പത്തനംതിട്ട: കാപ്പ കേസ് പ്രതിയെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചതിനെ ന്യായീകരിച്ച് വെട്ടിലായത് ജില്ലാ സെക്രട്ടറി. ഈ കൂട്ടത്തില്‍ മാലയിട്ട് സ്വീകരിച്ച യുവാവ് കഞ്ചാവ് കേസില്‍ പ്രതിയായപ്പോള്‍ ന്യായീകരണത്തിന് ചുമതലപ്പെടുത്തിയത് ഏരിയ സെക്രട്ടറിയെ. ഏരിയ സെക്രട്ടറിയും ന്യായീകരിച്ച് മെഴുകി. ആര്‍ക്കും ദഹിക്കാത്ത ഒരു ക്യാപ്സ്യൂളും നല്‍കി. കഞ്ചാവ് കേസില്‍ യുവാവിനെപ്പെടുത്തിയതാണ് പോലും. എക്സൈസ് ഉദ്യോഗസ്ഥന്‍ സംഘിയാണത്രേ.

ആരോഗ്യമന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സി.പി.എമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചതിന്റെ രണ്ടാം ദിവസമാണ് മലയാലപ്പുഴ മൈലാടുംപാറ സ്വദേശി യദുകൃഷ്ണന്‍ രണ്ടു ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം യദുകൃഷ്ണന്‍ കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. തിങ്കളാഴ്ച ഇയാള്‍ കഞ്ചാവുമായി പത്തനംതിട്ട എക്സൈസിന്റെ പിടിയിലാവുകയും ചെയ്തു. പിന്നാലെ മലയാലപ്പുഴ ലോക്കല്‍ സെക്രട്ടറി മിഥുന്റെ നേതൃത്വത്തില്‍ എക്സൈസ് ഓഫീസില്‍ നിന്ന് യദുവിനെ ജാമ്യത്തില്‍ ഇറക്കി. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയത്.

കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം ബി.ജെ.പി-യുവമോര്‍ച്ച അനുഭാവികളായ 62 പേരാണ് കഴിഞ്ഞ വെള്ളിയാഴ്ച കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ വച്ച് സി.പി.എമ്മില്‍ ചേര്‍ന്നത്. ഇവരെ മാലയിട്ടും മുദ്രാവാക്യം വിളിച്ചും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് ആരോഗ്യമന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ആയിരുന്നു. കാപ്പ കേസ് പ്രതിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് വിവാദമായപ്പോള്‍ ന്യായീകരണവുമായി മന്ത്രിയും ജില്ലാ സെക്രട്ടറിയും രംഗത്തു വന്നിരുന്നു. കാപ്പ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നാണ് ഇവര്‍ വാദിച്ചത്.

യഥാര്‍ഥത്തില്‍ രാഷ്ട്രീയ കേസൊന്നും ശരണിനെതിരേ ഇല്ലായിരുന്നു. സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയെയാണ് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വാദിക്കുന്ന മന്ത്രിയടക്കം മാലയിട്ട് സ്വീകരിച്ചത്. ഇത് വിവാദമായപ്പോള്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ജില്ലാ സെക്രട്ടറി അടക്കം ശ്രമിച്ചു. സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറിയുടെ പേര് പറഞ്ഞ് ആരോഗ്യമന്ത്രിയും മാധ്യമങ്ങക്കക്ക് മുന്നില്‍ നിന്ന് തലയൂരി. എന്നാല്‍, ഈ വിവാദ പാര്‍ട്ടി മാറ്റത്തില്‍ ഉള്‍പ്പെട്ടയാള്‍ കഞ്ചാവുമായി പിടിയിലായതോടെ ഇരുവരും വീണ്ടും ഊരാക്കുടുക്കിലായി. എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസ് രേഖകളിലുള്ളതിനാല്‍ നിഷേധിക്കാനും കഴിയുന്നില്ല.

ഇതോടെയാണ് പത്തനംതിട്ട ഏരിയ സെക്രട്ടറി വിചിത്രന്യായീകരണവുമായി രംഗത്തു വന്നിരിക്കുന്നത്. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ കുടുക്കിയതാണ്. എക്്സൈസ് ഉദ്യോഗസ്ഥന്‍ യുവമോര്‍ച്ചക്കാരനും സംഘിയുമാണ് എന്നാണ് ഏരിയ സെക്രട്ടറി പറയുന്നത്. അന്ന് സിപിഎമ്മില്‍ ചേര്‍ന്ന 62 പേരില്‍ ആര്‍ക്കെതിരേ വേണമെങ്കിലും ഇനിയും കള്ളക്കേസ് വരാമെന്ന മുന്‍കൂര്‍ ജാമ്യവും ഏരിയ സെക്രട്ടറി എടുക്കുന്നുണ്ട്.

എന്നാല്‍, സിപിഎം ഭരിക്കുമ്പോള്‍ അവരുടെ ആളുകള്‍ക്കെതിരേ എങ്ങനെ കള്ളക്കേസ് എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്ന ചോദ്യത്തിന് മറുപടിയില്ല. കഴിഞ്ഞ ദിവസം ന്യായീകരിച്ച് ജില്ലാ സെക്രട്ടറി വെട്ടില്‍ വീണതിനാലാണ് ഇക്കുറി ന്യായീകരണത്തിന് ഏരിയ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.