- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പുതിയ ഓഫര്‍; മെന്ററാക്കാന്‍ കൊല്‍ക്കത്ത; ഗംഭീറിന്റെ പകരക്കാരനാകുമോ?
കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിനെ മെന്ററാക്കാന്‍ തയാറായെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്ത മെന്ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീം പരിശീലകനായി പോകുന്ന ഒഴിവിലേക്കാണ് ദ്രാവിഡിനെ മെന്ററാക്കാന്‍ കൊല്‍ക്കത്ത തയാറെടുക്കുന്നത് എന്നാണ് സൂചന. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടും ഗംഭീര്‍ മെന്റര്‍ സ്ഥാനം ഒഴിയുകയായിരുന്നു. ദ്രാവിഡിനെ ടീമിന്റെ മെന്ററാക്കാന്‍ ഷാരൂഖ് നേരിട്ട് ഇടപെട്ടേക്കും.
കഴിഞ്ഞ സീസണില്‍ ഗൗതം ഗംഭീറിനെ മെന്ററാക്കിയ കൊല്‍ക്കത്ത പത്ത് വര്‍ഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെ അടുത്ത 10 വര്‍ഷത്തേക്ക് ഗംഭീറിനോട് കൊല്‍ക്കത്തയില്‍ തുടരാന്‍ ഷാരൂഖ് അഭ്യര്‍ത്ഥിച്ചെങ്കിലും ഇന്ത്യന്‍ പരിശീലക സ്ഥാനമെന്ന മോഹിപ്പിക്കുന്ന ഓഫര്‍ നിരസിക്കാന്‍ ഗംഭീറിനായില്ല. ഇതോടെയാണ് കൊല്‍ക്കത്ത വീണ്ടും ഗംഭീറിനെക്കാള്‍ തലപ്പൊക്കമുള്ള മറ്റൊരു താരത്തെ തേടിയത്. ഇതാണിപ്പോള്‍ ദ്രാവിഡില്‍ എത്തി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ട്വന്റി 20 ലോകകപ്പ് നേട്ടത്തിനുശേഷം ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ അടുത്ത ആഴ്ച മുതല്‍ തൊഴില്‍ രഹിതനാവുമെന്നും എന്തെങ്കിലും ജോലിയുണ്ടോ എന്നും ദ്രാവിഡ് മാധ്യമപ്രവര്‍ത്തകരോട് തമാശയായി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ രാഹുല്‍ ദ്രാവിഡിന് മുന്നില്‍ വലിയ ഓഫറുമായാണ് കൊല്‍ക്കത്ത എത്തിയിരിക്കുന്നതെന്ന് ന്യൂസ് 18 ബംഗ്ല റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയുടെ ഓഫര്‍ ദ്രാവിഡ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ദ്രാവിഡിനെ മുഖ്യ പരിശീലക സ്ഥാനത്തേക്കോ മെന്റര്‍ സ്ഥാനത്തേക്കോ ആണ് കൊല്‍ക്കത്ത പരിഗണിക്കുന്നത്. നിലവില്‍ ചന്ദ്രകാന്ത് പണ്ഡിറ്റാണ് കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകന്.
ഐപിഎല്ലില്‍ മുമ്പ് രാജസ്ഥാന് റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അടക്കമുള്ള ടീമുകളുടെ മെന്ററും പരിശീലകനുമായി ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ 2017 മുതല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനെന്ന നിലയിലും ജൂനിയര്‍ ടീം പരിശീലകനെന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന ദ്രാവിഡ് 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ 2022ലെ ടി20 ലോകകപ്പ് സെമിയിലും 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും തോറ്റെങ്കിലും കഴിഞ്ഞ മാസം അവസാനിച്ച ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം നേടി.