അടൂർ: വയോധികന്റെ മൃതദേഹം വച്ച് വസ്തു തർക്കത്തിൽ വിലപേശൽ നടത്താനുള്ള ബന്ധുക്കളുടെ നീക്കത്തിന് ഒരാഴ്ചയ്ക്ക് ശേഷം പൊലീസിന്റെ നേതൃത്വത്തിൽ വിരാമം. ആർഡിഓയുടെ നിർദ്ദേശപ്രകാരം പൊലീസ് ഇടപെട്ട് മൃതദേഹം ബലമായി മരിച്ചയാളുടെ പറമ്പിൽ തന്നെ സംസ്‌കരിച്ചു. അങ്ങാടിക്കൽ തെക്ക് കാവിൽ പടി വിശ്വഭവനത്തിന്റെ കൊച്ചു കുഞ്ഞി(90)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11 മണിയോടെ വാതകച്ചൂളയിൽ ദഹിപ്പിച്ചത്.

മാർച്ച് ഒന്നിനാണ് കൊച്ചുകുഞ്ഞ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കാൻ സ്ഥലമില്ലെന്ന് കാട്ടി കൊച്ചുകുഞ്ഞിന്റെ ബന്ധുക്കൾ രംഗത്ത് വന്നു. തങ്ങളുടെ സ്ഥലം കൊച്ചുകുഞ്ഞിന്റെ മൂത്തസഹോദരന്റെ മകനായ വാസുവെന്ന രാജൻ കൈയേറിയിരിക്കുകയാണെന്നും ഇവിടെ മൃതദേഹം സംസ്‌കരിക്കണമെന്നായിരുന്നു കൊച്ചുകുഞ്ഞിന്റെ ഭാര്യയുടെയും മകളുടെയും നിലപാട്. തങ്ങൾക്ക് ആകെയുള്ള ഭൂമിയിൽ വീട്, കിണർ വേസ്റ്റ് ടാങ്ക്, കുടുംബക്ഷേത്രം എന്നിവ നിലനിൽക്കുന്നതിനാൽ മൃതദേഹം സംസ്‌കരിക്കാൻ സ്ഥലമില്ലെന്നായിരുന്നു ഇവരുടെ വാദം. സ്ഥലം അളന്ന് അതിർത്തി തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ആർഡിഓയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു.

കൊച്ചുകുഞ്ഞിന്റെ് മൃതദേഹം ഏഴു ദിവസത്തോളം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു വരികയായിരുന്നു. സംസ്‌കാരത്തിന്റെ പേരിൽ സ്ഥലത്ത് സംഘർഷം ഉടലെടുക്കുന്നുവെന്ന് കണ്ട് അടൂർ ആർഡിഓയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കൊച്ചുകുഞ്ഞിന്റെ ബന്ധുക്കളെ വിളിച്ച് മൃതദേഹം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ടു. തങ്ങളുടെ ഭൂമി കൈയേറിയ എതിർ കക്ഷികളെ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ആരോപിച്ച് ഇവർ മൃതദേഹം സംസ്‌കരിക്കാൻ തയാറായില്ല. ചർച്ചയ്ക്ക് വിളിപ്പിച്ചവർ തങ്ങളോട് മൃതദേഹം സംസ്‌കരിച്ചില്ലെങ്കിൽ ബലപ്രയോഗം നടത്തി പൊലീസ് സംസ്‌കരിക്കുമെന്നും തങ്ങളെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞതായി പറയുന്നു.

ഒരു വിധത്തിലും ബന്ധുക്കൾ സമ്മതിക്കില്ലെന്ന് വന്നതോടെ ആർഡിഓയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാൻ പൊലീസും പഞ്ചായത്ത് അധികൃതരും തീരുമാനിച്ചു. ഇതനുസരിച്ച് രാവിലെ 11 ഇടത്തിട്ട മോർച്ചറിയിൽ നിന്നും കൊടുമൺ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മൃതദേഹം എടുത്ത് മതാചാര പ്രകാരം വിശ്വഭവനം വീട്ടുവളപ്പിൽ ദഹിപ്പിച്ചു. മരിച്ചയാളുടെ കൊച്ചുമകളായ തുഷാരയുടെ നേതൃത്വത്തിൽ ഒരു സംഘം ചടങ്ങ് തടസപ്പെടുത്താൻ ശ്രമിച്ചു.

ദളിത സംഘനയുടെ ആൾക്കാരെന്ന പേരിൽ ഇവർ സംസ്‌കാരത്തിന് വന്ന ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അംഗങ്ങളെയും പാർട്ടി പ്രവർത്തകരെയും തെറി വിളിച്ചു. വൻ പൊലീസ് സന്നാഹത്തിലാണ് മൃതദേഹം പുറത്തെടുത്തതും സംസ്‌കാരം നടത്തിയതും. എതിർപ്പുമായി നിന്നവർ സ്ഥലത്തു സന്നിഹിതരായിരുന്ന സിപിഎം നേതാക്കളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അങ്ങാടിക്കൽ, കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, മറ്റു പ്രാദേശിക നേതാക്കൾ എന്നിവരെ അസഭ്യം വിളിച്ചു. പ്രകോപിതരായ സിപിഎം പ്രവർത്തകർ ഈ വീട്ടുകാരെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് ബന്തവസും ശക്തമാക്കിയിട്ടുണ്ട്.