- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിച്ചിലെ മണ്ണിന്റെ രുചി എന്തായിരുന്നു? കൂടിക്കാഴ്ചയില്‍ രോഹിതിനോട് പ്രധാനമന്ത്രി; കോലിയോട് ചോദിച്ചത് ഫൈനലിന് മുമ്പുള്ള മാനസികാവസ്ഥ
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി കിരീടം നേടിയ ശേഷം വിജയാഘോഷത്തിനിടെ മത്സരം നടന്ന കെന്‍സിങ്ടണ്‍ ഓവലിലെ പിച്ചില്‍ നിന്ന് മണ്ണെടുത്ത് കഴിക്കുന്ന രോഹിത് ശര്‍മയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഐസിസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ തന്നെ ഇതിന്റെ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു.
ജീവിതകാലം മുഴുവന്‍ ഈ പിച്ചിന്റെ ഒരു ഭാഗം തന്നോടൊപ്പം സൂക്ഷിക്കാന്‍ വേണ്ടിയാണ് മണ്ണെടുത്ത് കഴിച്ചതെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്. എന്നാല്‍ കിരീടനേട്ടത്തിന് ശേഷം രാ്ജ്യത്ത് മടങ്ങിയെത്തിയ ഇന്ത്യന്‍ ടീം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ നായകന് രോഹിത് ശര്‍മയോട് പിച്ചിലെ മണ്ണിന്റെ രുചി എന്തായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിക്കുകയും ചെയ്തു. എന്നാല്‍ ഒരു പുഞ്ചിരിയായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി.
ലോകകപ്പിനു ശേഷം വ്യാഴാഴ്ച പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിനിടെയായിരുന്നു രോഹിത്തിനോടുള്ള മോദിയുടെ ചോദ്യം. വിരാട് കോലിയോട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനു മുമ്പുള്ള മാനസികാവസ്ഥ എന്തായിരുന്നുവെന്നും മോദി ചോദിച്ചു.
മത്സരത്തിനു ശേഷമുള്ള കാഴ്ചകളെല്ലാം തന്നെ അവിസ്മരണീയമായിരുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്ന താരങ്ങളും, നിറകണ്ണുകളോടെ വിജയത്തെ സ്വീകരിച്ചവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായത് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലെ പിച്ചിലെ മണ്ണ് കഴിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ദൃശ്യമായിരുന്നു. പിച്ചിലെ മണ്ണെടുത്ത് രോഹിത് കഴിക്കുന്ന ദൃശ്യങ്ങള്‍ ഐസിസി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
"അത് എങ്ങനെ സംഭവിച്ചുവെന്ന് വിവരിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത് പ്ലാന്‍ ചെയ്ത കാര്യമായിരുന്നില്ല. അങ്ങനെ അങ്ങ് സംഭവിച്ചുപോയതാണ്. പിച്ചിലേക്ക് പോകുമ്പോള്‍ ഞാന്‍ ആ വിജയ നിമിഷം അനുഭവിക്കുകയായിരുന്നു. കാരണം ആ പിച്ചാണ് ഞങ്ങള്‍ക്ക് ഈ വിജയം സമ്മാനിച്ചത്. ആ പ്രത്യേക പിച്ചില്‍ കളിച്ചാണ് ഞങ്ങള്‍ വിജയിച്ചത്, ആ മൈതാനവും. ഇനിയുള്ള ജീവിതകാലമത്രയും ആ മൈതാനവും പിച്ചും ഞാന്‍ ഓര്‍ക്കും. അതിനാല്‍ തന്നെ അതിന്റെ ഒരുഭാഗം എന്നോടൊപ്പം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ആ നിമിഷങ്ങള്‍ വളരെ സവിശേഷമാണ്, ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ച സ്ഥലമാണത്. എനിക്ക് അതിന്റെ ഒരുഭാഗം വേണമായിരുന്നു. അതായിരുന്നു മണ്ണെടുത്ത് കഴിച്ചതിന് പിന്നിലെ വികാരം." രോഹിത് അന്ന് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.