- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച് ഫലസ്തീന്‍ പ്രധാനമന്ത്രിയായി; മരണം ആഘോഷിക്കുന്ന നേതാവ്! ഹമാസിന്റെ പ്രധാന ഫണ്ട് റെയ്‌സര്‍; മൊസാദ് തീര്‍ത്ത ഹനിയയുടെ കഥ
ഗാസ: "എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാള്‍ പ്രിയപ്പെട്ടതല്ല. ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് അധിനിവേശക്കാരുടെ വിശ്വാസം. അത് നടപ്പില്ല" -മൂന്നുമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടും ഒട്ടും കൂസാതെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്്മായില്‍ ഹനിയ പ്രതികരിച്ചത്. 'നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നപോലെ ഞങ്ങള്‍ മരണത്തെും സ്‌നേഹിക്കുന്നുവെന്ന' നേതാവ് കൂടിയാണ് അദ്ദേഹം. ഒടുവില്‍ മൊസാദിന്റെ ചാരകണ്ണുകളെ അതിജീവിക്കാന്‍ കഴിയാത ഹനിയ്യയും കൊല്ലപ്പെട്ടു. നിരവധി വധശ്രമങ്ങളെ അതിജീവിച്ച ഹനിയ്യ ഇറാനില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. ഖത്തറിലെ സുരക്ഷിത കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയതോടെയാണ് മൊസാദ് ഹനിയയെ വകവരുത്തിയത്.
ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടും ഭീകരനാണ് ഹനിയ. ഗസ്സയില്‍ ഈ രീതിയില്‍ മതം കലര്‍ത്തി, ചാവേറുകളെ സൃഷ്ടിക്കുകയും, ജൂതസമൂഹത്തെ മുച്ചുടും മുടിക്കുമെന്ന് പ്രതിജ്ഞയെടുത്തയാളുമാണ് ഹനിയ. കഴിഞ്ഞ സെപ്റ്റംമ്പറിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന്റെയടക്കം തലച്ചോറുകളിലൊന്നായി അവര്‍ കാണുന്നത്, ഇസ്മായില്‍ ഹനിയയെ കൂടിയാണ്.
ശതകോടീശ്വരന്‍ കൂടിയാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ഇസ്ലാമിക സംഘടന ഇപ്പോള്‍ ഹമാസാണ്. ഇസ്രയേലിന്റെ കൊടിയ ആക്രമണത്തില്‍ വിറങ്ങലിച്ച് ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകുപ്പില്ലാതെ, ഗസ്സക്കാര്‍ ദുരിത ജീവിതം നയിക്കുമ്പോള്‍, അവരുടെ മൃതദേഹങ്ങള്‍ 'വിറ്റ്' കോടീശ്വരരായ ഹമാസ് നേതാക്കള്‍ സുഖജീവിതം നയിക്കയാണെന്നാണ്, വേള്‍ഡ് ടുഡെ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹനിയക്ക് 13 മക്കളുണ്ട്. ഇവരില്‍ ഭുരിഭാഗവും ഖത്തറില്‍ സുഖജീവിതമാണ് നയിക്കുന്നത്. ഗസ്സയിലെ കുട്ടികളെ ചാവേറാക്കി മാറ്റുന്നതിലും, രക്തസാക്ഷികളുടെ കുടുംബത്തിന് പെന്‍ഷന്‍ അനുവദിക്കുകയും അടക്ക ചെയ്ത്്, ഗസ്സയിലെ 'ചാവേര്‍ വ്യവസായത്തിന്' അടിത്തറിയിട്ടത് ഹനിയയാണ്. കുട്ടികളുടെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയും, മരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ആഗോളവ്യാപകമായി വില്‍പ്പന നടത്തിയുമാണ് ഹനിയ കോടീശ്വരനായത്. ഇപ്പോള്‍ വാളെടുത്തവന്‍ വാളാല്‍ തന്നെ കൊല്ലപ്പെട്ടു.
അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച കുട്ടി
ഹനിയ പിറന്നുവീണതുതന്നെ രക്തത്തിന്റെ നടുവിലാണ്. ഈജിപ്ഷ്യന്‍ അധിനിവേശ ഗസ്സ മുനമ്പിലെ അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിലാണ് ഹനിയയുടെ ജനനം. 1948-ല്‍ ഇസ്രയേല്‍ പിറന്നുവീണപ്പോള്‍, അറബ് മണ്ണില്‍ ജൂതരാഷ്ട്രം അനുവദിക്കില്ലെന്ന് പറഞ്ഞ്, നാലുപാടുനിന്നും മുസ്ലിം രാഷ്ട്രങ്ങള്‍ ആക്രമിക്കയായിരുന്നു. ഈ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍, ഇസ്രയേലിലെ അഷ്‌കെലോണില്‍ നിന്ന് പലായനം ചെയ്യപ്പെട്ടടവരാണ് ഹനിയുടെ മതാപിതാക്കള്‍. കുട്ടിക്കാലത്തുതന്നെ തന്നെ ജൂത വിരോധവും ഇസ്രയേല്‍ വിരോധവും അയാള്‍ക്ക് ആവശ്യത്തിലേറെ കിട്ടി.
ഹനിയ, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുകയും 1987 - ല്‍ ഗസ്സയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദം നേടുകയും ചെയ്തു. പഠിക്കുമ്പോള്‍ തന്നെ അദ്ദേഹം തീവ്രവാദത്തിലേക്ക് ആകൃഷ്ടനായി. ആഗോള മുസ്ലിം തീവ്രവാദത്തിന്റെ തലതൊട്ടപ്പന്‍ എന്ന് വിളിക്കാവുന്ന ബ്രദര്‍ഹുഡിലാണ് അദ്ദേഹം ചെന്നുപെട്ടത്. 1985 മുതല്‍ 1986 വരെ അദ്ദേഹം മുസ്ലിം ബ്രദര്‍ഹുഡിനെ പ്രതിനിധീകരിക്കുന്ന വിദ്യാര്‍ത്ഥി കൗണ്‍സിലിന്റെ തലവനായിരുന്നു. ഇസ്ലാമിക് അസോസിയേഷന്‍ ഫുട്‌ബോള്‍ ടീമില്‍ മിഡ്ഫീല്‍ഡറായും അദ്ദേഹം കളിച്ചു. ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ആദ്യ ഇന്‍തിഫാദ ഗസ്സ മുനമ്പില്‍ ആരംഭിച്ച അതേ സമയത്താണ് ഹനിയ ബിരുദം നേടിയത് .
ഒന്നാം ഇന്‍തിഫാദയിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഹനിയക്ക് ഇസ്രയേല്‍ സൈനിക കോടതി തടവുശിക്ഷ വിധിച്ചു. 1989-ല്‍ മൂന്ന് വര്‍ഷം തടവിലായി.1992ല്‍ മോചിതനായതിനെത്തുടര്‍ന്ന്, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ സൈനിക അധികാരികള്‍ അദ്ദേഹത്തെ മുതിര്‍ന്ന ഹമാസ് നേതാക്കളായ അബ്ദുല്‍ അസീസ് അല്‍-റാന്റിസി , മഹ്മൂദ് സഹാര്‍ , അസീസ് ദുവൈക്ക് , മറ്റ് 400 പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം ലെബനനിലേക്ക് നാടുകടത്തി.
അവര്‍ ഒരു വര്‍ഷത്തിലേറെയായി തെക്കന്‍ ലെബനനിലെ മര്‍ജ് അല്‍-സഹോറില്‍ താമസിച്ചു. സത്യത്തില്‍ ഈ നേതാക്കളുടെ സമ്പര്‍ക്കമാണ് ഹനിയയയെ വളര്‍ത്തിയത്. മാധ്യമങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നതും, ഹമാസിന്റെ ശക്തനായ വക്താവ് ആവുന്നതും ഈ കാലത്താണ്. ഒരു വര്‍ഷത്തിനുശേഷം, ഗസ്സയിലേക്ക് മടങ്ങിയ അദ്ദേഹം ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഡീനായി നിയമിതനായി.
ഗസ്സയുടെ പ്രധാനമന്ത്രി
അന്നത്തെ ഹമാസിന്റെ ആത്മീയ നേതാവായ യാസീനുമായുള്ള ബന്ധമാണ് ഇസ്മായില്‍ ഹനിയയയെ വളര്‍ത്തിയത്. തുടര്‍ന്ന് അദ്ദേഹം ഫലസ്തീന്‍ അഥോറിറ്റിയുടെ പ്രതിനിധിയായിമായി. ഹമാസിലെ രണ്ടാമാനായി അദ്ദേഹം വളര്‍ന്നു. 2003-ല്‍ ജറുസലേമില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിന്റെ സൂത്രധാരന്‍ ഹനിയ ആണെന്ന് കരുതുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേല്‍ വ്യോമസേനയുടെ ബോംബാക്രമണത്തില്‍ ഹനിയക്ക് പരിക്കേറ്റിരുന്നു. 2005 ഡിസംബറില്‍, ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി.
