തിരുവനന്തപുരം: പ്രമുഖ നടനെതിരെ വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദ്ധയും അധ്യാപികയുമായ മേരി ജോര്‍ജ് ഉന്നയിക്കുന്നത് ഗുരതര ആരോപണം. നിലവിലും സിനിമയിലുള്ള നടനെതിരെയാണ് ആരോപണം. കാലങ്ങളായി പെണ്‍ചൂഷണം സിനിമയിലുണ്ടെന്നതിന് തെളിവ് കൂടിയാണ് മേരി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. സ്വാധീനമുണ്ടെങ്കില്‍ എന്തുമാകാമെന്ന് കൂടിയാണ് മേരി ജോര്‍ജിന്റെ വാക്കുകളിലുള്ളത്.

1980 -കളില്‍ തിരുവനന്തപുരം വിമന്‍സ് കോളേജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥിനികളെ സിനിമയിലെ വേഷത്തിന് പ്രലോഭിപ്പിച്ച് കൊണ്ടുപോകുമായിരുന്നുവെന്നും അന്ന് യുവതികളെ കാറില്‍ കൊണ്ടുപോയിരുന്ന നടന് സര്‍ക്കാരില്‍ ഉന്നത ബന്ധം ഉണ്ടായിരുന്നതായും മേരി ജോര്‍ജ് വെളിപ്പെടുത്തി. ഇന്നും അയാള്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായി നില്‍ക്കുന്നുണ്ടെന്നും മേരി ജോര്‍ജ് വ്യക്തമാക്കി.

ഇക്കാര്യം തന്റെ സഹഅധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഈ അടുത്തകാലത്ത് അവര്‍ ഇക്കാര്യം തന്നോട് വെളിപ്പെടുത്തുകയായിരുന്നുവെന്നും മേരി ജോര്‍ജ് പറഞ്ഞു. അന്ന് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കില്‍ താന്‍ ഇടപെട്ടേനെയെന്നും അവര്‍ വ്യക്തമാക്കി. എല്ലാ ദിവസവും വില കൂടിയ കാറ് വന്ന് കോളേജിന്റെ ഗെയിറ്റിന്റെ പുറത്തുനില്‍ക്കുകയും ചില പെണ്‍കുട്ടികള്‍ ആ വണ്ടിയില്‍ കയറി പോകുകയും ചെയ്യുമായിരുന്നുവെന്നാണ് ആരോപണം. നടന്റെ പേര് മേരി ജോര്‍ജ് പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

വിദ്യാര്‍ത്ഥികള്‍ പറഞ്ഞാണ് അധ്യാപകര്‍ ഇക്കാര്യം അറിയുന്നത്. ഇതോടെ അധ്യാപകര്‍ ഇത് നിരീക്ഷിക്കാന്‍ തുടങ്ങി. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട അധ്യാപകര്‍ ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പലും ഇക്കാര്യം നിരീക്ഷിച്ച് ഏതൊക്കെ പെണ്‍കുട്ടികളാണ് പോകുന്നതെന്നും ആരാണ് കൊണ്ടുപോകുന്നതുമെന്നുള്ള കാര്യങ്ങള്‍ മനസിലാക്കി. എന്നാല്‍ പ്രിന്‍സിപ്പലിന് സംഭവത്തില്‍ ഇടപെടാനായില്ല.

പ്രതികരിക്കാന്‍ നോക്കിയെങ്കിലും പ്രയോജനമില്ലെന്ന് മനസിലായെന്നും അതുകൊണ്ട് വിഷയത്തില്‍ ഇടപെടേണ്ടെന്നുമാണ് അവര്‍ അന്ന് സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഇടപെട്ടാല്‍ ജീവിതം ഭീഷണിയിലാകുമെന്ന ആശങ്ക അധ്യാപകര്‍ക്കുണ്ടായിരുന്നുവെന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. ഇപ്പോഴും സിനിമയിലുള്ള പ്രമുഖനെതിരെയാണ് മേരി ജോര്‍ജിന്റെ ആരോപണം.