കണ്ണൂർ: റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകൾ തടയാൻ രൂപീകൃതമായ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ പരാതികൾ കുമിഞ്ഞുകൂടുമ്പോൾ റിയൽ എസ്റ്റേറ്റ് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് റെറ. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മുൻകൂട്ടി തടയാനും ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും നിയമ പരിരക്ഷ ഉറപ്പാക്കാനും റെറ തയ്യാറെടുപ്പുകൾ തുടങ്ങിയതായി ചെയർമാൻ പി.എച്ച്. കുര്യൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

അറുനൂറിലേറെ പദ്ധതികളും ഇരുനൂറോളം ഏജന്റുമാരുമാണ് ഒക്ടോബർ 30 വരെ 'റെറ'യിൽ രജിസ്റ്റർ ചെയ്തത്. 118 പ്രോജക്റ്റുകൾ പൂർത്തിയായി. 919 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 480 എണ്ണം തീർപ്പാക്കിയിട്ടുണ്ട്.

എല്ലാ ഡെവലപ്പർമാരും അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്തവർ പ്രോജക്റ്റുകൾ വിപണനം ചെയ്യുകയും പാട്ടത്തിന് നൽകുകയും ചെയ്യുമ്പോൾ 10 ശതമാനം വരെ പിഴയീടാക്കും. 500 ചതുരശ്രമീറ്ററോ അതിൽക്കൂടുതലോ ഭൂമിയിൽ നിർമ്മിക്കുന്ന എട്ടോ അതിലധികമോ പ്ലോട്ടോ വില്ലയോ ഫ്ളാറ്റോ വാണിജ്യ യൂണിറ്റുകളോ ഓഫീസുകളോ വാണിജ്യസ്ഥാപനങ്ങളോ ഗോഡൗണുകളോ ആണ് നിയമപ്രകാരം റിയൽ എസ്റ്റേറ്റ് പദ്ധതിയുടെ നിർവചനത്തിൽ വരിക. 2017 മെയ്‌ ഒന്നിന് മുൻപ് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ച പ്രോജക്റ്റുകൾ ഇതിൽ വരില്ല.

വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും കൃത്യമായ നിയമപരിരക്ഷ ഉറപ്പാക്കും. പ്രോജക്റ്റ് രജിസ്റ്റർ ചെയ്യുമ്പോൾ പറയുന്ന കാര്യങ്ങൾ മാത്രമേ ബിൽഡർമാർ പരസ്യത്തിൽ പറയാൻ പാടുള്ളൂ. കെട്ടിട നിർമ്മാണത്തിന് ഉപഭോക്താവിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ തുക മുൻകൂറായോ ആപ്ലിക്കേഷൻ ഫീസ് ആയോ വാങ്ങരുത്. മുൻകൂറായി വാങ്ങുന്ന തുകയുടെ 70 ശതമാനം ഷെഡ്യൂൾഡ് ബാങ്കിൽ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണം. കൃത്യസമയത്ത് എൻജിനീയർ, ചാർട്ടേഡ് അക്കൗണ്ടന്റ്, ആർക്കിടെക്റ്റ് എന്നിവരുടെ നിയമാനൃസൃത സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമേ ബിൽഡർക്ക് പിൻവലിക്കാൻ പറ്റൂ.

ഓരോ മൂന്നു മാസം കൂടുമ്പോഴും നിശ്ചിത േപാർട്ടലിൽ നിർമ്മാണത്തിന്റെ പുരോഗതി രേഖപ്പെടുത്തണം. ഉപഭോക്താക്കളുടെയും ബിൽഡർമാരുടെയും ഡെവലപ്പർമാരുടെയും പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും 'റെറ'യ്ക്ക് അധികാരമുണ്ട്്. അംഗങ്ങളായ അഡ്വ. പ്രീതാ മേനോൻ, എംപി. മാത്യൂസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.