2006 ഫെബ്രുവരി 16-ന് ഇസ്മായില്‍ ഹനിയ ഫലസ്തീന്‍ അതോരിറ്റിയുടെ പ്രധാനമന്ത്രിയായി. ഈ സമയത്ത് ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കി ഹനിയ കോടികളുടെ ഫണ്ട് സമാഹരിച്ചു. പക്ഷേ ആ ബന്ധം അതികകാലം നീണ്ടില്ല. മുഹമുദ് അബ്ബാസിന്റെ ഫത്ത പാര്‍ട്ടിയും ഹമാസും തെറ്റി. ഹമാസ് മുന്നോട്ടുവെച്ച കണ്ണില്‍ ചോരയില്ലാത്ത തീവ്രവാദത്തോട് ഫത്തക്ക് യോജിപ്പില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മിലായി പോരാട്ടം.
2006 ഒക്ടോബര്‍ 20-ന്, ഫത്തയും ഹമാസും തമ്മിലുള്ള വിഭാഗീയ പോരാട്ടം അവസാനിപ്പിക്കാനുള്ള ഈ കരാറിന്റെ തലേന്ന്, ഗസ്സയില്‍ ഹനിയയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. കാറിന് തീയിട്ടെങ്കിലും ഹനിയയ്ക്ക് കാര്യമായി പരിക്കേറ്റില്ല. ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫത്തയുടെ ഒരു പട്ടാളക്കാരന്റെ ബന്ധുക്കളാണ്,ഈ ആക്രമണം നടത്തിയത്.
ഫലസ്തീന്‍ അതോരിറ്റി ഗസ്സയിലേക്ക് ഹനിയ കടക്കുന്നതുപോലും നിഷേധിച്ചു. ഹനിയ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ വെടിവപ്പില്‍, ഒരു അംഗരക്ഷകന്‍ കൊല്ലപ്പെട്ടു. ഹനിയയുടെ മൂത്ത മകന് പരിക്കേല്‍ക്കുകയും ചെയ്തു. ഹനിയയെ വധിക്കാന്‍ എതിരാളിയായ ഫത്തയുടെ ശ്രമമാണെന്ന് ഹമാസ് അപലപിച്ചു. ഇത് വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും ഹമാസും ഫത്തസേനയും തമ്മിലുള്ള രൂക്ഷമായ എറ്റുമുട്ടലിന് ഇടയാക്കി. പിന്നീട് ഈജിപ്ത് ഇടപെട്ട ചര്‍ച്ചയിലാണ് ഈ ചോരക്കളി അവസാനിച്ചത്.
ഹമാസിന്റെ ഫണ്ട് റെയ്‌സര്‍
ആഗോള വ്യാപകമായി ഹമാസിന്റെ ഫണ്ട് റെയസര്‍ എന്ന രീതിയിലാണ് ഹനിയ അറിയപ്പെട്ടത്. ഇറാന്‍ പരമോന്നത നേതാവ് അലി ഖുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. 2007 ജൂണ്‍ 14 ന്, ഗസ്സ യുദ്ധത്തിനിടയില്‍ , പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഏകീകൃത ഗവണ്‍മെന്റിനെ പിരിച്ചുവിടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഹനിയയെ പുറത്താക്കി അബ്ബാസ് ഭരണം തുടര്‍ന്നു.
