- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ ഗാന്ധി 100 വീട്; നാഷണല്‍ സര്‍വ്വീസ് സ്‌കീം 150 വീട്; കര്‍ണ്ണാടക സര്‍ക്കാര്‍ വക 100 വീടും; പുനരധിവാസത്തിന് കേരളത്തിന് സഹായ പ്രവാഹം
തിരുവനന്തപുരം: ഉരുള്‍ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസത്തിന് സഹായം പ്രവഹിക്കുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തതായി സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അറിയിച്ചിരുന്നു. ഇതില്‍ സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉള്‍പ്പെടും. ഇതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ വാഗ്ദാനംചെയ്തു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നാഷണല്‍ സര്‍വീസ് സ്‌കീം 150 ഭവനങ്ങള്‍ അല്ലെങ്കില്‍ അത് തുല്യമായ തുക നല്‍കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിക്കും. ഫ്രൂട്സ് വാലി ഫാര്‍വേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ വീടു നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തു. കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകളും കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയില്‍ അഞ്ച് സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തു. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കും. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ്ബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. അത് വര്‍ധിച്ചേക്കാം എന്നും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പുറത്തിറക്കിയ ക്യൂ.ആര്‍ കോഡിന്റെ ദുരുപയോഗ സാധ്യത ശ്രദ്ധയില്‍പ്പെട്ടു. നിലവിലെ ക്യൂ.ആര്‍. കോഡ് പിന്‍വലിക്കും. പകരം യു.പി.ഐ. ഐഡി വഴി ഗൂഗിള്‍പേയില്‍ സംഭാവന നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വീടും സ്ഥലവുമടക്കമുള്ള സഹായവാഗ്ദാനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍ വയനാട് കളക്ടറും നിലവില്‍ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുമായ ഗീത ഐ.എ.എസിന്റെ കീഴില്‍ ഹെല്‍പ് ഫോര്‍ വയനാട് സെല്‍ രൂപവത്കരിക്കും. ആശയവിനിമയത്തിന് പ്രത്യേക ഇ- മെയില്‍ ഐ.ഡിയും കോള്‍ സെന്ററും തയ്യാറാക്കി. മൂന്ന് ഫോണ്‍ നമ്പറുകളും ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേയ്‌ക്കെത്തിയിരിക്കുകയാണ്. പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേയ്‌ക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്. നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിടുകയാണ്.
ഇതുവരെ ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികള്‍. ഇതില്‍ 148 മൃതശരീരങ്ങള്‍ കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ തുടരുന്നു. 34 സ്ത്രീകളും 36 പുരുഷന്മാരും 11 കുട്ടികളും. ആകെ 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റി. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേര്‍ താമസിക്കുന്നു. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേര്‍ താമസിക്കുന്നു.
ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ മാത്രം 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് രാവിലെ ഏഴ് മണി മുതല്‍ തെരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സില്‍ നിന്നും 460 പേര്‍, ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) 120 അംഗങ്ങള്‍, വനം വകുപ്പില്‍ നിന്നും 56 പേര്‍, പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് 64 പേര്‍, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് , നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്നായി 640 പേര്‍, തമിഴ്‌നാട് ഫയര്‍ഫോഴ്‌സില്‍ നിന്നും 44 പേര്‍, കേരള പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നും 15 പേര്‍ എന്നിങ്ങനെ ആകെ 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടരുന്നത്.
കേരള പോലീസിന്റെ കെ.9 സ്‌ക്വാഡില്‍ പെട്ട മൂന്ന് നായകളും കരസേനയുടെ കെ . 9 സ്‌ക്വാഡില്‍ പെട്ട മൂന്നു നായകളും ദൗത്യത്തില്‍ ഉണ്ട്. തമിഴ്‌നാട് മെഡിക്കല്‍ ടീമില്‍ നിന്നുള്ള 7 പേരും സന്നദ്ധരായി രക്ഷാദൗത്യത്തില്‍ ഉണ്ട്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നിങ്ങനെ സോണുകളില്‍ നടത്തിയ തിരച്ചില്‍ ഇന്നലെ 11 മൃതദേഹങ്ങള്‍ കണ്ടെത്താനായി.
തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവന്റ അംശം ഉണ്ടെങ്കില്‍ കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നു. 16 അടി താഴ്ച വരെയുള്ള ജീവന്റ അനക്കം കണ്ടെത്താന്‍ ഈ ഉപകരണത്തിന് കഴിയും. കൂടാതെ മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ഉടനെ എത്തും. പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരുംചേര്‍ന്ന് ചാലിയാര്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ തുടരും.
കേരള ജനതയൊന്നാകെ വയനാടിനെ കൈപിടിച്ചുയര്‍ത്താനായി ഒരുമിച്ചു നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സൈന്യവും ഫയര്‍ ഫോഴ്‌സും പോലീസും ഉള്‍പ്പെടെയുള്ള രക്ഷാസേനാംഗങ്ങള്‍; ആരോഗ്യപ്രവര്‍ത്തകര്‍; കെ.എസ്.ഇ.ബി - വനം - റവന്യൂ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍, എല്ലാ പിന്തുണയും നല്‍കുന്ന തദ്ദേശവാസികള്‍; തങ്ങളാല്‍ കഴിയുന്ന ഏതു സഹായത്തിനും സജ്ജരായ എണ്ണമറ്റ സഹോദരങ്ങള്‍ എല്ലാവരും ചേര്‍ന്ന് സഹായഹസ്തം നീട്ടുന്നു. ?മനുഷ്യരാണ് നാമേവരും' എന്ന സാഹോദര്യത്തിന്റെയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തില്‍ മുഴങ്ങുന്നത്.
അട്ടമലയിലെ ഉള്‍വനത്തില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോത്രവിഭാഗത്തിലെ നാല് കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ 6 അംഗ കുടുംബത്തെ കഴിഞ്ഞ ദിവസം സാഹസികമായാണ് രക്ഷപ്പെടുത്തിയത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തുകയാണ്.
വയനാട്ടിലെ ചൂരല്‍മലയില്‍ പ്രകൃതിദുരന്തത്തിനിരയായവരെ തിരയുന്നതിനും അതിനു നേതൃത്വം നല്‍കുന്നതിനുമായി കേരള പോലീസിലെ 866 ഉദ്യോഗസ്ഥരാണ് നിയുക്തരായത്. വയനാട്ടിലെയും സമീപ ജില്ലകളിലെയും പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള 390 പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പോലീസിന്റെ മറ്റു യൂണിറ്റുകളില്‍ നിന്ന് നിരവധി പേരെയാണ് നിയോഗിച്ചിരിക്കുന്നത്.
കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ നിന്ന് 150 പേരും മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ നിന്ന് 125 പേരും ഇന്ത്യ റിസര്‍വ് ബെറ്റാലിയനില്‍ നിന്ന് 50 പേരും തിരച്ചില്‍ സംഘങ്ങളിലുണ്ട്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ 140 പേരും ഡിഐജിയുടെ ക്വിക് റിയാക്ഷന്‍ ടീമിലെ 17 പേരും തിരച്ചിലിന് സഹായിക്കുന്നു.
മലകളിലും മറ്റും കയറി ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം നേടിയ കെ എ പി അഞ്ചാം ബറ്റാലിയില്‍ നിന്നുള്ള ഹൈ ആള്‍ടിട്യൂഡ് ട്രെയിനിങ് സെന്ററിലെ 14 അംഗ സംഘവും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ സേവനവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും സ്‌കൂബാ ടീമും ഉള്‍പ്പെടെ ഓഫീസര്‍മാരടക്കം 300 ജീവനക്കാരും 222 സിവില്‍ ഡിഫന്‍സ്വോളന്റിയര്‍മാരും ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഫയര്‍ഫോഴ്‌സ് നിര്‍മ്മിച്ച സിപ് ലൈന്‍ പാലത്തിലൂടെയാണ് ആരംഭഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയും അഭിനന്ദനാര്‍ഹമായ പങ്കാളിത്തം വഹിച്ചു. ഹെലിപാഡ് നിര്‍മ്മിച്ചും ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ചും സൈന്യവുംപോലീസുമുള്‍പ്പെടെയുള്ള രക്ഷാസേനയ്ക്ക് ആവശ്യമായ ഭക്ഷണമൊരുക്കിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തും മാതൃകാപരമായ സേവനമാണ് ഊരാളുങ്കല്‍ സൊസൈറ്റി നടത്തിയത്.
തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണുള്ളത്. അത് നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്. ഈ മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ നടത്തണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതു കണക്കിലെടുത്ത് സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്നതിനു പഞ്ചായത്തുകള്‍ക്ക് മുന്‍കയ്യെടുക്കാം.
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാവണം എന്നാണ് ആലോചിച്ചിട്ടുള്ളത്. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗണ്‍ഷിപ്പ് തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവര്‍ത്തിക്കും.
വെള്ളാര്‍മല സ്‌കൂളിന്റെ അവസ്ഥ നാമെല്ലാം കണ്ടതാണ്. ആ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസം വരെ പഠിച്ച അനേകം വിദ്യാര്‍ത്ഥികളെ ദുരന്തം കൊണ്ടുപോയി. അവിടെ പഠനം മുടങ്ങിയിരുന്നു. ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാന്‍ പാടില്ല. ആവശ്യമായ സംവിധാനങ്ങള്‍ ഉടനടി ഏര്‍പ്പെടുത്തും. അതിനു നേതൃത്വം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വയനാട്ടില്‍ എത്തും.
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥന വലിയ തോതിലാണ് ലോകത്താകെയുള്ള ജനങ്ങള്‍ ചെവിക്കൊള്ളുന്നത്.ലോക രാഷ്ട്രങ്ങള്‍ അനുശോചനമറിയിച്ചു കൊണ്ട് നമ്മോട് ഐക്യപ്പെട്ടിരുന്നു. അതുപോലെ, ലോകത്താകെയുള്ള സുമസ്സുകളും സഹായ സന്നദ്ധരാവുകയാണ്. ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍, കേരളത്തെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചു തയാറാക്കിയ വീഡിയോ നിങ്ങളുടെ ശ്രദ്ധയില്‍ ഉണ്ടല്ലോ.
സി എം ഡി ആര്‍ എഫ് സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധന വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സംവിധാനം ഒരുക്കും. സംഭാവന ചെയ്യുന്നതിനായി ?ഡൊണേഷന്‍ ഡോട്ട് സിഎംഡിആര്‍എഫ് ഡോട്ട് കേരള ഡോട്ട് ജിഒവി? എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ നിങ്ങള്‍ക്ക് റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ. ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം.
സിഎംഡിആര്‍എഫിലേക്കുള്ള പണം അല്ലാതെ വിവിധ ഓഫറുകള്‍ പല മേഖലകളില്‍ നിന്നും വരുന്നുണ്ട്. വീട് നിര്‍മ്മിക്കാമെന്നും സ്ഥലം നല്‍കാമെന്നും മറ്റുമുള്ള ഈ ഓഫറുകള്‍ ലോകം എത്രമാത്രം സ്‌നേഹാനുകമ്പകളോടെയാണ് നമ്മുടെ സഹോദരങ്ങളുടെ ദുരന്തത്തെ കാണുന്നത് എന്നതിന്റെ ഉത്തമമായ ദൃഷ്ടാന്തമാണ്. ഇത്തരം സഹായ വാഗ്ദാനങ്ങളില്‍ ചിലത്, നേരത്തെ തന്നെ വാര്‍ത്താക്കുറിപ്പായും മറ്റും നല്‍കിയിരുന്നു. മറ്റു ചിലത് ഇന്നിവിടെ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നുമുണ്ട്. ഇത് കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ മുന്‍ വയനാട് കളക്ടര്‍ കൂടിയായ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ഗീത ഐഎഎസിന് കീഴില്‍ 'ഹെല്‍പ്പ് ഫോര്‍ വയനാട് സെല്‍? രൂപീകരിക്കും.
ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി ഒരു ഇമെയില്‍ ഐഡി സൃഷ്ടിച്ചിട്ടുണ്ട്. letushelpwayanad @ gmail. com
ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്ററും സ്ഥാപിക്കും. ഈ ആവശ്യത്തിനായി 3 ഫോണ്‍ നമ്പറുകള്‍ നിശ്ചയിച്ചിട്ടുണ്ട്.
