- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെയും പീഡാനുഭവത്തിന്റെയും സ്മരണ; ലോകമെമ്പാടും ഇന്ന് ദുഃഖവെള്ളി; പീഡാനുഭവ സ്മരണയില്‍ വിശ്വാസികള്‍, മലയാറ്റൂരിലേക്ക് വിശ്വാസ സാഗരം

കൊച്ചി: യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെയും പീഡാനുഭവത്തിന്റെയും സ്മരണ പുതുക്കി ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കുന്നു. അതിരാവിലെ മുതല്‍ തന്നെ പള്ളികളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും കുരിശിന്റെ വഴി പ്രാര്‍ത്ഥനകളും പ്രത്യേക ശുശ്രൂഷകളും ആരംഭിച്ചു. 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചതെന്ത്?' എന്ന ക്രിസ്തുവിന്റെ അന്ത്യമൊഴികള്‍ വിശ്വാസിമനസ്സുകളില്‍ പ്രാര്‍ത്ഥനയായി നിറയുന്ന ദിനമാണിന്ന്.
കേരളത്തിലെ പ്രശസ്തമായ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് വിശ്വാസികളുടെ വന്‍ ഒഴുക്കാണ് ദൃശ്യമാകുന്നത്. 'പൊന്നിന്‍ കുരിശു മുത്തപ്പപ്പൊ മല കയറ്റം' എന്ന പ്രാര്‍ത്ഥനയുമായി ആയിരക്കണക്കിന് വിശ്വാസികളാണ് പുലര്‍ച്ചെ മുതല്‍ മലകയറുന്നത്. കഠിനമായ ചൂടിനെപ്പോലും അവഗണിച്ച്, തോളില്‍ മരക്കുരിശുകളും പേറി പ്രായഭേദമന്യേയുള്ള വിശ്വാസികളുടെ പ്രവാഹം മലയാറ്റൂര്‍ പരിസരത്തെ ഭക്തിസാന്ദ്രമാക്കി.
സംസ്ഥാനത്തെ വിവിധ ഇടവകകളില്‍ കുരിശിന്റെ വഴി യാത്രകള്‍ നടക്കുന്നുണ്ട്. വിശ്വാസികള്‍ വലിയ മരക്കുരിശുകള്‍ പേറി വിലാപയാത്രയായി നീങ്ങുന്ന കാഴ്ചകള്‍ എല്ലായിടത്തും ദൃശ്യമാണ്. പള്ളികളില്‍ ഇന്ന് ദിവ്യബലി ഉണ്ടാകില്ല. പകരം പീഡാനുഭവ വായന, കുരിശു വന്ദനം, നഗരികാണിക്കല്‍ തുടങ്ങിയ ചടങ്ങുകളാണ് നടക്കുന്നത്. വൈകുന്നേരത്തോടെ പള്ളികളില്‍ കയ്പ്പനീര്‍ കുടിക്കുന്ന ചടങ്ങും നടക്കും.


