- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊന്നകത്ത് ജാനകിയമ്മ എഴുതിയ ഹരിഹരാത്മജ അഷ്ടകം; സ്വാമി അയ്യപ്പൻ സിനിമയ്ക്ക് വേണ്ടി ദേവരാജൻ മധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയപ്പോൾ വിശ്വപ്രസിദ്ധമായി; അയ്യപ്പന്റെ ഉറക്കുപാട്ട് ശതാബ്ദിയിൽ; ഹരിവരാസനം ആഘോഷങ്ങൾക്ക് നാളെ പന്തളത്ത് തുടക്കം
പത്തനംതിട്ട: 'ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം': ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിന് മുൻപ് സ്വാമി അയ്യപ്പനെ ഉറക്കുന്ന പാട്ടാണ്. യേശുദാസിന്റെ ശബ്ദസൗകുമാര്യത്തിൽ ധർമശാസ്താവിനെ ഉറക്കുന്ന പാട്ട് രചിക്കപ്പെട്ടിട്ട് നൂറുവയസ് തികയുകയാണ് അടുത്ത വർഷം. ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ അയ്യപ്പന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന പന്തളത്ത് തുടക്കം കുറിക്കും.
സംസ്കൃതത്തിൽ ഓരോ വരിയിലും 11 അക്ഷരങ്ങൾ വീതം 32 വരികൾ (എട്ട് അഷ്ടകങ്ങൾ) സമ്മത എന്ന വൃത്തത്തിൽ 1923 ൽ കൊന്നകത്ത് ജാനകിയമ്മയാണ് ഈ ഗാനം രചിച്ചതെന്ന് മകൾ ചേർത്തല സ്വദേശി ബാലാമണി അമ്മ പറഞ്ഞിരുന്നു. ആലപ്പുഴ ജില്ലയിലെ പുറക്കാടിനടുത്തുള്ള ആനന്ദേശ്വരം സ്വദേശിയും അയ്യപ്പഭക്തയുമായ കൊന്നകത്ത് ജാനകി അമ്മ പിന്നീട് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലേക്ക് കുടുംബത്തോടെ താമസം മാറ്റി.
ഹരിവരാസനം എന്നറിയപ്പെടുന്ന ഹരിഹരാത്മജ അഷ്ടകം മധ്യമാവതി രാഗത്തിൽ ദേവരാജൻ മാസ്റ്റർ സംഗീതം നൽകി 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന മലയാള ചിത്രത്തിലൂടെയാണ് പുറത്തു വന്നപ്പോഴാണ് ജനപ്രിയമായത്.
ഹരിവരാസനം എന്ന വിഷയത്തിൽ മറ്റു ചില ശ്ലോകങ്ങൾ അടങ്ങിയ ഒരു ചെറിയ പുസ്തകം ശ്രീ ധർമ്മശാസ്ത്രു സ്തുതി കദംബം എന്ന പേരിൽ 1961ൽ തിരുവനന്തപുരം ചാലായിലുള്ള ജയചന്ദ്ര ബുക്ക് ഡിപ്പോയിൽ നിന്നും അച്ചടിച്ച് കമ്പംകുടി കുളത്തൂർ സുന്ദരം അയ്യർ എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗാനം സന്നിധാനത്ത് പതിവായി ആലപിക്കാൻ തുടങ്ങിയ തീയതിയെക്കുറിച്ച് വ്യക്തമോ ആധികാരികമോ ആയ രേഖകൾ ഒന്നുമില്ല. പഴയ ഗുരുസ്വാമിമാരിൽ ചിലരുടെയും ദീർഘകാല ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെയും അഭിപ്രായത്തിൽ 1952 മുതൽ ഏകദേശം 70 വർഷമായി സന്നിധാനത്ത് ഇത് പതിവായി പാടുന്നു.
