കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കാപ്പാട്, പൊന്നാനി എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതോടെ ഇന്ന് ചെറിയ പെരുന്നാളായി വിവിധ ഖാസിമാരും മത നേതാക്കളും പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഈദ്ഗാഹ് നടക്കും. പള്ളികളിലേയും ഈദ് ഗാഹുകളിലേയും പ്രാര്‍ത്ഥനക്ക് ശേഷം സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചും പുതിയ വസ്തങ്ങള്‍ ധരിച്ചും വിശ്വാസികള്‍ ഇന്ന് ആഘോഷമാക്കും.

റംസാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷമെത്തുന്ന ചെറിയ പെരുന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ വിശ്വാസിയും. പെരുന്നാളിന് പുത്തന്‍ ഉടുപ്പ് ധരിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സ് കൂടി പുതുപുത്തന്‍ ആകണം, ഹൃദയം സംശുദ്ധമാകണം. എല്ലാവരും സൗഹാര്‍ദവും സാഹോദരവ്യവും ഒത്തൊരുമയും ഊട്ടിയുറപ്പിച്ച് കുടുംബ ബന്ധം, സൗഹൃദം ശക്തിപ്പെടുത്തണം. എല്ലാ വിശ്വാസികളോടും മത നേതാക്കള്‍ക്ക് പെരുന്നാള്‍ ആശംസയില്‍ പറയാനുള്ളത് ഇതാണ്.

ആഘോഷം അതിരുവിടരുതെന്നും പ്രാര്‍ത്ഥനയില്‍ ലഹരി വിരുദ്ധ തിജ്ഞയുണ്ടാവണമെന്നും മത നേതാക്കള്‍ കൂട്ടിചേര്‍ത്തു. പെരുന്നാള്‍ ഉറപ്പിച്ചതോടെ ഇന്നെല രാത്രി തന്നെ എല്ലായിടത്തും ഫിത്തര്‍ സക്കാത്ത് വിതരണം നടന്നു. പെരുന്നാള്‍ ദിവസം ആരും പട്ടിണികിടക്കരുതെന്ന വലിയ ഉദ്ദേശത്തിലാണ് ഫിത്തര്‍ സക്കാത്ത് വിതരണം. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. മക്കയിലും മദീനയിലുമായി പെരുന്നാള്‍ നമസ്‌കാരത്തിനു 30 ലക്ഷത്തോളം വിശ്വാസികളെത്തി.