- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യം വോട്ട് ചെയ്തത് മാറ്റത്തിന് വേണ്ടി; സ്വിച്ചിടുന്നപോലെ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല; പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും'
ലണ്ടന്‍: രാജ്യം വോട്ട് ചെയ്തത് മാറ്റത്തിനു വേണ്ടിയാണെന്നും പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കുമെന്നും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. മാറ്റത്തിനുവേണ്ടിയുള്ള ജോലി അടിയന്തരമായി, ഇന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരുണ്ടാക്കാന്‍ രാജാവ് ക്ഷണിച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിലെ അഭിസംബോധനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യപ്രസംഗമായിരുന്നു ഡൗണിങ് സ്ട്രീറ്റില്‍ നടത്തിയത്.
തന്റെ ആദ്യ അഭിസംബോധനയില്‍ ഋഷി സുനക്കിന്റെ നേട്ടങ്ങളെ കെയ്ര് സ്റ്റാര്‍മര്‍ പരാമര്‍ശിച്ചു. ആദ്യ ബ്രിട്ടീഷ് ഏഷ്യന്‍ പ്രധാനമന്ത്രിയാവാന്‍ സുനക്കിന് വേണ്ടിവന്ന പ്രയത്നത്തെ ആരും വിലകുറച്ചുകാണില്ലെന്ന് അദ്ദേഹം പറഞ്ഞു. സുനക്കിന്റെ കഠിനാധ്വാനത്തേയും അര്‍പ്പണ മനോഭാവത്തേയും സ്റ്റാര്‍മര്‍ പ്രകീര്‍ത്തിച്ചു.
മാറ്റത്തിനും സാമൂഹിക സേവനത്തിനുവേണ്ടിയുള്ള രാഷ്ട്രീയത്തിനും രാജ്യം വോട്ടുചെയ്തു. ജനങ്ങളുടെ ത്യാഗവും രാഷ്ട്രീയക്കാരില്‍നിന്ന് ലഭിക്കുന്ന സേവനവും തമ്മില്‍ അകലം കൂടുമ്പോള്‍ രാജ്യത്തിന്റെ ഹൃദയത്തില്‍ മടുപ്പുണ്ടാകുന്നു. പ്രതീക്ഷയും പ്രത്യാശയും നല്ലൊരു ഭാവിയെക്കുറിച്ചുള്ള വിശ്വാസവും നഷ്ടപ്പെടുന്നു. വിശ്വാസക്കുറവ് വാക്കുകള്‍ കൊണ്ടല്ല, പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ. ഓരോ വ്യക്തിയേയും തന്റെ സര്‍ക്കാര്‍ ആദരവോടെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ലേബര്‍പാര്‍ട്ടിക്ക് വോട്ടുചെയ്താലും ഇല്ലെങ്കിലും സര്‍ക്കാര്‍ നിങ്ങളെ സേവിക്കാനുണ്ടാകും. ആദ്യം രാഷ്ട്രം, പാര്‍ട്ടി രണ്ടാമത്. നമ്മുടെ രാജ്യത്തിന് വലിയ പുനഃസജ്ജീകരണം ആവശ്യമാണ്. നമ്മള്‍ എന്തായിരുന്നുവോ അത് വീണ്ടെടുക്കേണ്ടതുണ്ട്. സ്വിച്ചിടുന്നപോലെ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. സമയമെടുക്കും. പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. രാഷ്ട്രനവീകരണ ദൗത്യത്തില്‍ സര്‍ക്കാര്‍ സേവനത്തില്‍ ചേരാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. ജോലി അടിയന്തരമായി ആരംഭിക്കണം, ഇന്നുതന്നെ', സ്റ്റാര്‍മര്‍ പറഞ്ഞു.
14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ര്‍ സ്റ്റാര്‍മര്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജി സമര്‍പ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു.
ഋഷി സുനികിന്റെ രാജിക്ക് പിന്നാലെ കെയ്ര്‍ സ്റ്റാര്‍മര്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തുകയും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദ്ദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടര്‍ന്നാണ് കെയിര്‍ സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് നിയമിച്ചത്.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കും
ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വിജയം ഇന്ത്യയുകെ ബന്ധത്തില്‍ വലിയ ചലനങ്ങള്‍ക്ക് കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റം, വിദ്യാഭ്യാസം, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം െമച്ചപ്പെടുത്തുമെന്ന് സ്റ്റാര്‍മര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
2022ല്‍ ഋഷി സുനക് സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവയ്ക്കപ്പെട്ട ഇന്ത്യയുകെ സ്വതന്ത്ര വ്യാപാരക്കരാറിന്റെ (എഫ്ടിഎ) ഭാവി എന്താകുമെന്നതായിരുന്നു ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഇന്ത്യയെ സംബന്ധിച്ചുള്ള ആശങ്ക. എന്നാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും ചര്‍ച്ച തുടരുമെന്നും ലേബര്‍ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാരക്കരാറില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുമായി സാങ്കേതികവിദ്യ, പ്രതിരോധ മേഖലകളില്‍ തന്ത്രപ്രധാന പങ്കാളിത്തം തുടരുമെന്നുമാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ലേബര്‍ പാര്‍ട്ടി അവകാശപ്പെട്ടിട്ടുള്ളത്.
ഇതുവരെ എഫ്ടിഎ സംബന്ധിച്ച് 13 തവണയാണ് ഇന്ത്യയും ബ്രിട്ടനും ചര്‍ച്ച നടത്തിയത്. അതേസമയം ബ്രിട്ടനില്‍ ഇന്ത്യയില്‍നിന്നുള്ള വിദഗ്ധ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ അവസരം, സേവന മേഖലയിലെ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക വീസ തുടങ്ങിയ ഇന്ത്യയുടെ ആവശ്യങ്ങള്‍ ലേബര്‍ പാര്‍ട്ടി എങ്ങനെ സ്വീകരിക്കും എന്നതില്‍ സംശയം നിലനില്‍ക്കുന്നു. കുടിയേറ്റം നിയന്ത്രിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കുമോയെന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെ സഹകരണത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ല. സ്വതന്ത്രവും തുറന്നതുമായ ഇന്തോപസഫിക് മേഖലയ്ക്കായി ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയാകുമെന്ന് കരുതുന്ന ഡേവിഡ് ലാമ്മി പറയുന്നത്.