കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് വന്‍മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-തൃശ്ശൂര്‍ പാതയില്‍ ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം വീണത്. മരം വൈദ്യുതി ലൈനിലേക്ക് വീണതിനാല്‍ വലിയ ശബ്ദവും തീപ്പൊരിയുമുണ്ടായി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.

ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയിലേക്കുകൂടിയാണ് മരം വീണത്. സംഭവസമയം ട്രെയിനോ വാഹനങ്ങളോ കടന്നുപോയിരുന്നെങ്കില്‍ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ഫയര്‍ഫോഴ്‌സിലും പോലീസിലും അറിയിച്ചത്. മരത്തില്‍നിന്ന് പുകയും തീയും ഉയരുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദിച്ച് മരം മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സ്വകാര്യ വ്യക്തിയുടെ കേസില്‍ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് വീണത്. റെയില്‍വെയുടെ വൈദ്യുതി ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു. വലിയ ശബ്ദത്തോടെയാണ് മരം ഒടിഞ്ഞുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റണമെന്ന് സ്ഥലം ഉടമയ്ക്ക് നേരത്തെ നോട്ടിസ് നല്‍കിയിരുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. മഴയില്‍ മരം നനഞ്ഞിരുന്നതിനാല്‍ തീ ആളിക്കത്തിയില്ല. ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കേരള സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എറണാകുളം ജംക്ഷനിലും ബിലാസ്പുര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എറണാകുളം സൗത്ത് ജംക്ഷനിലും പിടിച്ചിട്ടിരിക്കുകയാണ്.