- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം പിണറായി സര്‍ക്കാറിനെ പുകഴ്ത്തിയതിന് ലഭിച്ച ചെയര്‍മാന്‍ഷിപ്പ്; സിനിമയിലെ മാസ് വിവാദങ്ങളുടെ തോഴനായി; രഞ്ജിത്ത് രാജിവച്ചൊഴിയുമ്പോള്‍
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ ഒന്നര ദിവസത്തോളം നീണ്ട പ്രതിഷേധങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം സംവിധായകന്‍ രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.രഞ്ജിത്തിനെതിരെ മുന്‍പ് ഒരു പ്രസാധക വിമര്‍ശനമുന്നയിച്ച് പങ്കുവെച്ച കുറിപ്പിലെ വാചകം ഇവിടെ പ്രസക്തമാവുകയാണ്..ഈ ബിംബങ്ങള്‍ ഒക്കെ ഇങ്ങനെ തന്നെയെന്ന്.തകര്‍ന്ന് വീഴാന്‍ ആണ് ഇവര്‍ക്കൊക്കെ യോഗം എന്നും…ഏതൊരു ചലചിത്രകാരനും അസൂയവഹമായ കരിയര്‍ ആണ് ഒരു കലാകാരന്‍ എന്ന നിലയില്‍ രഞ്ജിത്തിന്റെത്.തിയേറ്ററുകളില്‍ ആളെ നിറച്ച നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്ത്. പക്ഷെ തന്റെ പേനയില്‍ നിന്നും […]
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ ഒന്നര ദിവസത്തോളം നീണ്ട പ്രതിഷേധങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം സംവിധായകന്‍ രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.രഞ്ജിത്തിനെതിരെ മുന്‍പ് ഒരു പ്രസാധക വിമര്‍ശനമുന്നയിച്ച് പങ്കുവെച്ച കുറിപ്പിലെ വാചകം ഇവിടെ പ്രസക്തമാവുകയാണ്..ഈ ബിംബങ്ങള്‍ ഒക്കെ ഇങ്ങനെ തന്നെയെന്ന്.തകര്‍ന്ന് വീഴാന്‍ ആണ് ഇവര്‍ക്കൊക്കെ യോഗം എന്നും…ഏതൊരു ചലചിത്രകാരനും അസൂയവഹമായ കരിയര്‍ ആണ് ഒരു കലാകാരന്‍ എന്ന നിലയില്‍ രഞ്ജിത്തിന്റെത്.തിയേറ്ററുകളില്‍ ആളെ നിറച്ച നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്ത്.
പക്ഷെ തന്റെ പേനയില്‍ നിന്നും ഉയിര്‍കൊണ്ട കഥയോ കഥാപാത്രങ്ങളോ പോലെ ആയിരുന്നില്ല രഞ്ജിത്തെന്ന മനുഷ്യനും അയാളുടെ ജീവിതവും.രഞ്ജിത്തിനെതിരെ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ രഞ്ജിത്ത് ഇന്ത്യയറിയുന്ന മഹാപ്രതിഭയുള്ള കലാകാരന്‍ ആണെന്നായിരുന്നു.പക്ഷെ രഞ്ജിത്തിന്റെ രചനാ വൈഭ്യവത്തെയോ സംവിധാന പാടവത്തെയോ ഒന്നുമല്ല നടി തുറന്ന് കാട്ടിയത്.രഞ്ജിത്തെന്ന മനുഷ്യനെയാണ്..അയാള്‍ക്കുള്ളിലെ വൈകൃതങ്ങളെയാണ്.അ്ങ്ങിനെ വരുമ്പോള്‍ ഇത്തരം ഒരു സുപ്രധാന പദവയില്‍ ഇരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നുള്ള കാര്യം പകല്‍പോലെ വ്യക്തം.
