേശം നല്‍കും. കേസിനു രാജ്യാന്തര മാനങ്ങളുണ്ട്. മാത്രമല്ല, ഒന്നാം പ്രതി മധു ഇതുവരെ പിടിയിലായിട്ടില്ല. കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ പോകുകയാണ്. പ്രതിക്കെതിരായ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടെന്നാണു തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കിയാണു ജാമ്യാപേക്ഷ തള്ളിയത്.
കേസ് അടുത്തിടെയാണ് എന്‍ഐഎ ഏറ്റെടുക്കുമെന്നു വ്യക്തമായത്. തനിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ശരിയല്ലെന്നും മനസ്സറിയാതെ കേസില്‍ ഉള്‍പ്പെട്ടു പോയതാണ് എന്നുമായിരുന്നു സജിത് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. കേസിലെ ഒന്നാം പ്രതിയായ മധുവിന്റെയും തന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. അടുത്ത സുഹൃത്തുക്കളായ തങ്ങള്‍ ഒരേ കമ്പനിയില്‍ ഒരുമിച്ചു ജോലി ചെയ്തിട്ടുമുണ്ട്. ഇറാന് കേന്ദ്രീകരിച്ച് മെഡിക്കല്‍ ടൂറിസം രംഗത്താണു മധു പ്രവര്‍ത്തിക്കുന്നത് എന്നാണ് പറഞ്ഞിട്ടുള്ളത്. കേരളത്തിലെ ഒരു സ്വകാര്യ ബാങ്കിലാണ് മധുവിന്റെ സ്ഥാപനത്തിന് അക്കൗണ്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇടപാടുകാരില്‍ പലര്‍ക്കും പണം അയയ്ക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നതിനാല്‍ തന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാമോ എന്നു ചോദിച്ചു.
ഇതനുസരിച്ചു പലരും പണമയച്ചിട്ടുണ്ട്. 10 ലക്ഷത്തിനടുത്തു വരുന്ന തുക മധുവിന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അതില്‍നിന്നു താന്‍ പണമൊന്നും കൈപ്പറ്റിയിട്ടില്ല. ഇത് ഒരു വര്‍ഷം മുന്‍പു നടന്ന സംഭവമാണ്. അതിനു ശേഷം പണമിടപാടും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോടു പറയുകയും ചെയ്തു. ഇതല്ലാതെ ഈ കേസുമായി യാതൊരു ബന്ധവുമില്ല. കേസില്‍ പൂര്‍ണ നിരപരാധിയാണ്. കൊച്ചിയിലെ വാടകവീട്ടില്‍ കഴിയുന്ന ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കും അവിടെനിന്ന് ഇറങ്ങിപ്പോകേണ്ട സാഹചര്യമാണ്. തന്നില്‍ നിന്നു ശേഖരിക്കാനുള്ള തെളിവുകളെല്ലാം ശേഖരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാണു സജിത് ശ്യാം പറഞ്ഞത്.
എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഒന്നാം പ്രതി മധുവും സജിത് ശ്യാമുമായി പണമിടപാടുകള്‍ നടന്നിട്ടുണ്ട് എന്നും നിരന്തര ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മധുവിന്റെ സ്ഥാപനം 'സ്റ്റെമ്മ ക്ലബി'നെക്കുറിച്ച് സജിത് ശ്യാമിന് അറിയാം. ഇത് മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവക്കടത്തു നടത്തുന്നതിനു രൂപം കൊടുത്തതാണ്. ഇക്കാര്യത്തില്‍ സജിത് ശ്യാമിനു നിര്‍ണായക പങ്കുണ്ട് എന്നാണ് നിഗമനം. കേസിലെ രണ്ടാം പ്രതിയായ സാബിത് നാസറില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സജിത് ശ്യാമിനെ അറസ്റ്റ് ചെയ്തത് എന്നും പൊലീസ് പറയുന്നു. രാജ്യാന്തര മാനങ്ങളുള്ള കേസ് ഇപ്പോഴും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് നിലപാടെടുത്തു. ഇതു പരിഗണിച്ചാണു കോടതി ജാമ്യാപേക്ഷ തള്ളിയത്.