- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ ടീമിനു ബിസിസിഐ നല്കിയ 125 കോടി എങ്ങനെ വീതംവെക്കും? സഞ്ജുവിന് എത്ര കിട്ടും? സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കടക്കം വന്‍ തുക
മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്കുണ്ടായ സംശയം ഇതില്‍ നിന്നും കളിക്കാര്‍ക്ക് എത്ര തുക വീതം ലഭിക്കുമെന്നായിരുന്നു. പ്ലേയിംഗ് ഇലവനില്‍ കളിച്ചവര്‍ക്ക് മാത്രമാണോ സമ്മാനത്തുക ലഭിക്കുക, അതോ മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്നവര്‍ക്കും മറ്റ് താരങ്ങളുടേതിന് സമാനമായ സമ്മാനത്തുക ലഭിക്കുമോ തുടങ്ങിയ സംശയങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം ഉത്തരം ലഭിച്ചിരിക്കുകയാണ്.
ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയതിനു തൊട്ടുപിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചത്. ലോക കിരീടവുമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ ടീമിന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി 125 കോടി രൂപയുടെ ചെക്ക് കൈമാറിയത്.
ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുകയില്‍ ലോകകപ്പ് ടീമിലെ സഞ്ജു ഉള്‍പ്പെടെ 15 അംഗങ്ങള്‍ക്കും അഞ്ച് കോടി രൂപ വീതം ലഭിക്കുമെന്നാണ് വിവരം. ലോകകപ്പ് ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ഇതിലുള്‍പ്പെടുന്നു.
ലോകകപ്പിനായി ഇത്തവണ പോയ ഇന്ത്യന്‍ സംഘത്തില്‍ ആകെയുണ്ടായിരുന്നത് താരങ്ങള്‍ ഉള്‍പ്പെടെ 42 പേരാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ലോകകപ്പില്‍ കളിച്ച 15 അംഗ ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങള്‍ക്കും അഞ്ച് കോടി രൂപ വീതം ലഭിക്കും. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിനും താരങ്ങള്‍ക്കു ലഭിക്കുന്ന അഞ്ച് കോടി രൂപ തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളായ ബാറ്റിങ് പരിശീലകന് വിക്രം റാത്തോഡ്, ഫീല്‍ഡിങ് പരിശീലകന് ടി.ദിലീപ്, ബോളിങ് പരിശീലകന് പരസ് മാംബ്രെ എന്നിവര്‍ക്ക് 2.5 കോടി രൂപ വീതം ലഭിക്കും. ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കും സമ്മാനത്തുകയുടെ നല്ലൊരു വിഹിതം ലഭിക്കുമെന്നാണ് വിവരം. മൂന്ന് ഫിസിയോ തെറപ്പിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്പെഷലിസ്റ്റുകള്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെ രണ്ടു കോടി രൂപ വീതം ലഭിക്കും.
സപ്പോര്‍ട്ട് സ്റ്റാഫിലുള്‍പ്പെടുന്ന ഫിസിയോ തെറാപ്പിസ്റ്റകളായ കമലേഷ് ജെയിന്, യോഗേഷ് പര്‍മര്‍, തുളസി റാം യുവരാജ്, ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളായ രാഘവേന്ദ്ര ഡിവിജി, നുവാന്‍ ഉദേനെകെ, ദയാനന്ദ് ഗരാനി, മസാജര്‍മാര്‍മാരായ രാജീവ് കുമാര്‍, അരുണ്‍ കാനഡെ, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചായ സോഹം ദേശായി എന്നിവര്‍ക്കും രണ്ട് കോടി രൂപ വീതം സമ്മാനത്തുകയില്‍ നിന്ന് ലഭിക്കും.
15 അംഗ ടീമിന്റെ ഭാഗമല്ലാതിരുന്ന, റിസര്‍വ് താരങ്ങളെന്ന നിലയ്ക്ക് ടീമിനൊപ്പമുണ്ടായിരുന്ന ഖലീല്‍ അഹമ്മദ്, റിങ്കു സിങ്, ശുഭ്മന്‍ ഗില്‍, ആവേശ് ഖാന് എന്നിവര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. ഇവര്‍ക്കു പുറമേ ലോകകപ്പ് നേടിയ ടീമിനെ തിരഞ്ഞെടുത്ത അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
125 കോടി രൂപ വീതം വയ്ക്കുക ഇങ്ങനെ:
5 കോടി രൂപ വീതം: 15 അംഗ ടീമിനും മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിനും
2.5 കോടി രൂപ വീതം: ബാറ്റിങ്, ഫീല്‍ഡിങ്, ബോളിങ് പരിശീലകര്‍ക്ക്
2 കോടി രൂപ വീതം: ഫിസിയോ തെറപ്പിസ്റ്റ്, ത്രോഡൗണ്‍ സ്പെഷലിസ്റ്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടിഷനിങ് കോച്ച്
1 കോടി രൂപ വീതം: സിലക്ടര്‍മാര്‍ക്കും റിസര്‍വ് താരങ്ങള്‍ക്കും.
ജയ് ഷാ ഉള്‍പ്പെടെയുള്ള ബിസിസിഐ ഭാരവാഹികള്‍ക്ക് സമ്മാനത്തുകയുടെ പങ്കു ലഭിക്കില്ലെങ്കിലും, ടീമിലെ വിഡിയോ അനലിസ്റ്റ്, ടീമിനൊപ്പമുണ്ടായിരുന്ന ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കും സമ്മാനത്തുകയുടെ ഒരു വിഹിതം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് പുറമെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 11 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.
2013ല്‍ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തില്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ബിസിസിഐ ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതവും സമ്മാനിച്ചു. 2011ല്‍ ധോണിയുടെ തന്നെ നേതൃത്വത്തില്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍ക്കും ആദ്യം ഒരു കോടി രൂപ വീതമാണ് സമ്മാനം പ്രഖ്യാപിച്ചത്. പിന്നീട് ഈ തുക രണ്ടു കോടി വീതമാക്കി ഉയര്‍ത്തി. അന്ന് സപ്പോര്‍ട്ട് സ്റ്റാഫിന് 50 ലക്ഷം രൂപ വീതവും സിലക്ടര്‍മാര്‍ക്ക് 25 ലക്ഷം രൂപ വീതവും സമ്മാനം ലഭിച്ചു.
2007ല്‍ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് 12 കോടി രൂപയാണ് സമ്മാനം പ്രഖ്യാപിച്ചത്. ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ 1983ല്‍ ആകട്ടെ, ടീമംഗങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാന്‍ ബിസിസിഐയുടെ പക്കല്‍ പണമുണ്ടായിരുന്നില്ല. അന്ന് ഇതിനായി ഫണ്ട് കണ്ടെത്തുന്നതിനായി സംഗീത നിശ സംഘടിപ്പിക്കാന്‍ ബിസിസിഐ വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന്റെ സഹായം തേടിയിരുന്നു.