അവ:
9188940013
9188940014
9188940015
ലാന്‍ഡ് റവന്യു കമീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോള്‍ സെന്റര്‍ കൈകാര്യംചെയ്യും.
മറ്റൊരു പ്രധാന കാര്യം സൂചിപ്പിക്കാനുള്ളത്, മുന്നറിയിപ്പ് സംവിധാനങ്ങളെ കുറിച്ചാണ്. പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നത്. ഈ വിപത്തുകളെല്ലാം സംഭവിക്കുന്നതിനു പ്രാഥമികമായ കാരണം കാലാവസ്ഥാ വ്യതിയാനം ആണ്. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാല്‍ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതിയില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തതുവാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനം മുലമുണ്ടാക്കുന്ന ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോട്ടയത്ത് കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം എന്ന സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത് ഈ മേഖലകളില്‍ ഗവേഷണം നടത്തി സര്‍ക്കാരിന് നയപരമായ ഉപദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ദുരന്തത്തിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ട്.
തീവ്ര മഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മോഡല്‍ പരാമീറ്റേഴ്‌സ് വികസിപ്പിക്കുന്നതിന് പഠനങ്ങള്‍ നടത്താന്‍ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തോട് ആവശ്യപ്പെടും. ഇത്തരം പഠനങ്ങളുടെ ഫലങ്ങളിലൂടെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള വിപുലമായ പ്രവചന ഉപാധികള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാനവശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിന് ലഭ്യമാക്കും.
ഇങ്ങനെ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതോടൊപ്പം, ദുരന്താഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി മുന്‍കരുതലുകള്‍ തയ്യാറാക്കാനും കഴിയും. ആഘാതത്തിന്റെ വ്യാപ്തി കുറക്കുവാനും പൊതു സുരക്ഷയും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരായ പ്രതിരോധവും വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
വിലങ്ങാട്
വയനാട്ടിനു പുറമെ, കോഴിക്കോട് വടകര താലൂക്കിലെ വാണിമേല്‍ പഞ്ചായത്തില്‍പ്പെട്ട വിലങ്ങാട് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ഞച്ചീളി മലയുടെ മുകളില്‍ വിവിധ സ്ഥലങ്ങളിലായി ചെറുതും വലുതുമായി ആറോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. ജനങ്ങള്‍ വീടുകളില്‍ നിന്ന് മാറിത്താമസിച്ചതു കാരണമാണ് വലിയ ദുരന്തം ഒഴിവായത്. എന്നാല്‍ ഉരുള്‍പ്പൊട്ടല്‍ സംഭവിച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ കുമ്പളച്ചോല എല്‍.പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ മഞ്ഞച്ചീളി സ്വദേശി കളത്തിങ്കല്‍ മാത്യു എന്ന മത്തായി (62) ഉരുള്‍പൊട്ടലില്‍ പെടുകയും ആഗസ്റ്റ് ഒന്നാം തിയ്യതി രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ ഇവിടെ വലിയതോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നിരിക്കുകയാണ്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വി.ഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ലൈബ്രറി കൗണ്‍സിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും.
ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തീരുന്ന മുറക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി.
ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയില്‍ തന്റെ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനല്കാമെന്ന് അറിയിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രവാസ ലോകത്ത് നിന്നും ചലചിത്ര മേഖലയില്‍ നിന്നും ഉണ്ടാകുന്ന സഹായ സന്നദ്ധത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പ്രമുഖ ചലചിത്രതാരങ്ങള്‍ നല്‍കിയ സഹായം ഇന്നലെ തന്നെ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനു പുറമെ ചലചിത്ര താരം നയന്‍താര 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. സിനിമാ നടന്‍ അലന്‍സിയര്‍ 50,000 രൂപയും നല്‍കിയിട്ടുണ്ട്.
കിംസ് ഹോസ്പിറ്റല്‍ ഒരു കോടി രൂപ നല്‍കി.
പോത്തീസ് റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് - 50 ലക്ഷം രൂപ
ശ്രീ മോഹന്‍ലാല്‍ ഇന്ന് സൈനിക വേഷത്തില്‍ ദുരന്തമേഖലയില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു.
മാധ്യമങ്ങള്‍ ഇതിനോടെല്ലാം ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.