- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ അതിശക്തം; അടിയൊഴുക്ക് വീണ്ടും കൂടുന്നു; അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; ഷിരൂരില്‍ അനുകൂലമാകേണ്ടത് കാലാവസ്ഥ
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. മേഖലയില്‍ കനത്ത മഴ തുടരുകയാണ്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ലെന്നതാണ് വസ്തുത.
അര്‍ജുനായുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകള്‍ നിലയുറപ്പിച്ചു നിര്‍ത്താന്‍ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്സിന്റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യം പ്രതിസന്ധിയിലായത്.
മുങ്ങല്‍ വിദഗ്ധര്‍ക്കായി ഫ്ലോട്ടിങ് പ്രതലം ഉള്‍പ്പെടെ തയ്യാറാക്കാനുളള തന്ത്രവും വിജയിക്കാന്‍ ഇടയില്ല. എങ്കിലും ശ്രമങ്ങള്‍ തുടരും. ഡ്രെഡ്ജിങ് യന്ത്രം ഗോവയില്‍ നിന്ന് കടല്‍ മാര്‍ഗം കൊണ്ടുവരാനും കാലാവസ്ഥ തടസ്സമാണ്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. നദിയുടെ നടുവിലുള്ള മണ്‍കൂനയോട് ചേര്‍ന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തല്‍.
അതിനിടെ ഷിരൂര്‍ രക്ഷാ ദൗത്യത്തിന് നാവിക സേനയുടെ കൂടുതല്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചിട്ടുണ്ട്. കൂടുതല്‍ മുങ്ങല്‍വിദഗ്ധരെ അടിയന്തരമായി ഷിരൂരിലേക്ക് അയക്കണമെന്ന് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നാവികസേനയുടെ സൗത്തേണ്‍, ഈസ്റ്റേണ്‍ കമാന്‍ഡുകളില്‍നിന്ന് ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരേയും ആര്.ഒ.വി പോലുള്ള അത്യാധുനിക സംവിധാനങ്ങളും ഷിരൂരിലേക്ക് എത്തിക്കണം. വിഷയത്തില്‍ കേരള സര്‍ക്കാര്‍, കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മന്ത്രിക്ക് കത്തയച്ച വിവരം ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. നാവികസേനയില്‍നിന്നു കൂടുതല്‍ വിദഗ്ധരും അത്യാധുനിക ഉപകരണങ്ങളുമെത്തുന്നത് രക്ഷാദൗത്യത്തെ സഹായിക്കുമെന്ന് കരുതുന്നതായി അദ്ദേഹം കത്തില്‍ പറയുന്നു.