ഗുവാഹത്തി: പ്രളയത്തില്‍ മുങ്ങിയ അസമിലെ ഗുവാഹത്തിയില്‍ ഓടയില്‍ വീണു കാണാതായ എട്ടു വയസുകാരനായി മൂന്നു ദിനവും തിരച്ചില്‍ തുടര്‍ന്ന് പിതാവ് ഹിരാലാലും ബന്ധുക്കളും. ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും നീക്കി തന്റെ മകനെ തിരയാന്‍ ഹീരാലാലിന്റെ പക്കലുള്ളത് ഒരു ഇരുമ്പുദണ്ഡ് മാത്രമാണ്. പകല്‍ മുഴുവന്‍ തിരഞ്ഞ് രാത്രി കടവരാന്തയിലിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു ഹിരാലാല്‍.

വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള യാത്രയില്‍ അഭിനാഷ് പിതാവിന്റെ സ്‌കൂട്ടറില്‍ നിന്ന് തെന്നി ഓടയില്‍ വീഴുകയായിരുന്നു. മകന്റെ കൈകള്‍ അഴുക്കുചാലില്‍ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് ഹീരാലാല്‍ പറഞ്ഞു.

ഹീരാലാലും മകന്‍ അഭിനാഷും വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് സ്‌കൂട്ടറില്‍ തിരിച്ചുപോകുമ്പോഴാണ് കനത്ത മഴയ്ക്കിടെ വെള്ളംനിറഞ്ഞു കവിഞ്ഞൊഴുകുന്ന ഓടയിലേക്ക് അഭിനാഷ് വീണത്. മകന്റെ കൈ ഉയര്‍ന്നു നില്‍ക്കുന്നതു കണ്ട് ഹീരാലാല്‍ ഓടയിലേക്ക് എടുത്തുചാടിയെങ്കിലും എത്തിപ്പിടിക്കാനായില്ല. മൂന്നു ദിവസത്തെ തിരച്ചിലിനിടെ അഭിനാഷിന്റെ ഒരു ചെരിപ്പ് മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

"ഈ ഇരുമ്പുദണ്ഡ് കൊണ്ട് ഞാനെന്റെ മകന്റെ ചെരിപ്പ് കണ്ടെത്തി. പക്ഷേ ഇതുകൊണ്ട് അവനെ കണ്ടെത്താനാവില്ല. സര്‍ക്കാരിന്റെ പക്കല്‍ അതിനുള്ള സംവിധാനങ്ങളുണ്ട്. അവര്‍ എന്റെ മകനെ കണ്ടെത്തി നല്‍കണം' ഹീരാലാല്‍ ആവശ്യപ്പെടുന്നു.

വിവിധ ദുരന്ത നിവാരണ ഏജന്‍സികളുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. സ്നിഫര്‍ ഡോഗ്സ്, സൂപ്പര്‍ സക്കറുകള്‍, എക്സ്‌കവേറ്റര്‍ സന്നാഹങ്ങള്‍ തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അപകടസ്ഥലം സന്ദര്‍ശിക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അഭിനാഷിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് നായ്ക്കളെയും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. മൂന്നു ദിവസത്തിനുശേഷവും മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഹീരാലാല്‍.

അസമില്‍ ഉണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 58 ജീവനുകളാണ് പൊലിഞ്ഞത്. 23 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. കച്ചാര്‍, കാംരൂപ്, ധുബ്രി, നാഗോണ്‍, ഗോള്‍പാറ, ബാര്‍പേട്ട, ദിബ്രുഗഡ്, ബൊംഗൈഗാവ്, ലഖിംപൂര്‍, ജോര്‍ഹട്ട്, കൊക്രജാര്‍, കരിംഗഞ്ച്, ടിന്‍സുകിയ തുടങ്ങിയ ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

വെള്ളപ്പൊക്കത്തില്‍ കാസിരംഗ ദേശീയ ഉദ്യാനത്തിലെ 114 വന്യമൃഗങ്ങള്‍ ചത്തു. ശനിയാഴ്ച വരെ 95 മൃഗങ്ങളെ രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നാല് കാണ്ടാമൃഗങ്ങളും 94 മാനുകളും മുങ്ങിച്ചത്തു. 11 മൃഗങ്ങള്‍ ചികിത്സയ്ക്കിടെയാണ് ചത്തത്. നിലവില്‍, 34 മൃഗങ്ങള്‍ ചികിത്സയിലുള്ളതായും ഉദ്യോ?ഗസ്ഥന്‍ വ്യക്തമാക്കി.