എന്നിട്ടും എന്തുകൊണ്ടാണ് ഒരു ദിവസത്തോളം സംവിധായകനെ തള്ളിപ്പറയാനോ രാജി ആവശ്യപ്പെടാനോ ഇടതുസര്‍ക്കാര്‍ തയ്യാറാവാതിരുന്നത്.ഇടതുസഹയാത്രികന്‍ എന്ന ഒറ്റലേബലില്‍ ഇതിന് ഉത്തരം വ്യക്തമാണ്.കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച രഞ്ജിത്തിനെ പിന്നീട് മാറ്റുകയായിരുന്നു.ഇതിന് കൂടി പരിഗണന നല്‍കിയാണ് ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രഞ്ജിത്തിനെ പരിഗണിച്ചത്.
ഒന്നാം പിണറായി സര്‍ക്കാറിനെ പുകഴ്ത്തി.. പിന്നാലെ അക്കാദമിയുടെ തലപ്പത്തേക്ക്
മുന്നിലേക്ക് വച്ച നീട്ടിയ സ്ഥാനാര്‍ത്ഥിത്വം തിരിച്ചെടുക്കേണ്ടി വന്നതും ഒപ്പം ഒന്നാം പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തിയതിനും ഉള്‍പ്പടെ രഞ്ജിത്തിന് ലഭിച്ചതാണ് ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല.പിണറായി സര്‍ക്കാര്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും തുടര്‍ച്ചയുണ്ടായാല്‍ സംസ്ഥാനത്തിന് തന്നെ മുതല്‍ക്കൂട്ടാകുമെന്ന തരത്തിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
ഇതിനൊക്കെയുള്ള പ്രത്യുപകാരമായി രണ്ടാം തവണ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രഞ്ജിത്തിനെ നിയോഗിച്ചു.തന്റെ സിനിമയിലെ നായകന്‍മാരെപ്പോലെ അതിജീവതയെ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയുടെ വേദിയിലെത്തിച്ച് എല്ലാവരുടെയും കൈയ്യടി നേടി ആരും മോഹിക്കുന്ന ഇന്‍ട്രോ ആയിരുന്നു രഞ്ജിത്തിന്റെ ചെയര്‍മാന്‍ റോളിന്.ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിന്റെ വിവാദക്കറകൂടി ഈ നീക്കത്തിലൂടെ രഞ്ജിത്ത് കഴുകി കളഞ്ഞു.
പിന്നീടങ്ങളോട്ടും ചടുലമായ ഇടപെടലുകളിലൂടെയും സര്‍ക്കാര്‍ സ്തുതി ഗീതങ്ങളിലൂടെയും രഞ്ജിത്ത് ഇടതുപക്ഷ സഹയാത്രികനെന്ന പദം ഊട്ടിയുറപ്പിച്ച് ചെയര്‍മാന്‍ സ്ഥാനത്ത് തന്നെ തുടര്‍ന്നു.അവാര്‍ഡ് നിര്‍ണ്ണയത്തിലെ ഇടപെടല്‍,ചലചിത്രമേളയിലെ വിവാദങ്ങള്‍ തുടങ്ങി മൂന്നുവര്‍ഷത്തെ കാലയളവില്‍ രഞ്ജിത്തിനെ മാറ്റണമെന്ന ആവശ്യം നിരവധി തവണയുയര്‍ന്നിട്ടും അതൊന്നും വകവെക്കാതെ സര്‍ക്കാര്‍ രഞ്ജിത്തെന്ന ഇടത് സഹയാത്രികനെ ചേര്‍ത്തുപിടിച്ചു.ഹേമ കമ്മറ്റി റിപ്പോര്‍ട്ടു വന്നതിന് പിന്നാലെ വിഷയം ചര്‍ച്ചയായതും നടി നേരിട്ടെത്തി വെളിപ്പെടുത്തല്‍ നടത്തിയതിനാലുമാണ് ഇത്തവണ രഞ്ജിത്തിനെ കൈവിടാന്‍ പാര്‍ട്ടിയും സര്‍ക്കാരും നിര്‍ബന്ധിതരായത്.
