തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ തുറന്നടിച്ച് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍ നടത്തിയ പ്രസ്താവന അതിരുവിട്ടതെന്ന വിലയിരുത്തലില്‍ സംസ്ഥാന നേതൃത്വം. സുരേഷ് ഗോപി ബി ജെ പി നേതാവോ പ്രവര്‍ത്തകനോ ആണെന്ന് പറയാന്‍ സാധിക്കില്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാണ് അദ്ദേഹമെന്നും പത്മനാഭന്‍ പറഞ്ഞിരുന്നു. തീര്‍ത്തും കടന്നാക്രമണമാണ് സുരേഷ് ഗോപിക്കും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളകുട്ടിക്കുമെതിരെ നടത്തിയത്.

ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബി ജെ പി പ്രവര്‍ത്തകര്‍, സുരേഷ് ഗോപിയാകട്ടെ ഇന്ദിരാഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും പത്മനാഭന്‍ പറഞ്ഞിരുന്നു. പ്രാദേശിക ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തല്‍കാലം ഇതിനോട് ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രതികരിക്കില്ല. വിവാദമൊഴിവാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയെന്നാണ് സൂചന.

'സുരേഷ് ഗോപി ഇന്ദിരാ ഗാന്ധിയെ ഭാരത് മാതാവ് എന്ന് വിളിച്ചതില്‍ കുറ്റപ്പെടുത്തുന്നില്ല. കാരണം അദ്ദേഹത്തിന് അത്രയും ചരിത്ര ബോധമേ ഉള്ളൂ. അദ്ദേഹം സിനിമ രംഗത്ത് നിന്ന് വന്നയാളാണല്ലോ. അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചപ്പോള്‍ നിരവധി പേര്‍ എന്നെ വിളിച്ചിരുന്നു. ഇതൊക്കെ അംഗീകരിക്കാനാകുമോയെന്ന് ചോദിച്ചു', പത്മനാഭന്‍ പറഞ്ഞു. ബി ജെ പിയിലേക്ക് ആളുകള്‍ വരുന്നത് അടിസ്ഥാനപരമായ ആദര്‍ശത്തിന്റെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എപി അബ്ദുള്ളക്കുട്ടിയെ പോലുള്ള ആളുകള്‍ക്ക് ബിജെപിയിലേക്ക് വന്നതിന്റെ ഗുണം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്, അല്ലാതെ പാര്‍ട്ടിക്കല്ല. അധികാര രാഷ്ട്രീയത്തോടുള്ള അഭിനിവേശം കൊണ്ടാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നത്. ബിജെപിയിലേക്ക് ഇത്തരത്തില്‍ വരുന്ന ആളുകള്‍ക്ക് ബിജെപിയുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ സന്നിവേശിപ്പിച്ച് കൊണ്ട് പദവി നല്‍കി കൊണ്ടുവരണം. അതല്ലാതെ ഇത്തരക്കാരെ സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്.

പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ കഷ്ടപ്പെട്ട ആയിരക്കണക്കിന് സാധാരണ പ്രവര്‍ത്തകര്‍ ഉണ്ട്. എപ്പോഴും വെള്ളം കോരാനും വിറക് വെട്ടാനും വിധിക്കപ്പെട്ടവരാണെന്ന തോന്നല്‍ അവര്‍ക്ക് വരും. അങ്ങനെ വന്ന് കഴിയുമ്പോള്‍ പാര്‍ട്ടിയുടെ വേരിനെ ബാധിക്കും. ഇപ്പോള്‍ തന്നെ പലര്‍ക്കും ചാഞ്ചല്യം ഉണ്ട്. മോദി വീണ്ടും അധികാരത്തില്‍ വന്നതിനാലാണ് നില്‍ക്കുന്നത്. അധികാരം നഷ്ടപ്പെടുമ്പോള്‍ പാര്‍ട്ടി ക്ഷയിക്കുമ്പോള്‍ പദവി മോഹിച്ച് വന്നവരൊക്കെ പാര്‍ട്ടി വിട്ടേക്കും', പത്മനാഭന്‍ പറഞ്ഞു.