ഇതോടെ നാട്ടിലേക്ക് പ്രവേശനം ഇല്ലാതായ ഹനിയ, ഖത്തറിലേക്ക് കൂടുമാറി. ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ സാമ്പത്തിക കേന്ദ്രം എന്ന് അറിയപ്പെടുന്ന ഖത്തറില്‍വച്ചാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനവും. ദോഹയില്‍ ഹനിയക്ക് സ്വന്തമായി ഓഫീസുമുണ്ട്. ഇവിടെനിന്നാണ് അദ്ദേഹം ഹമാസിനുവേണ്ടി ലോകവ്യാപകമായി ഫണ്ട് പിരിക്കുന്നത്. പിന്നീട് അദ്ദേഹം ഹമാസ് പോളിറ്റ് ബ്യൂറോ തലവനായി. ഇക്കാലത്ത് ഹമാസ് നടത്തിയ മിക്ക ഓപ്പറേഷനുകളുടെയും ബുദ്ധി കേന്ദ്രം ഹനിയയായിരുന്നു. എന്നാല്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ മുഖം മൂടി എടുത്തണിയാനും അപ്പോഴും അദ്ദേഹം ശ്രദ്ധിച്ചു. 2018-ല്‍ ഹനിയയെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രത്യേകം നിയുക്ത ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ്‌ലിസ്റ്റിലെ നമ്പര്‍ വണ്‍ ആണ് ഇയാള്‍. എന്നിട്ടും ലോകം മുഴുവന്‍ യാത്ര ചെയ്യുന്നു. പല നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. മൊസാദിന്റെ ആക്രമണങ്ങളില്‍നിന്ന് ഭാഗ്യത്തിനാണ് പലപ്പോഴും ഹനിയ രക്ഷപ്പെടാറുള്ളത്. 2020 ഫെബ്രുവരിയില്‍ ഹനിയ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇങ്ങനെ പറഞ്ഞു. -" ഈ ഭീകര സംഘടനയുമായുള്ള പ്രസിഡന്റ് എര്‍ദോഗന്റെ തുടര്‍ച്ചയായ ബന്ധം തുര്‍ക്കിയെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും, ഫലസ്തീന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാക്കാനും, ഗസ്സയില്‍ നിന്ന് തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതിനുള്ള ആഗോള ശ്രമങ്ങളെ ഇല്ലാതാക്കാനും മാത്രമേ സഹായിക്കൂ"2023 ജൂലായ് 26-ന് എര്‍ദോഗനെയും ഫലസ്തീന്‍ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഹനിയ കണ്ടു. ഹമാസുമായി ഫത്തയെ അനുരഞ്ജിപ്പിക്കാനുള്ള തുര്‍ക്കിയുടെ ശ്രമമായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നില്‍. പക്ഷേ അതും പൂര്‍ണ്ണമായി നടന്നില്ല.
പക്ഷേ മൊസാദിന്റെ അതിശക്തമായ ചാരവലയം ഭേദിച്ച് ഇസ്മായില്‍ ഹനിയ ജീവിച്ചിരിക്കുന്നു എന്നത് തന്നെ വലിയ ഒരു അത്ഭുതമാണ്. അതിന് അയാളെ സഹായിക്കുന്നത്, ഇറാനും, തുര്‍ക്കിയും, ഖത്തറും തന്നെയാണ്. ഇറാനിലെ പ്രത്യേക പരിശീലനം കിട്ടിയ ഗാര്‍ഡുകളാണ് ഹനിയയുടെ സുരക്ഷ നോക്കുന്നത്. യാത്ര ചെയ്യാന്‍ സ്വകാര്യ ജെറ്റ് വിമാനവും ഉണ്ട്. ആ രീതിയില്‍ നോക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച തീവ്രവാദി നേതാവാണ് ഹനിയ.
അണുവിടമാറാത്ത ഇസ്ലാമിസ്റ്റ്
നന്നായി സംസാരിക്കാന്‍ കഴിയുന്ന ഹനിയ ഗസ്സയിലെ ഏറ്റവും ജനപ്രിയ മുഖം കൂടിയാണ്. കഴിഞ്ഞ വര്‍ഷം ഫലസ്തീനില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍, ഫലസ്തീന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയത് ഹനിയക്കാണ്. 78 ശതമാനം. നിലവിലെ പ്രസിഡന്റ് മുഹമൂദ് അബ്ബാസിന് വെറും 16 ശതമാനമാണ് വോട്ട് കിട്ടിയത്. അണുവിട മാറാന്‍ കൂട്ടാക്കാത്ത കടുത്ത ഇസ്ലാമിസ്റ്റ് എന്ന നിലപാടാണ് അദ്ദേഹത്തിന് മുസ്ലീങ്ങള്‍ക്കിടയില്‍ ജനപ്രീതി വര്‍ധിപ്പിച്ചതും.
2006-ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമനെപ്പോലും ഹനിയ തുറന്ന് എതിര്‍ത്ത് രംഗത്ത് എത്തിയിരുന്നു. പോപ്പ് ഇസ്ലാമിക തീവ്രവാദത്തെ വിമര്‍ശിച്ചതാണ് ഹനിയയെ ചൊടിപ്പിച്ചത്. "ഫലസ്തീന്‍ ജനതയുടെ പേരില്‍, ഇസ്ലാമിനെക്കുറിച്ചുള്ള മാര്‍പ്പാപ്പയുടെ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഈ പരാമര്‍ശങ്ങള്‍ സത്യത്തിന് വിരുദ്ധവും നമ്മുടെ വിശ്വാസത്തിന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നതുമാണ്".- ഹനിയ പറഞ്ഞു.