സിനിമയിലെ മാസ് യാഥാര്‍ത്ഥ്യമായപ്പോള്‍ വിവാദങ്ങളുടെ തോഴന്‍
ഒരുകാലത്ത് ആസ്വാദകര്‍ ഒരുപോലെ കൈയ്യടിച്ച ഡയലോഗ് ആണെങ്കിലും പൊളിറ്റിക്കല്‍ കരക്ട്നസ് സിനിമയില്‍ വ്യാപകചര്‍ച്ചയായത് മുതല്‍ രഞ്ജിത്തിന് ഏറ്റവും അപഖ്യാതിയുണ്ടാക്കിയ ഡയലോഗാണ് നരസിംഹം ക്ലൈമാക്സിലെ കാലുമടക്കിത്തൊഴി.പിന്നീട് രഞ്ജിത്തിന്റെ സ്വഭാവത്തെപ്പോലും ഈ സംഭാഷണത്തിന്റെ പേരിലായി വിലയിരുത്തല്‍.അത് ശരിവെക്കുന്ന തരത്തില്‍ മാടമ്പിത്തരവുമായി രഞ്ജിത്ത് പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവാദങ്ങള്‍ തുടര്‍ക്കഥയായി.
ചെറുതും വലുതുമായി ആരോപണങ്ങള്‍ നേരത്തെയുണ്ടായിരുന്നെങ്കിലും രഞ്ജിത്തിനെതിരെ പരസ്യമായ വിമര്‍ശനം വന്നത് നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ ദിലീപിനെ കാണാനെത്തിയതുമുതലായിരുന്നു.രഞ്ജിത്തിന്റെ ഈ നടപടി അത്രയേറെ വിമര്‍ശിക്കപ്പെട്ടു.അജിജീവിത വേദിയിലെത്തിച്ച് ഈ അപഖ്യാതിക്ക് പില്‍ക്കാലത്ത് സംവിധായകന്‍ അല്‍പ്പമൊന്നു മാറ്റം കൊണ്ടുവന്നെങ്കിലും പൊതുയിടത്തെ ഇടപെടല്‍ നില കൂടുതല്‍ വഷളാക്കി.
അക്കാദമി ചെയര്‍മാന്‍ ആയതിന് പിന്നാലെ ചലചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ ഇടപെടുന്നുവെന്നുള്ളതാണ് ആദ്യം ഉയര്‍ന്നുവന്ന ആരോപണം.ചലച്ചിത്ര അവാര്‍ഡില്‍ ചിലര്‍ക്ക് അവാര്‍ഡ് കൊടുക്കാനും ചില സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയര്‍മാന്‍ നേരിട്ട് ജൂറിഅംഗങ്ങളെ സ്വാധീനിച്ചു എന്ന തരത്തിലായിരുന്നു ഒരു പരാതി. സംവിധായകന്‍ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നു.വിവാദം കത്തി നിന്നപ്പോഴും പ്രതികരിക്കുന്നില്ലെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.
ചലചിത്രമേളയുമായി ബന്ധപ്പെട്ടായിരുന്നു മറ്റു വിവാദങ്ങള്‍.ഇതില്‍ ഏറ്റവും ചര്‍ച്ചയായത് കൂവല്‍ വിവാദമായിരുന്നു.തനിക്കെതിരെ കൂവിയ കാണികളെ തന്റെ ഫാം ഹൗസിലെ പട്ടികളോട് ഉപമിച്ചും ഒരു എസ് എഫ് ഐക്കാരനായ തനിക്ക് ഇതൊന്നും പുത്തരിയല്ലെന്നും തന്റെ നായകന്മാരെക്കാള്‍ മാസ് ഡയലോഗിലൂടെ രഞ്ജിത്ത് മറുപടി നല്‍കി.കൂവി തോല്‍പ്പിക്കാന്‍ ആരും ശ്രമിക്കണ്ട എന്നുമായിരുന്നു ഡയലോഗ്.ഇവിടെയും വിമര്‍ശിക്കപ്പെട്ടത് രഞ്ജിത്തിന്റെ ഉള്ളിലെ മാടമ്പി മനോഭാവം തന്നെയായിരുന്നു.അതേപോലെ ഐ എഫ് എഫ് കെ യിലെ സിനിമാ സെലക്ഷനുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയര്‍ന്നു.സിനിമ കാണാതെ ആണ് സെലക്ഷന്‍ നടത്തുന്നത് എന്ന് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി ഒട്ടേറെ സംവിധായകര്‍ പരാതികള്‍ നല്‍കിയിരുന്നു.
