കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ പുറത്തുവരുന്നതിനിടെ താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാക്കി എക്‌സിക്യൂട്ടീവ് യോഗം മാറ്റിവയ്ക്കല്‍. ആരോപണവിധേയര്‍ക്കെതിരേ നടപടിവേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നടീനടന്മാര്‍ രംഗത്തെത്തി. ചാവ്വാഴ്ച നടത്താനിരുന്ന 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. എന്നാല്‍ ഈ മറ്റൊരു ദിവസം എന്നാണെന്ന് ആര്‍ക്കും അറിയില്ല. സിദ്ദിഖ് ഔദ്യോഗിക പദവി രാജിവച്ചതിനാല്‍ ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനാണ് ജനറല്‍ സെക്രട്ടറിയുടെ ചുമതല. എന്നാല്‍ ബാബുരാജും വിവാദത്തില്‍ കുടുങ്ങി. ബാബുരാജ് രാജിവച്ചതുമില്ല.

ഇതോടെ പ്രതിഷേധം ശക്തമായി. ബാബുരാജും രാജിവയ്ക്കണമെന്നാണ് വൈസ് പ്രസിഡന്റ് ജഗദീഷിന്റെ നിലപാട്. ബാബുരാജ് രാജിവച്ചില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് ജഗദീഷ് നിലപാട് എടുത്തിട്ടുണ്ട്. അതിനിടെ, മുകേഷ്, സിദ്ധിഖ്, ബാബുരാജ്, ജയസൂര്യ എന്നിവരോട് സംഘടന വിശദീകരണംതേടുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിശദീകരണം ചോദിക്കേണ്ടത് ജനറല്‍ സെക്രട്ടറിയാണ്. ആ പദവിയില്‍ ബാബുരാജ് എങ്ങനെ തുടരുമെന്നതാണ് ഉയരുന്ന ചോദ്യം. ആരോപണ വിധേയനായ ബാബുരാജ് ഔദ്യോഗിക പദവിയി്ല്‍ തുടരുന്നതിനെ ആരും അനുകൂലിക്കുന്നുമില്ല.

മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാല്‍ എക്‌സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. കൂടാതെ, ജനറല്‍ ബോഡി യോഗം ഉടന്‍ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പരാതികള്‍ പരിഹരിക്കുന്നതില്‍ താരസംഘടനയായ 'അമ്മ'യ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നടന്‍ പൃഥ്വിരാജ് തിങ്കളാഴ്ച പറഞ്ഞിരുന്നു. സ്ഥാനങ്ങളിലിരിക്കുന്ന ആളുകള്‍ക്കെതിരേ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറിനിന്ന് അന്വേഷണം നേരിടുകയെന്നതാണ് മര്യാദയുടെ ഭാഗമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതും ബാബുരാജിനെ ലക്ഷ്യമിട്ടതാണ്.

യുവനടിയില്‍ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതോടെയുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് എത്രയും വേഗം യോഗം ചേരാനായിരുന്നു നീക്കമെങ്കിലും പലരുടെയും അസൗകര്യം കണക്കിലെടുത്ത് തീരുമാനം നീളുകയാണ്. ഇതിനിടെ സിദ്ദിഖിന് പുറമെ അമ്മയുടെ പല അംഗങ്ങള്‍ക്കും നേരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യം സംഘടനയില്‍ ആശങ്ക ഉണ്ടാക്കിയീട്ടുണ്ട്. ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ ബാബുരാജും പദവി ഒഴിയണമെന്നതാണ് ആവശ്യം. സിനിമയിലെ പല കോണുകളില്‍ നിന്നും പരസ്യമായ പ്രതികരണം വന്നിട്ടും ബാബുരാജ് വഴങ്ങുന്നില്ല.

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്ന സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മുഖംനോക്കാതെ കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണമെന്നും ആവശ്യം ശക്തമാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന വിവരങ്ങള്‍ ജനാധിപത്യ സങ്കല്‍പ്പങ്ങളേയും തൊഴിലവകാശങ്ങളേയും നിരാകരിക്കുന്നതും ഞെട്ടിക്കുന്നതുമാണ്.സെറ്റില്‍ കാരവന്‍വരെ ഉപയോഗിക്കുന്ന താരങ്ങളുള്ള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും സുരക്ഷിതമായ താമസസൗകര്യങ്ങളും നിഷേധിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും വാദം ഉയര്‍ന്നു.

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പുറത്തുപറയാന്‍ കഴിയാത്ത നിലയിലുള്ള അടിമത്തമാണ് സിനിമാ മേഖലയില്‍ ഉള്ളത്.ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാരെ ശിക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പൊതുസമൂഹം ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ അമ്മയുടെ തലപ്പത്ത് ആരോപണം നേരിടുന്നവര്‍ പാടില്ലെന്ന വാദം ശക്തമാണ്.