2011 മെയ് 2 ന്, ഒസാമ ബിന്‍ ലാദന്‍ വധമുണ്ടായപ്പോഴും ഇസ്ലാമിക ലോകം രണ്ടുചേരിയായിരുന്നു. കൊലപാതകത്തെ ഹമാസിന്റെ എതിരാളിയായ ഫത്ത പാര്‍ട്ടി അനുകൂലിക്കയാണ് ചെയ്തത്. തീവ്രവാദം അവസാനിപ്പിക്കാനുള്ള ശ്രമമായാണ് അവര്‍ അതിനെ കണ്ടത്. എന്നാല്‍ ഹമാസും, ഹനിയയും ലാദനെ തീവ്രമായി ന്യായീകരിച്ച് രംഗത്തെത്തി. 'അമേരിക്കന്‍ അടിച്ചമര്‍ത്തലിന്റെയും രക്തച്ചൊരിച്ചിലിന്റെയും തുടര്‍ച്ച' ന്നാണ് ബിന്‍ ലാദന്റെ കൊലപാതകത്തെ ഹനിയ അപലപിച്ചത്. തുടര്‍ന്നും അദ്ദേഹം ലാദനെ അനുകൂലിക്കുന്ന നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
2023 ഒക്ടോബര്‍ 7 ന്, ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടന്ന ദിവസം , ഹനിയ തുര്‍ക്കിയിലെ ഇസ്താംബൂളിലായിരുന്നു. ആ ആക്രമണത്തെയും അദ്ദേഹം ന്യായീകരിച്ചു. ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ ഹനിയ അല്‍-അഖ്‌സ മസ്ജിദിന് നേരെയുള്ള ഭീഷണികളും, ഗസ്സയിലെ ഇസ്രയേല്‍ ഉപരോധവും ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദുരവസ്ഥയും ഉദ്ധരിച്ചാണ് ഇതിനെ പ്രതിരോധമാക്കി വെളുപ്പിച്ചത്. 'ഇവിടെ ഫലസ്തീന്‍ ജനത താമസിക്കുന്നുണ്ടെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് എത്ര തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 75 വര്‍ഷമായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിന്നുവരുണ്ട്. ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു? ഞങ്ങനെ നിരന്തരം പീഡിപ്പിച്ചാല്‍ അതിനുള്ള തിരിച്ചടി കിട്ടില്ലെന്നാണോ, നിങ്ങള്‍ കരുതിയത്്"- ഇങ്ങനെപോയി അദ്ദേഹത്തിന്റെ പ്രസംഗം.
പക്ഷേ ഒക്ടോബര്‍ 7ന്റെ ആക്രമണത്തിനുശേഷം, ഇസ്രയേല്‍ വലിയ രീതിയില്‍ തിരിച്ചടി തുടങ്ങി. അപ്പോഴാവട്ടെ പതിവ് രീതിയില്‍ ഇരവാദവും നിലവിളിയും ഹനിയ ഉയര്‍ത്തി. ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ലോക വ്യാപകമായി ഉയര്‍ത്തിക്കാട്ടി ഇസ്രയേലിനെ പ്രതിരോധത്തിലാക്കി.
'ശവം വിറ്റ്' അവര്‍ കോടീശ്വരര്‍
അനുകൂലിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ എങ്ങനെയൊക്കെ പൊക്കിയടിച്ചാലും, ഒരു രീതിയിലും ഇസ്രയേലുമായി യാതൊരു അനുരഞ്ജനവും പാടില്ല എന്ന് പറഞ്ഞ് ഗസ്സയിലെ അടക്കം മുസ്ലീങ്ങളുടെ ജീവിതം നശിപ്പിച്ച വില്ലനായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഹനിയയയെ കാണുന്നത്. നിഷ്പക്ഷമായി അയാളുടെ ചരിത്രം പഠിച്ചാല്‍ അത് ശരിയാണെന്ന് കാണാം. ഹമാസിനെ ഭീകര