ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള സംഘർഷത്തിൽ വീരമൃത്യു വരിച്ച ബിഹാർ റെജിമെന്റിലെ കമാൻഡിങ് ഓഫീസർ തെലങ്കാന സ്വദേശി കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവിർ ചക്ര. സ്തുത്യർഹ സേവനത്തിന് രാജ്യമൊട്ടാകെ 946 പേർക്കാണ് പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചത്.

കേരളത്തിൽ ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ടി കെ വിനോദിന് വിശിഷ്ടസേവനത്തിനുള്ള മെഡൽ ലഭിച്ചപ്പോൾ ഒമ്പത് പേർ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ നേടി.

തിരുവനന്തപുരം സൗത്ത് സോൺ ഐ ജി ഹർഷിത അട്ടലൂരി, പൊലീസ് ട്രെയിനിങ് കോളേജ് എസ് പി കെ എൽ ജോണിക്കുട്ടി, വിജിലൻസ് എസ് പി എൻ രാജേഷ്, മലപ്പുറത്തെ ഡെപ്യൂട്ടി കമൻഡാന്റ് ബി അജിത്കുമാർ, കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ കെപി അബ്ദുള്ള റസാഖ്, കാസർകോട് ഡി വൈ എസ് പി ഹരിഷ്ചന്ദ്രനായക്, കൊല്ലം കരുനാഗപ്പള്ളി സി ഐ എസ് മഞ്ജുലാൽ, വൈക്കം എസ് ഐ കെ നാസർ, മലപ്പുറം എസ് പി ഓഫീസിലെ കെ വത്സല എന്നിവരാണ് സ്തുത്യർഹ സേവനത്തിന് മെഡൽ നേടിയവർ.ധീരതയ്ക്കുള്ള മെഡലിന് ഇത്തവണ കേരളത്തിൽ നിന്ന് ആരും അർഹരായില്ല.