ഏറ്റവും ഒടുവിലത്തെ ചലചിത്രമേളയിലാണ് നടന്‍ ഭീമന്‍രഘുവിനെയും സംവിധായകന്‍ ബിജുവിനെയും പേരെടുത്തു വിമര്‍ശിച്ച രഞ്ജിത്തിന്റെ പരാമര്‍ശം വിവാദത്തിന് വഴിവെച്ചത്.അധിക്ഷേപ പരാമര്‍ശത്തിനെതിരെ അന്നും നിരവധിപേര്‍ രംഗത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് ചലചിത്ര അക്കാദമിയിലെ അംഗങ്ങള്‍ തന്നെ ചെയര്‍മാന്റെ ഏകാതിപധ്യ നടപടികള്‍ക്കെതിരെ സമാന്തരയോഗം ചേരുകയും ചെയര്‍മാനെതിരെ പരാതി വകുപ്പ് മന്ത്രിക്ക് കൈമാറുകയും ചെയ്തത്.15 അംഗ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ 9 അംഗങ്ങള്‍ യോഗം ചേര്‍ന്ന് രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചത്.
എന്നാല്‍ ഈ നീക്കത്തെയും രഞ്ജിത്ത് അതിസമര്‍ത്ഥമായി പൊളിച്ചു.ഇത്തരമൊരു യോഗം ചേര്‍ന്നിട്ടില്ലെന്നും താന്‍ രാജിവെക്കേണ്ട ഒരാവശ്യം ഇല്ലെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം.സര്‍ക്കാറിന്റെ മൗനാനുവാദം കൂടിയായതോടെ രഞ്ജിത്തിന് കാര്യങ്ങള്‍ എളുപ്പമായി.അക്കാദമിക്കും സര്‍ക്കാരിനും അവമതിപ്പ് ഉണ്ടാക്കുന്ന അഭിപ്രായ പ്രകടനങ്ങളും പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് ചെയര്‍മാന്‍ നിരന്തരം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ചെയര്‍മാനെ തിരുത്താനോ സ്ഥാനത്തുനിന്ന് നീക്കാനോ തയാറാകണമെന്ന് അഭിപ്രായപ്പെടുന്നതായി അംഗങ്ങള്‍ ഒപ്പിട്ട കത്തില്‍ പറഞ്ഞിരുന്നു.പക്ഷെ ഇതൊന്നും തന്നെ സഹയാത്രികനെ തള്ളിപ്പറയാനോ സ്ഥാനത്ത് നിന്നും നീക്കാനുള്ള കാരണങ്ങളായോ സര്‍ക്കാറിനോ വകുപ്പ് മന്ത്രിക്കോ തോന്നിയില്ല.
ഇതിന് പിന്നാലെയാണ് പ്രസാധക കൂടിയായ ഷെഹനാസ് രഞ്ജിത്തിനെതിരെ പരസ്യവിമര്‍ശനവുമായി സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്.മദ്യപിച്ച് ലക്കുകെട്ട് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട രഞ്ജിത്ത് കടുത്ത സ്ത്രീ വിരുദ്ധനും മദ്യവും മറ്റും പേറുന്ന വ്യക്തിയുമാണെന്നുമായിരുന്നു ഷഹനാസിന്റെ വിമര്‍ശനം.ഈ ആരോണപങ്ങള്‍ ഒക്കെ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും അതൊന്നും സര്‍ക്കാറിന് ഒരു വിഷയമേ അല്ലായിരുന്നുവെന്നതാണ് കാര്യങ്ങള്‍ ഇതുവരെയെത്തിച്ചത്.