സംഘടനയാണെന്ന് വിളിക്കാത്ത, ബിബിസി പോലും, നേതാക്കള്‍ കോടീശ്വരന്മാര്‍ ആവുകയും ഗസ്സക്കാര്‍ പട്ടിണി കിടക്കുകയും ചെയ്യുന്ന അവസ്ഥ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹനിയ അടക്കമുള്ള ഹമാസിന്റെ ഉന്നത നേതാക്കള്‍ കോടിക്കണക്കിന് ഡോളര്‍ ആസ്തിയുള്ളവരാണ്. നാഷണല്‍ പോസ്റ്റ് എന്ന വിഖ്യാത പോര്‍ട്ടല്‍ പറയുന്നത്, ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ അബു മര്‍സൂക്കിന്റെ ആസ്തി 3 ബില്യണ്‍ ഡോളറും, മുതിര്‍ന്ന നേതാക്കളായ ഖാലിദ് മഷാലിന്റെയും, ഇസ്മായില്‍ ഹനിയുടെയും ആസ്തി 4 ബില്യണ്‍ ഡോളറുമാണെന്നാണ്. ഇതെല്ലാം അവര്‍ ഗസ്സക്കാരുടെ മൃതദേഹങ്ങള്‍ വെച്ച് അന്താരാഷ്ട്ര മുസ്ലിം സമുഹത്തില്‍ നിന്ന് സംഭാവനകളിലുടെ ആര്‍ജിച്ചതാണ്. ഗസ്സക്കുവേണ്ടി കൊടുക്കുന്ന പണം പോകുന്നത്, നേതാക്കളുടെ പോക്കറ്റിലേക്കാണ്. മക്കളെ വ്യാജപേരുകളില്‍ ഇന്റനാഷണല്‍ സ്‌കൂളുകളില്‍ വരെ ചേര്‍ത്ത് പഠിപ്പിക്കുന്ന ഇവര്‍ ഖത്തറില്‍ സുഖ ജീവിതം നയിക്കയാണ്.
അവര്‍ സമ്പന്നരാകുന്നത് എങ്ങനെയെന്ന് വേള്‍ഡ് ടുഡെ ന്യൂസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഒന്ന് ലോകവ്യാപകമായി ഗസ്സക്ക് വേണ്ടി നടക്കുന്ന പരിവ് തന്നെ. രണ്ട്, തുരങ്കം വഴിയാണ് പലപ്പോഴും ഗസ്സയിലേക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നും വരുന്നത്. അതിര്‍ത്തി അടയ്ക്കപ്പെട്ടപ്പോള്‍ രഹസ്യമായി പ്രവര്‍ത്തിച്ച ഭൂഗര്‍ഭ തുരങ്കങ്ങളായിരുന്നു ഗസ്സ നിവാസികളെ ഊട്ടിയത്. ഇതോടൊപ്പം പിന്നീട് മരുന്ന്, ഇലക്ട്രോണിക്സ്, നിര്‍മ്മാണസാമഗ്രികള്‍ തുടങ്ങിയവും തരുങ്കങ്ങളിലൂടെയെത്തി. ഒരു കള്ളക്കടത്തുശൃംഖല പോലെ തുരങ്കവ്യാപാരം ശക്തി പ്രാപിക്കുകയും ചെയ്തു. ചരക്കുകള്‍ക്കുപുറമെ, ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍നിന്ന് റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും തുരങ്കങ്ങള്‍ വഴിയെത്തി. ഇസ്രായലിന്റെ ഞെട്ടിച്ച ഒക്ടോബര്‍ ആക്രമണത്തിന് വഴിയിട്ടതും തുരങ്കങ്ങളിലൂടെ എത്തിയ ആധുധങ്ങളാണ്.
ഈ കടത്തുന്ന സാധനങ്ങള്‍ക്ക് ചുമത്തിയ വന്‍ നികുതിയും ഹമാസിന് നല്ല വരുമാനമാണ്. ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഖത്തര്‍ വഴി കൊണ്ടുവരുന്ന എല്ലാ കള്ളക്കടത്ത് സാധനങ്ങള്‍ക്കും 20 ശതമാനം നികുതിയാണ്. ചില സമയത്ത് നിരക്ക് അതിലും കൂട്ടും. ഇതുവഴി കോടികളാണ് ഹമാസിന് കിട്ടുന്നത്. ഈ നികുതി ഭാരവും കിടക്കുന്നത് ഗസ്സയിലെ സാധാരക്കാരായ ജനങ്ങളുടെ തലയിലാണ്.
