ദില്ലി: രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ജനുവരി 26 മുതല്‍ സര്‍വ്വീസ് തുടങ്ങും. ദില്ലി ശ്രീനഗര്‍ റൂട്ടില്‍ സര്‍വീസ് നടത്താനാണ് ആലോചന. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകള്‍ സജ്ജമാകുന്നതെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ പറഞ്ഞു. ദില്ലിയില്‍ നിന്ന് രാത്രി ഏഴിന് പുറപ്പെടുകയും രാവിലെ എട്ടിന് ശ്രീനഗറില്‍ എത്തുകയും ചെയ്യുന്ന നിലയിലുളള സര്‍വീസാണ് പരിഗണനയിലെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.

എസി ത്രീ ടയര്‍ , ടൂ ടയര്‍ , ഫസ്റ്റ് എസി കോച്ചുകളിലായി 823 പേര്‍ക്ക് സ്ലീപ്പര്‍ ട്രെയിനില്‍ യാത്ര ചെയ്യാം. ലഖ്‌നൌവിലെ ആര്‍ഡിഎസ്ഒയിലെ പരിശോധനകള്‍ക്ക് ശേഷം കമ്മീഷനിംഗിന് മുന്നോടിയായുള്ള നടപടികള്‍ക്കായി ട്രെയിനുകള്‍ ചെന്നൈ ഐസിഎഫിലെത്തിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് ആണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് കമ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. യാത്രയില്‍ വലിയ കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളുമടക്കം യാത്രയെ സുഖരമാക്കുന്ന തരത്തിലാണ് നിര്‍മ്മാണം. യാത്രക്കാര്‍ക്ക് വായിക്കാനുള്ള പ്രത്യേക ലൈറ്റിങ് സംവിധാനമടക്കം നിരവധി പ്രത്യേകതകളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.