- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Religion
- /
- SABARIMALA
ശബരിമല വെര്‍ച്വല്‍ ക്യൂ; ബുക്ക് ചെയ്ത ശേഷം റദ്ദാക്കി ഉടന്‍ മറ്റൊരു തീയതി എടുക്കാന്‍ അവസരം: ഇത്തവണ സ്‌പോട്ട് ബുക്കിങ് നാലിടങ്ങളില്‍
ശബരിമല വെര്‍ച്വല്‍ ക്യൂ; ബുക്ക് ചെയ്ത ശേഷം റദ്ദാക്കി ഉടന്‍ മറ്റൊരു തീയതി എടുക്കാന്‍ അവസരം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കുചെയ്തശേഷം, ആ തീയതി വേണ്ടെങ്കില്‍ റദ്ദാക്കി മറ്റൊരു തീയതി ഉടന്‍ എടുക്കാന്‍ ഈ വര്‍ഷം മുതല്‍ അവസരം. ബുക്കുചെയ്തശേഷം എന്തെങ്കിലും കാരണവശാല്‍ ശബരിമല യാത്ര മാറ്റിവെക്കേണ്ടിവന്നാല്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിക്കുന്നുണ്ട്. റദ്ദാക്കാതിരുന്നാല്‍ ആ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നനിലയില്‍ തുടരും. ഇതുമൂലം, യാത്ര ആഗ്രഹിക്കുന്ന മറ്റൊരാള്‍ക്കുള്ള അവസരം നഷ്ടപ്പെടുകയുംചെയ്യും.
മലകയറ്റത്തിനിടെ ഹൃദയാഘാതം അടക്കമുള്ള കാരണങ്ങളാല്‍ മരിക്കുന്നവരുടെ ആശ്രിതരെ സഹായിക്കാനുള്ള നിധിയിലേക്ക് ഇഷ്ടമുള്ളവര്‍ക്ക് അഞ്ചുരൂപ നല്‍കാനും വെബ് സൈറ്റില്‍ ഇക്കുറി ഓപ്ഷന്‍ ചേര്‍ത്തിട്ടുണ്ട്. www.sabarimalaonline.org എന്നതാണ് സൈറ്റ്. ഒരു ദിവസം 70000 പേര്‍ക്കാണ് മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ബുക്കിങ് അനുവദിച്ചിരിക്കുന്നത്. 20000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനും അവസരമുണ്ട്. പമ്പ, നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍.
അയ്യപ്പചിത്രം ആലേഖനംചെയ്ത സ്വര്‍ണലോക്കറ്റ് ബുക്കുചെയ്യാനുള്ള അവസരവും വെര്‍ച്വല്‍ ക്യൂ സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ശബരിമല ശ്രീകോവിലില്‍ പൂജിച്ചതാണിത്. രണ്ടു ഗ്രാമിന്റേതിന് 21,120 രൂപ, നാലു ഗ്രാമിന്റേതിന് 42,240 രൂപ, ഒരു പവന്റേതിന് 84,480 രൂപ എന്നിങ്ങനെയാണ് വില. ബുക്കുചെയ്ത ലോക്കറ്റ് സന്നിധാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍നിന്നാണ് വാങ്ങേണ്ടത്. ഓണ്‍ലൈനില്‍ ബുക്കുചെയ്ത് പണമടച്ച ആള്‍ തന്നെ വരണം. പാന്‍കാര്‍ഡിന്റെ കോപ്പിയും കാണിക്കണം. നേരിട്ട് വാങ്ങുന്നവര്‍ തിരിച്ചറിയല്‍രേഖ കാണിക്കണം. ശബരിമല തീര്‍ഥാടനത്തിലെ വിവരങ്ങള്‍ അറിയാനുള്ള പില്‍ഗ്രിം ഗൈഡും വെബ് സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.