കിണര്‍, ജലശുദ്ധീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളേക്കാള്‍ തുരങ്ക നിര്‍മ്മാണത്തിനാണ് ഹമാസ് ഫണ്ട് ഉപയോഗിക്കുന്നത്, ഗസ്സയിലെ ബാല്യകാല മരണങ്ങളില്‍ 12 ശതമാനവും മലിനജലം മൂലമാണ്. ഇത് പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇവിടുത്തെ ഭരണകക്ഷികൂടിയായ, ഹമാസ് ചെയ്യുന്നില്ല. ഈജിപ്തിലെ ബാങ്കുകളും അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളും ഹമാസ് നേതാക്കള്‍ക്ക് നിക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ഗസ്സയില്‍ അടിസ്ഥാന വികസനം കൊണ്ടുവന്നില്ലെങ്കിലും ചാവേറുകളുടെ കുടുംബത്തിന് പെന്‍ഷന്‍ കൊടുത്ത്, ഭീകരവാദത്തെ എപ്പോഴും ലൈവായി നിര്‍ത്താന്‍ ഹമാസ് ശ്രമിക്കുന്നുണ്ട്. ഹമാസില്‍ മൂന്ന് വര്‍ഷം വരെ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പ്രതിമാസം 400 ഡോളര്‍ മുതല്‍ പെന്‍ഷനുണ്ട്. 30 വയസ്സ് വരെ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പ്രതിമാസം 3,400 വരെ ഡോളര്‍ വരെയും. ചവേറായി പൊട്ടിത്തെറിച്ചവരുടെ കുടുംബത്തിനും വലിയ തുക പെന്‍ഷന്‍ കൊടുക്കുന്നൂണ്ട്. 60 ശതമാനം ഫലസ്തീനികള്‍ പ്രതിമാസം 60 ഡോളര്‍ എന്ന അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം. അതിനാല്‍ തന്നെ ചാവേറാവുന്നതുമൂലം വ്യക്തിക്ക് മതസ്വര്‍ഗം കിട്ടുമെന്ന ആശ്വാസത്തിന് ഒപ്പം, കുടുംബത്തിന് ജീവിക്കാനുള്ള വരുമാനവും കിട്ടും. ഇതും ഹനിയയുടെ ബുദ്ധിയാണെന്നാണ് പറയുന്നത്.
ലക്ഷ്യം ഇസ്ലാമിക രാഷ്ട്രം
ഖത്തര്‍, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ വന്‍ പിന്തുണ ഹമാസിനുണ്ട്. ഇതുവഴി ഹനിയയാണ് കോടികളുടെ ഫണ്ട് സമാഹരിച്ചത്. കേരളത്തില്‍ നിന്നു വരെ ഹമാസിന് ഫണ്ട് എത്തുന്നുണ്ട്. ഗസ്സയില്‍ തന്റെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ദോഹയ്ക്കും ഇസ്താംബൂളിനും ഇടയില്‍ ആഡംബര ജീവിതം നയിക്കുന്ന ഇസ്മായില്‍ ഹനിയയെക്കുറിച്ച് നേരത്തെ വാര്‍ത്ത വന്നിട്ടുണ്ട്. ഹനിയിക്ക് ഗസ്സയിലെ ആളുകള്‍ മരിക്കുന്നത് ഒന്നും ഒരു പ്രശ്‌നവുമല്ല. സൈനിക നടപടി ഒഴിവാക്കാന്‍ ജനം തെക്കോട്ട് നീങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍, ഹനിയ ഇതിനെയും വിമര്‍ശിച്ചു. 'ഗസ്സയില്‍ നിന്ന് പലായനം ചെയ്യരുത്, ആരും ഈജിപ്ത് അതിര്‍ത്തി കടക്കരുത്.- ഇതു പറയുമ്പോള്‍ ഖത്തര്‍ പണം നല്‍കുന്ന ദോഹയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ താമസിക്കുകയായിരുന്നു ഹനിയ. അയാള്‍ക്ക് ഒന്നും സംഭവിക്കാനില്ല. പക്ഷേ അയാളുടെ വാക്കുകള്‍ കേട്ട് ഗസ്സയില്‍നിന്ന് മാറാതെ നിന്ന നിരവധി പേര്‍ മരിക്കയും ചെയ്തു!
