തിരുവനന്തപുരം: ശിവഗിരി മഠം സംഘടിപ്പിക്കുന്ന ലോക സര്‍വമത സമ്മേളനത്തിന് 29ന് വത്തിക്കാനില്‍ തുടക്കമാകും. സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുഗ്രഹപ്രഭാഷണം നടത്തും. 29, 30, ഡിസംബര്‍ 1 തീയതികളിലാണ് സമ്മേളനം. ഇറ്റലിക്കു പുറമേ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 100 പ്രതിനിധികളും ഇന്ത്യയില്‍ നിന്നടക്കമുള്ള ജനപ്രതിനിധികളും സന്യാസിമാരും പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ശിവഗിരിയില്‍ നിന്നുള്ള സന്യാസി സംഘം 28ന് വത്തിക്കാനിലെത്തും.

ആലുവയില്‍ ശ്രീനാരായണഗുരു സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് ലോക സര്‍വമത സമ്മേളനമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അറിയിച്ചു. 29ന് കര്‍ദിനാള്‍ മിഗേല്‍ എയ്ഞ്ചല്‍ അയുസോ ഗഹോട്ട് സര്‍വമത സമ്മേളനം ഉദ്ഘാടനം ചെയ്യും. 'ദൈവദശകം' ഇറ്റാലിയന്‍ ഭാഷയിലേക്കു തര്‍ജമ ചെയ്തത് ആലാപനം നടത്തിയാണ് തുടക്കം.

റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റി, ഇന്റര്‍ ഫെയ്‌സ് ഡയലോഗിന്റെ അധ്യക്ഷന്‍ ഫാ.മിഥിന്‍ ജെ.ഫ്രാന്‍സിസ് ആണ് സമ്മേളനത്തിന്റെ മോഡറേറ്റര്‍. ലോകത്തെ എല്ലാ മതവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരും വത്തിക്കാനിലെ വിവിധ മഠങ്ങളിലെ പുരോഹിതരും സമ്മേളനത്തില്‍ പങ്കെടുക്കും.