ന്യൂഡൽഹി: കേരളത്തിലെ മന്ത്രിമാരിൽ 12 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് ഇലക്ഷൻ വാച്ചും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ കേസുള്ളവർ 5 പേരാണ്.

തിരഞ്ഞെടുപ്പു സത്യവാങ്മൂലങ്ങൾ പരിശോധിച്ചാണ് വി. ശിവൻകുട്ടി ഒഴികെയുള്ളവരുടെ വിവരങ്ങൾ വിലയിരുത്തിയത്. ശിവൻകുട്ടിയുടെ പൂർണ വിവരങ്ങൾ ലഭ്യമല്ലെന്ന് റിപ്പോർട്ട് പറയുന്നു.

സിപിഎം മന്ത്രിമാരിൽ 7 പേർ കോടീശ്വരന്മാരാണ്. ഏറ്റവും സമ്പന്നൻ താനൂരിൽ നിന്നുള്ള വി. അബ്ദുറഹിമാൻ. 17.17 കോടി രൂപയാണ് ആസ്തി. കൂടുതൽ ബാധ്യതയും അദ്ദേഹത്തിനു തന്നെ 7.26 കോടി. സ്വത്തു കുറവുള്ളത് പി. പ്രസാദിനാണ് 14.18 ലക്ഷം.

സിപിഎം മന്ത്രിമാരിൽ 7 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. അതിൽ 4 എണ്ണവും ഗുരുതര കേസുകൾ. സിപിഐയുടെ 3 പേർക്കെതിരെ ക്രിമിനൽ കേസുണ്ട്. ജനാധിപത്യ കേരള കോൺഗ്രസ് മന്ത്രിയുടെ പേരിലുമുണ്ട് ഗുരുതര കേസ്. 5 വർഷമോ അതിൽ കൂടുതലോ ശിക്ഷ കിട്ടാവുന്നതാണ് ഗുരുതര കുറ്റകൃത്യങ്ങൾ. പൊതുമുതൽ നശിപ്പിക്കൽ, മറ്റു ജാമ്യമില്ലാ കുറ്റങ്ങൾ, കൊലക്കുറ്റം, വനിതകൾക്കെതിരായ അതിക്രമം എന്നിവ ഉൾപ്പെടും.