ശബരിമല അയ്യപ്പ സേവാ സമാജത്തോടൊപ്പം ആചാര്യവൃന്ദവും ആധ്യാത്മിക പ്രസ്ഥാനങ്ങളും ഹൈന്ദവ സംഘടനകളും വിവിധ അയ്യപ്പഭക്ത സമിതികളും ചേർന്ന് അടുത്ത 18 മാസത്തോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വിശ്വവ്യാപകമായി ഹരിവരാസന ശതാബ്ദി ആഘോഷിക്കും. ഇതിനോടനുബന്ധിച്ചുള്ള ഘോഷയാത്ര നാളെ ഉച്ച കഴിഞ്ഞ് രണ്ടിന് മെഡിക്കൽ മിഷൻ ജങ്ഷനിൽ നിന്നും ആരംഭിക്കും. വലിയ കോയിക്കൽ ക്ഷേത്രത്തിന് സമീപം വൈകിട്ട് നാലിന് സമാപിക്കുമ്പോൾ പൊതുസമ്മേളനം നടക്കും.
ജാനകി അമ്മയുടെ കൊച്ചുമകനും ഒരേ കുടുംബാംഗവുമായ മോഹൻകുമാറാണ് ഹരിവരാസനം എന്ന പേരിൽ ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കാൻ മുൻകൈയെടുത്തത്. ജാനകി അമ്മയുടെ പിതാവ് ശബരിമലയിലെ പുരോഹിതനായിരുന്നു, (വെളിച്ചപ്പാട് അല്ലെങ്കിൽ കോമരം). ഈ ചരിത്രസത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും പുറംലോകത്തെ അറിയിക്കുന്നതിനും ചരിത്ര ഗവേഷകനായ ഡോ.സുരേഷ് മാധവിന്റെ പങ്ക് ശ്രദ്ധേയമാണ്.
അയ്യപ്പധർമ്മം രാജ്യത്തുട നീളം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്വാമി വിമോചനാനന്ദയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ ആചാരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 1950 ൽ ശബരിമല ക്ഷേത്രം നശിപ്പിക്കപ്പെട്ടു. 1952 ലാണ് സ്വാമി അയ്യപ്പന്റെ ഇന്നത്തെ വിഗ്രഹം പ്രതിഷ്ഠിച്ചത്. സംഭവത്തിന് ശേഷം മൂന്ന് അയ്യപ്പവിഗ്രഹങ്ങൾ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയാണ് ശബരിമല സന്നിധാനത്ത് എത്തിച്ചത്. ദേവപ്രശ്ന പ്രകാരം, മൂന്ന് അയ്യപ്പ വിഗ്രഹങ്ങളിൽ പി.ടി. രാജൻ തയാറാക്കിയതാണ് ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിക്കാൻ തെരഞ്ഞെടുത്തത്.
മറ്റ് രണ്ടെണ്ണം ഹരിദ്വാറിലും കാശിയിലും ക്ഷേത്രങ്ങളിൽ സ്ഥാപിച്ചു. സ്വാമി ചിന്മയാനന്ദ, സ്വാമി വിമോചനാനന്ദ, കമ്പംകുടി കുഴത്തൂർ അയ്യർ, പി.ടി. രാജൻ സ്വാമി (മധുര), സ്വാമി നവാബ് രാജമാണിക്കം, രാജഗുരു എം.എൻ.നമ്പ്യാർ തുടങ്ങിയവർ ശബരിമല സംരക്ഷണത്തിനും അയ്യപ്പ ധർമ്മപ്രചരണത്തിനും ഏറെ സമയം ചെലവഴിച്ചവരാണ്. അയ്യപ്പധർമ്മത്തിന്റെ മഹത്വം ലോകമെമ്പാടും അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ശബരിമല അയ്യപ്പ സേവാ സമാജം 2024 ജനുവരി വരെ നിരവധി പരിപാടികളോടെ ഹരിവരാസനം ശതാബ്ദി ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്