രഞ്ജിത്ത് വീഴുമ്പോള്‍ രക്ഷപ്പെടുന്ന 'പ്രമുഖര്‍'
പ്രശ്നത്തിന് രാഷ്ട്രീയമാനം കൈവന്നതോടെയാണ് രഞ്ജിത്തിന് സ്ഥാനമൊഴിയേണ്ടി വന്നത്.ഇതോടെ തല്‍ക്കാലത്തേക്ക് രക്ഷപ്പെടുന്നത് പ്രമുഖരാണ്.നടിയുടെ ആരോപണത്തിന് പിന്നാലെ തുടക്കത്തില്‍ പ്രശ്നത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നു.നടി പരാതിയുമായി മുന്നോട്ടുവന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞതാണ് കാരണം. 'അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അവര്‍ വന്നുകഴിഞ്ഞാല്‍ അത് സംബന്ധിച്ച നടപടിക്രമങ്ങള്‍ നിയമാനുസൃതം സര്‍ക്കാര്‍ സ്വീകരിക്കും. ഏതെങ്കിലുമൊരാള്‍ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാന്‍ പറ്റുമോ, അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ? ആരോപണം ഉന്നയിച്ചവര്‍ പരാതി തരിക' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
പക്ഷേ, പിന്നീട് മന്ത്രി വീണാ ജോര്‍ജും വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയും അദ്ദേഹത്തിന്റെ നിലപാട് തള്ളിപ്പറയുകയും ആരോപണമുന്നയിച്ച ബംഗാളി നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.നടി ശ്രീലേഖ മിത്രക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ മന്ത്രി വീണാ ജോര്‍ജ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന തെറ്റുചെയ്ത ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.കുറച്ചുകൂടി കടുപ്പിച്ചായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവിയുടെ പ്രതികരണം. 'വിവരം അറിഞ്ഞാല്‍ അന്വേഷണം നടത്താം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് അന്വേഷണം നടത്താം'- സതീദേവി വ്യക്തമാക്കി. അന്വേഷണം നടത്തി എത്ര ഉന്നതസ്ഥാനത്തുള്ള ആളായാലും നടപടി എടുക്കണം. പ്രമുഖര്‍ പലരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോപണം തെളിയുന്ന പക്ഷം തെറ്റായ പ്രവൃത്തികള്‍ ചെയ്ത ആളുകള്‍ ഉന്നത സ്ഥാനത്തിരിക്കുന്നത് ഒരു തരത്തിലും ഉചിതമല്ലെന്നും സതീദേവി അഭിപ്രായപ്പെട്ടു.
സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെയാണ് പ്രശ്നത്തിന് രാഷ്ട്രീയമാനം കൈവന്നത്.പിന്നാലെയാണ് സി.പി.എമ്മും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായത്. ശ്രീലേഖ മിത്രയെ ഉദ്ദേശിച്ചിരുന്ന വേഷത്തില്‍ പിന്നീട് അഭിനയിച്ച ശ്വേതാ മേനോന്‍ തനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.
നേരിട്ട അനുഭവം പങ്കുവെച്ച ബംഗാളി നടിയെപ്പോലെ ഇനിയും ഒരുപാട് പേര്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. മലയാളസിനിമയെ നിയന്ത്രിക്കുന്നതായി പറയുന്ന പവര്‍ ഗ്രൂപ്പില്‍ പെണ്ണുങ്ങളും ഉണ്ടാവാം. ഇവിടെയും കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍, തനിക്ക് വര്‍ക്ക് ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.രഞ്ജിത്ത് വീഴുന്നതോടെ കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വരുമോ എന്ന് ഉറ്റ് നോക്കുകയാണ് കേരളം.