ഇതുതന്നെയാണ് ഹമാസ് എക്കാലവും പിന്തുടരുന്ന അടവ്. അങ്ങോട്ട് ആക്രമിച്ച് പ്രകോപിപ്പിക്കുക. ഇസ്രയേല്‍ തിരിച്ചടിക്കുമ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കുക. എന്നിട്ട് കുട്ടികളുടെയും മറ്റും മൃതദേഹത്തിന്റെ പടം, ഉപയോഗിച്ച് ആഗോള വ്യാപകമായി പരിവ് നടത്തുക. അതിലെ ഒരു ചെറിയ ഭാഗം മാത്രം ഗസ്സക്കാര്‍ക്ക് കൊടുത്ത്, ബാക്കി സ്വകാര്യ സ്വത്താക്കി മാറ്റുക. ഇതുകൊണ്ടുതന്നെയാണ്, ഹമാസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവര്‍ പറയുന്നത് ഗസ്സയുടെ എറ്റവും വലിയ ശാപം ഹമാസ് തന്നെയാണെന്ന്. റോക്കറ്റ് ഉണ്ടാക്കാന്‍ പോലും ഈ പണം ഹമാസ് നല്‍കിയിരുന്നില്ല. ഒരുകാലത്ത് ഇസ്രയേല്‍ നല്‍കിയ കുടിവെള്ള പൈപ്പ് മുറിച്ചെടുത്ത്, കൃഷിക്ക് വേണ്ടി നല്‍കിയ യൂറിയയും ചേര്‍ത്താണ് ഹമാസിന്റെ പ്രാദേശിക നേതാക്കള്‍ റോക്കറ്റ് ഉണ്ടാക്കിയിരുന്നത്! എന്നാല്‍ ഹമാസ് നേതാക്കള്‍ എല്ലാവിധ സൗകര്യങ്ങളുമായി ജീവിക്കയും ചെയ്യുന്നു.
ഹനിയയ്ക്ക് വിവാഹിതയും 13 കുട്ടികളുമുണ്ട്. ഗസ്സയിലും ഹനിയക്ക് വലിയ സ്വത്തുക്കളുണ്ട്. മരുമകനാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. നേരത്തെ ഹനിയുടെ മൂത്തമകനെ ഈജിപ്ഷ്യന്‍ അധികാരികള്‍ റാഫ അതിര്‍ത്തിയില്‍വെച്ച് നിരവധി ദശലക്ഷം ഡോളറുമായി അറസ്റ്റ് ചെയ്തു, അത് ഗസ്സയിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നു.കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഹനിയക്കില്ല. ഹനിയേയുടെ സഹോദരിമാരായ ഖൊലിദിയ, ലൈല, സബ എന്നിവര്‍ ഇസ്രയേല്‍ പൗരന്മാരാണ്. അവര്‍ ഹനിയയെ തള്ളിപ്പറഞ്ഞിരുന്നു.
ഹമാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഷേക്ക് ഹസന്‍ യൂസഫിന്റെ മകനും, ഇന്ന് ലോകത്തില്‍ ഹമാസിന്റെ ഏറ്റവും വലിയ വിമര്‍ശകനായി അറിയപ്പെടുന്ന മൊസാബ് ഹസന്‍ യൂസഫ് ഇങ്ങനെ പറയുന്നു. 'ഗസ്സയിലെ മദ്രസകളിലുടെ ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സിലേക്ക് ശക്തമായ ഇസ്രയേല്‍ വിരോധം അടിച്ചേല്‍പ്പിക്കയാണ് ഹമാസ് ചെയ്യുന്നത്. അങ്ങനെ കൗമാരം ആവുമ്പോഴേക്കും അവര്‍ക്ക് ചാവേര്‍ ബോംബ് ആവാനുള്ള മാനസികാവസ്ഥയുണ്ടാവും. ഹമാസിന്റെ അവസാന ലക്ഷ്യസ്ഥാനം ഇസ്ലാമിക ഖിലാഫത്ത് നിര്‍മ്മിക്കുക എന്നതാണ്, അതായത് മറ്റെല്ലാ നാഗരികതയുടെയും അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഒരു ഇസ്ലാമിക രാഷ്ട്രം. ഇതാണ് പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം. അല്ലാതെ ഫലസ്തീന്റെ മോചനമോ, ഇസ്രയേലിന്റെ നാശമോ അല്ല". ഈ വാക്കുകള്‍ ശരിയാണെന്നതിന് നല്ല ഉദാഹരണമാണ് ഇസ്മായില്‍ ഹനിയയുടെ ജീവിതം. മക്കള്‍ മരിച്ചാലും, കൊച്ചുകുട്ടികള്‍ കൊല്ലപ്പെട്ടാലുമൊന്ന് അയാള്‍ക്ക് പ്രശ്‌നമല്ല. ജിഹാദ് മാത്രാണ് പ്രശ്‌നം!
ഒടുവില്‍ മൊസാദിനാല്‍ മരണം
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഹനിയ്യ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനു പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു. ഖത്തറില്‍ താമസിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊലപാതകം ഭീരുത്വം നിറഞ്ഞതാണെന്നും വെറുതെയാവില്ലെന്നും ഹമാസ് പ്രതിനിധി മൂസ അബു മര്‍സൂക് പ്രതികരിച്ചു.