തിരുവനന്തപുരം: നടന്‍ സിദ്ദഖിനെതിരെ യുവനടി നല്‍കിയത അതീവ ഗുരുതരമായ മൊഴി. തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് അതിക്രൂര ബലാത്സംഗം നടത്തിയതായാണ് യുവനടി മൊഴി നല്‍കിയിരിക്കുന്നത. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. ചൊവ്വാഴ്ച വൈകിട്ടാണു സിദ്ദിഖിനെതിരെ യുവനടി ഡിജിപിക്ക് ഇമെയില്‍ വഴി പരാതി അയച്ചത്. പീഡനം നടന്ന മസ്‌ക്കറ്റ് ഹോട്ടല്‍, മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതില്‍ കേസ് അവിടെ റജിസ്റ്റര്‍ ചെയ്തു. ഇവിടത്തെ വനിതാ എസ്‌ഐ: എന്‍.ആശാചന്ദ്രനെ അന്വേഷണ സംഘത്തിലുള്‍പ്പെടുത്തി.

സംഭവം നടന്ന ദിവസത്തെ രേഖകള്‍ ഹാജരാക്കാന്‍ മസ്‌കറ്റ് ഹോട്ടലിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എട്ടു വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുക ബുദ്ധിമുട്ടാണ്. സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന നിര്‍ണായകമൊഴിയാണ് നടി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖ് അതിക്രൂരമായി പീഡിപ്പിച്ചു എന്ന് വിശദമായ പരാതിയും മൊഴിയും യുവനടി നല്‍കിയതോടെയാണ് ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. വരുംദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിദ്ദിഖിന് അറസ്റ്റ് നേരിടേണ്ടി വരും.

നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയില്‍ വനിതാ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം എഫ്‌ഐആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും പൂര്‍ണമായും കേസ് സംഘം ഏറ്റെടുക്കുമെന്നുമാണ് വിവരം. വനിതാ ഉദ്യോഗസ്ഥരാകും കേസില്‍ മേല്‍നോട്ടം വഹിക്കുക.

2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ താന്‍ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തി. അന്നു തനിക്ക് 21 വയസ്സായിരുന്നു. സിദ്ദിഖ് അഭിനയിച്ച 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്‍കിയത്.

സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു. തന്റെ മകന്‍ അഭിനയിക്കുന്ന തമിഴ് സിനിമയില്‍ അവസരം നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പിറ്റേന്ന് ഹോട്ടലിലേക്കു വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 'മോളേ' എന്നു വിളിച്ചാണ് സിദ്ദിഖ് തന്നെ അഭിസംബോധന ചെയ്തത്. ഹോട്ടലിലെത്തിയ തന്നെ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു; ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ടു. വിവരം പുറത്തറിയിച്ചാലും തന്നെ ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടി.