- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനു വിമന്‍സ് ടീമിന്റെ കോച്ചാണ്; അയാളുടെ അടുത്തു നിന്ന് പെണ്‍കുട്ടികള്‍ കരഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടെന്ന് മൊഴി; മനുഷ്യാവകാശ കമ്മീഷന് ഇടപെടുമ്പോള്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന് പരിശീലകന് മനു അസോസിയേഷന് ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു വെളിപ്പെടുത്തല്‍. അതിനിടെ പരാതിയില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന് മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. ഇതോടെ വിവാദത്തിന് പുതിയ തലമെത്തുകയാണ്. പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴികളിലാണ് കെസിഎ ആസ്ഥാനത്തെ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കെസിഎയില്‍ നിന്ന് ഒരാളുപോലും വിവരം തിരക്കിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതിനിടെ പീഡനം സ്ഥിരീകരിച്ച് മുന്‍ കളിക്കാരനും രംഗത്തു വന്നു. ഇയാള്‍ക്കെതിരെ 2022-ല്‍ ഉണ്ടായ പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അന്ന് പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പംനിന്ന ക്രിക്കറ്റ് താരം അഖിലാണ്.
'മനു വിമന്‍സ് ടീമിന്റെ കോച്ചാണ്. അയാളുടെ അടുത്തുനിന്ന് പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. വഴക്ക് പറഞ്ഞതുകൊണ്ടോ പണിഷ്മെന്റ് കിട്ടിയതുകൊണ്ടോ ആണെന്നാണ് കരുതിയത്. കോച്ച് മോശമായി പെരുമാറുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതായി ഒരുദിവസം എന്റെ സുഹൃത്താണ് വിളിച്ചുപറയുന്നത്', അഖില്‍ പറഞ്ഞു. 'ആ പെണ്‍കുട്ടിയും മറ്റൊരു പെണ്‍കുട്ടിയും എന്റെ അടുത്തുവന്ന് കാര്യം പറഞ്ഞു. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളായിരുന്നു. അവര്‍ പറയുന്നത് വീഡിയോ എടുത്ത് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൊണ്ടുപോയി. കുട്ടിയുടെ അച്ഛനും അമ്മയും തമിഴരാണ്. അവര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ട് ഞാന്‍തന്നെ പരാതി എഴുതി സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫെയറിലും കൊടുത്തത്. ഞങ്ങള്‍ എട്ട് പേര് പരാതിയില്‍ ഒപ്പിട്ടുകൊടുത്തു. ഒന്നുകൂടി ആലോചിക്ക്, ഇത് വലിയ പ്രശ്നമാകും, കൂടെനില്ക്കാന് ആരെങ്കിലുമുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. അവര്‍ ഞങ്ങളെ ചൂണ്ടിക്കാണിച്ചു. കൂടെ നില്‍ക്കാമെന്ന് ഞങ്ങള്‍ പറഞ്ഞു. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അത്.'
'ഞങ്ങള്‍ 90 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ നിന്നിട്ടുണ്ട്. എന്നാല്‍, പ്രതിയായ മനു ഒരുദിവസം പോലും അവിടെ വരുന്നതോ പോലീസ് ചോദ്യം ചെയ്യുന്നതോ ഞാന്‍ കണ്ടിട്ടില്ല. ആ കേസ് പോലും ഇന്നില്ല. അത് ഒത്തുതീര്‍പ്പാക്കിയെന്നാണ് പിന്നീട് അറിഞ്ഞത്. പോലീസുകാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു. അതുകൊണ്ട് ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മെയില്‍ അയച്ചിരുന്നു. അത് ഫോര്‍വേഡ് ചെയ്തുവെന്ന മറുപടി എനിക്ക് കിട്ടി. 'നീ സി.എമ്മിനൊക്കെ മെയില്‍ അയക്കാറായോഡേ' എന്നാണ് അവരെന്നോട് ചോദിച്ചത്. പണത്തിന് മുകളില്‍ ഒന്നും പറക്കില്ല എന്ന് പറയുന്ന പോലെയായിരുന്നു കാര്യങ്ങള്‍', അഖില്‍ തുടര്‍ന്നു. ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മനു റിമാന്‍ഡിലാണ്. ആറു പോക്സോ കേസുകളാണ് പൊലീസ് റസിറ്റര്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന് ഇടപെടലും.
ക്രിക്കറ്റ് ടൂര്ണമെന്റുകള്ക്കു പോകുമ്പോള്‍ മാത്രമല്ല കെസിഎ ആസ്ഥാനത്തും മനു കുട്ടികളെ ചൂഷണം ചെയ്തുവെന്ന് മൊഴികളിലൂടെ വെളിപ്പെടുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. ഇതെല്ലാം മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കും. പരിശീലനത്തിനിടെ മകളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചുവെന്ന് ഇരകളില്‍ ഒരാളുടെ പിതാവ് പരാതി ഉന്നയിച്ചു. കെസിഎയിലെ നെറ്റ്സ് പ്രാക്ടീസിനിടെ പരുക്കു പറ്റിയപ്പോഴും അതിക്രമം തുടര്‍ന്നു. മനുവിനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും കെസിഎയില്‍ നിന്ന് ഒരാള്‍ പോലും കാര്യങ്ങള്‍ വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം ആരോപിച്ചു.
മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെ. സി എ വിശദീകരിക്കണം. പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെ.സി എ യില്‍ കോച്ചാണ് . തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചൈന്നാണ് പരാതി. കുട്ടികളുടെ നഗ്ന ചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലാണ്.
എന്നാല്‍ ഇതൊന്നും കെ സി എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെണ്‍കുട്ടി പരാതിയുമായി വന്നതോടെ കൂടുതല്‍ കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു. ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.