- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിലും കുളിമുറിയിലും ഒളിഞ്ഞു നോട്ടം; മദ്യം അകത്തു ചെന്നാൽ വീടുകൾക്ക് നേരെ കല്ലേറ്; വീടിന്റെ വാതിൽ പൊളിച്ചു അകത്തു കയറിയ പൂവാലനെ ചെരിപ്പിലെ ചെളി ചതിച്ചു: മല്ലപ്പള്ളിയിലെ ഞരമ്പ് രോഗിയെ പൊക്കി: ഭവനഭേദനത്തിനും മോഷണ ശ്രമത്തിനും ആനിക്കോട് രഞ്ജിത് റിമാൻഡിൽ
മല്ലപ്പള്ളി: യുവതികളായ വീട്ടമ്മമാരും കുഞ്ഞുങ്ങളും തനിച്ചു താമസിക്കുന്ന വീട്ടിലും കുളിമുറിയിലും ഒളിഞ്ഞു നോട്ടവും മദ്യലഹരിയിൽ വീടുകളിലേക്ക് ചാത്തനേറും പതിവാക്കിയ യുവാവ് ഒടുക്കം പൊലീസ് പിടിയിൽ. വീട്ടമ്മയും കുഞ്ഞും തനിച്ച് താമസിക്കുന്ന വീടിന്റെ കതക് പൊളിച്ച് അകത്തു കടന്ന യുവാവിനെ സ്വന്തം ചെരിപ്പിലെ ചെളിയാണ് ചതിച്ചത്.
വീട്ടമ്മ ഉണർന്ന് ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും ചെരുപ്പിൽ നിന്നുള്ള ചെളി അവശേഷിച്ചു. ഇത് പിന്തുടർന്ന് പൂവാലനെ കൈയോടെ പൊക്കുകയും ചെയ്തു. ആനിക്കാട് നൂറോമ്മാവ് നെല്ലെ മുറിക്കുന്നേൽ രഞ്ജിത്തി(27)നെയാണ് കീഴ്‌വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അമ്മയും മകളും തനിച്ച് താമസിക്കുന്ന വീട്ടിലായിരുന്നു കഴിഞ്ഞ 13 ന് പുലർച്ചെ രണ്ടരയോടെ പ്രതി അതിക്രമിച്ചു കടന്നത്.
വീടിന് പിന്നിലെ തുറന്നു കിടന്ന ജനാലയിലൂടെ അടുക്കള വാതിലിന്റെ കൊളുത്ത് കമ്പ് ഉപയോഗിച്ച് നീക്കിയാണ് ഇയാൾ ഉള്ളിൽ കടന്നത്. തനിച്ചായതിനാൽ കിടപ്പു മുറിയിൽ ലൈറ്റ് തെളിച്ചാണ് വീട്ടമ്മയും കുട്ടിയും കിടന്നിരുന്നത്. മദ്യലഹരിയിലാണ് രഞ്ജിത്ത് ഈ വീട്ടിൽ കയറിയത്. മുറിയിലെത്തിയപ്പോൾ ലൈറ്റ് തെളിഞ്ഞു കിടക്കുന്നതാണ് കണ്ടത്. അത് ഓഫ് ചെയ്യാൻ ശ്രമിച്ചപ്പോൾ ശബ്ദം കേട്ട് വീട്ടമ്മ ഉണർന്നു. ഇതോടെ രഞ്ജിത്ത് ഓടി രക്ഷപ്പെട്ടു. ഇയാളുടെ ചെരുപ്പിൽ നിന്നുള്ള ചേറ് തറയിൽ പതിഞ്ഞിരുന്നു.
സമീപത്തെ വീടുകളിലും കുളിക്കടവുകളിലും ഒളിഞ്ഞു നോക്കുന്ന ശീലമുള്ള രഞ്ജിത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയത്. ഇയാളെ മുൻപ് പല തവണ നാട്ടുകാരും പൊലീസും താക്കീത് നൽകിയിട്ടുള്ളതായിരുന്നു. ഇയാളുടെ ചെരുപ്പിൽ ചേറിന്റെ അവശിഷ്ടം കണ്ട് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഭവനഭേദനം, മോഷണ ശ്രമം എന്നീ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ്.
എസ്ഐമാരായ ശ്യാം കുമാർ, എംകെ ഷിബു, എഎസ്ഐ സദാശിവൻ, സിപിഓ ജെറിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.