- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികൾ സംസ്ഥാനം വിട്ടെന്ന് പറഞ്ഞത് പച്ചക്കള്ളം; രഞ്ജിത്തിനെ കൊന്നവർ ഒളിച്ചിരിക്കുന്നത് മൂവാറ്റുപുഴ-പെരുമ്പാവൂർ മേഖലയിൽ; നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത രണ്ടു പേർ പിടിയിൽ; ബാക്കിയുള്ളവർക്കായി തെരച്ചിൽ; ഗൂഢാലോചന സഹായികളേയും ലക്ഷ്യമിട്ട് അന്വേഷണം
ആലപ്പുഴ: ബിജെപി. ഒ.ബി.സി. മോർച്ചാ സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ രണ്ടു പേർ ഉൾപ്പടെ നാല് എസ്.ഡി.പി.ഐക്കാർകൂടി അറസ്റ്റിലാകുമ്പോൾ പൊളിയുന്നത് പ്രതികൾ സംസ്ഥാനം വിട്ടെന്ന വാദം.
മുഖ്യപ്രതികളും ആലപ്പുഴ സ്വദേശികളുമായ രണ്ടു യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ കഴിഞ്ഞ 31ന് അവിടെനിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യംചെയ്തതോടെ കൃത്യത്തിൽ നേരിട്ടു പങ്കാളികളാണെന്നു വ്യക്തമായി. തിരിച്ചറിയൽ പരേഡ് വേണ്ടതിനാൽ ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസുകളിലെ കൂടുതൽ പ്രതികൾ പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിൽ ഒളിവിൽ തങ്ങുന്നു എന്നാണ് രഹസ്യവിവരം. ഇതേ തുടർന്ന് ഈ മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.
കൊലപാതകത്തിനു ശേഷം ഇരുവിഭാഗം പ്രതികളും എറണാകുളം ജില്ലയിലേക്കു കടന്നതായി അന്നുതന്നെ വിവരം ലഭിച്ചിരുന്നു. ആലപ്പുഴ കൊലപാതകങ്ങൾക്കു തുടർച്ചയായ അക്രമങ്ങൾക്കു പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടും നിലവിലുള്ള സാഹചര്യത്തിലാണു പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ഒളിവിൽ കഴിയുന്ന പ്രതികൾ സംസ്ഥാനം വിടാതിരിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സമീപ ജില്ലകളുടെ തമിഴ്നാട് അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെ ഗൂഢാലോചന, പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം എന്നിവയിലും എറണാകുളം ജില്ലയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റകൃത്യത്തിനു ശേഷം പ്രതികളെ സഹായിച്ച ചിലരുടെ ടെലിഫോൺ ടവർ ലൊക്കേഷനും ജില്ലയിലാണ്. കൊലപാതകങ്ങളിൽ നേരിട്ടു പങ്കില്ലാത്ത ഇവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മുഖ്യപ്രതികളുടെ അറസ്റ്റ് പൂർത്തിയാക്കിയ ശേഷം ഇവരെയും കസ്റ്റഡിയിൽ എടുക്കും.
ഗൂഢാലോചനയിൽ പങ്കാളിയായ ആലപ്പുഴ വലിയമരം വാർഡ് പുന്നയ്ക്കൽ പുരയിടത്തിൽ സെയ്ഫുദ്ദീൻ(48), പ്രതികൾക്കു വ്യാജ സിംകാർഡ് തരപ്പെടുത്തിക്കൊടുത്ത- പുന്നപ്ര കളിത്തട്ട് ജങ്ഷനു സമീപം ബി ആൻഡ് ബി എന്ന പേരിൽ മൊബൈൽ കട നടത്തുന്ന- പുന്നപ്ര സൗത്ത് വലിയപറമ്പിൽ മുഹമ്മദ് ബാദുഷ (27) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കടയിൽ സിം കാർഡ് എടുക്കാൻ വന്നയാളുടെ ആധാർ കാർഡും ഫോട്ടോയും ഉപയോഗിച്ച് അദ്ദേഹമറിയാതെ രണ്ടു സിം കാർഡ് തരപ്പെടുത്തുകയും അതിലൊന്ന് രൺജിത്ത് വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാൾക്കു നൽകുകയുമായിരുന്നു ബാദുഷ ചെയ്തത്.
വ്യാജരേഖ ചമച്ച് വിശ്വാസവഞ്ചന കാട്ടിയതിനാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. ബാദുഷ ഇത്തരത്തിൽ കൂടുതൽ സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടോയെന്നും ആർക്കൊക്കെ നൽകിയെന്നും ഇതിനു പിന്നിൽ ആരൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ട്. രൺജിത്ത് വധക്കേസിൽ പിടിയിലായവരുടെ ആകെ എണ്ണം ഇതോടെ 12 ആയി. രൺജിത് വധവുമായി ബന്ധപ്പെട്ടു 12 പേർ നേരിട്ടു കുറ്റകൃത്യത്തിൽ പങ്കെടുത്തെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
ആറു ബൈക്കുകളിലെത്തിയ 12 അംഗ സംഘത്തിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ആലപ്പുഴ സ്വദേശികളായ അനൂപ്, ജെസീബ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതികളിൽനിന്നു പല നിർണായകമായ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.