- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ കോവിഡ് വാക്സിന് അടിയന്തര അനുമതിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ; സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവയുടെ അപേക്ഷകൾ വിദഗ്ധ സമിതി അംഗീകരിച്ചില്ല; സാധാരണ നടപടിക്രമം മാത്രമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്; വാർത്ത വ്യാജമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിന് അടിയന്തര അനുമതിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വൻ വിവാദത്തിന് ഇടയാക്കി. കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ടുള്ള ഭാരത് ബയോടെക്കിന്റെയും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അപേക്ഷകൾ തള്ളിയെന്ന വാർത്ത വ്യാജമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറയുന്നത്.
അടിയന്തര ഉപയോഗത്തിന് അനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികൾ നൽകിയ അപേക്ഷകൾ വിദഗ്ധ സമിതി അംഗീകരിച്ചില്ലെന്നാണ് വാർത്ത പുറത്തുവന്നത്. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആവശ്യത്തിനു രേഖകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷകൾ തള്ളിയത്. കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സാധാരണ നടപടിക്രമം മാത്രമാണെന്നും ഒന്നോ രണ്ടോ ആഴ്ചകൾ കൂടി നീണ്ടേക്കുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് അപേക്ഷകൾ പരിഗണിച്ചത്. സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഫൈസർ, ഭാരത് ബയോടെക്് എന്നീ കമ്പനികളാണ് അപേക്ഷ നൽകിയിരുന്നത്. ഫൈസറിന്റെ അപേക്ഷ ബുധനാഴ്ച പരിഗണിച്ചില്ലെന്നാണു സൂചന. തിങ്കളാഴ്ചയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്, തദ്ദേശീയമായി നിർമ്മിച്ച ആദ്യ വാക്സീന്റെ (കോവാക്സിൻ) അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞയാഴ്ച അമേരിക്കൻ കമ്പനിയായ ഫൈസറാണ് ആദ്യമായി ഡ്രഗ്സ് കൺട്രോളർ ജനറലിന് അപേക്ഷ സമർപ്പിച്ചത്. തുടർന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ടും അപേക്ഷിച്ചു.
ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഓക്സ്ഫഡ് സർവകലാശാലയോടും ബ്രിട്ടിഷ് മരുന്നു നിർമ്മാതാക്കളായ അസ്ട്രസെനക്കയോടും ചേർന്നാണ് 'കോവിഷീൽഡ്' വാക്സീൻ വികസിപ്പിക്കുന്നത്. യുകെയിലും ബ്രസീലിലും നടത്തിയ പരീക്ഷണങ്ങളിൽ വാക്സീൻ 90 ശതമാനത്തോളം ഫലപ്രദമാണെന്നു അസ്ട്രസെനക്ക അവകാശപ്പെട്ടിരുന്നു. ഈ വാക്സീന്റെ പരീക്ഷണത്തിനെത്തിയ ചെന്നൈയിൽനിന്നുള്ള സന്നദ്ധ പ്രവർത്തകൻ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചതു വിവാദമായിരുന്നു.എന്നാൽ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഓക്സ്ഫഡ് വാക്സിനു കണ്ടെത്തിയിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയത്. ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും വികസിപ്പിച്ച കോവിഡ് വാക്സീൻ വിതരണത്തിന് കഴിഞ്ഞയാഴ്ച ബ്രിട്ടൻ അനുമതി നൽകിയിരുന്നു. മുന്നാംഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നത്.
മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണമെന്നാണ് ഫൈസർ വാക്സിന്റെ ഏറ്റവും വലിയ വെല്ലുവളി.
ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ ഒറ്റഡോസ് സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്ജിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതും വാർത്തയായിരുന്നു. എന്നാൽ ഒരാൾ 28 ദിവസത്തിനുള്ളിൽ രണ്ടു ഡോസ് സ്വീകരിച്ചാൽ മാത്രമേ പൂർണ ഫലപ്രാപ്തി ലഭിക്കുകയുള്ളുവെന്നു കമ്പനി വിശദീകരിച്ചു.
മറുനാടന് ഡെസ്ക്