- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നത് അജ്ഞാതം; ആത്മഹത്യ ചെയ്ത ആര്യയ്ക്കും എല്ലാം അറിയാമായിരുന്നു എന്ന നിഗമനത്തിൽ പൊലീസ്; കാമുകനെ കണ്ടെത്തൽ ഇനി പ്രയാസമാകും; രേഷ്മയുടെ മൊഴികൾ പച്ചക്കള്ളം; കരിയിലക്കൂട്ടത്തിലെ നവജാത ശിശുവിന്റെ കൊലയിൽ സർവ്വത്ര ദുരൂഹത
കൊല്ലം: കഴിഞ്ഞ ജനുവരി അഞ്ചിന് ഊഴായ്ക്കോട് പ്രദേശത്ത് കരിയിലക്കൂട്ടത്തിൽ നവജാതശിശുവിനെ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ അമ്മ ആരാണെന്ന അന്വേഷണം എത്തിയത് രേഷ്മ എന്ന യുവതിയിലേക്കാണ്. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇത് ഉറപ്പിച്ചത്. അതിന് ശേഷം കേരളം കേട്ടതെല്ലാം കല്ലുവാതുക്കലിൽ നിന്ന് അവിശ്വസനീയ കഥകളായിരുന്നു. ഇപ്പോഴിതാ ഈ കേസുമായി ചോദ്യം ചെയ്യാൻ വിളിച്ച രണ്ടു യുവതികൾ ആത്മഹത്യയും ചെയ്തു. ഇതോടെ ദുരൂഹത കൂടുകയാണ്.
കല്ലുവാതുക്കലിൽനിന്നു കാണാതായ രണ്ടു യുവതികളുടെ മൃതദേഹം ഇത്തിക്കരയാറിൽ കണ്ടെത്തുകയായിരുന്നു. നവജാതശിശുവിനെ െകാന്നകേസിൽ മൂന്നു ദിവസം മുൻപ് അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളാണ് മരിച്ചത്. കല്ലുവാതുക്കൽ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകൾ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. രേശ്മയുടെ ഭർത്താവിന്റെ സഹോദര ഭാര്യയാണ് ആര്യ. രേശ്മയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളാണ് ശ്രുതി.
സാധനങ്ങൾ വാങ്ങാൻ കടയിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആര്യ ഭർത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ടി. പിന്നീട് വീട്ടിലേക്കു തിരികെവന്നില്ല. സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ ടവർ ലൊക്കേഷനും പ്രകാരമാണ് ഇത്തിക്കരയാറിൽ പൊലീസും അഗ്നിശമനസേനയും പരിശോധന നടത്തിയതും മൃതദേഹങ്ങൾ കണ്ടെത്തിയതും. കേസിൽ നിർണായകമായ രണ്ടുപേരാണ് മരിച്ചത്.
പ്രസവിച്ചയുടൻ രേഷ്മ കുഞ്ഞിനെ കൊന്ന കേസിൽ മൊഴിയെടുക്കാൻ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും കാണാതായത്. ആര്യയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. നവജാതശിശുവിനെ കൊലപ്പെടുത്തിയ രേഷ്മയെ കുറ്റപ്പെടുത്തുന്നതാണ് കുറിപ്പ്. കുഞ്ഞിന്റെ അമ്മ ആരാണെന്ന അന്വേഷണത്തിലാണ് ഡിഎൻഎ പരിശോധനയിലൂടെ രേഷ്മയെ പിടികൂടിയതും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതും.
പ്രസവിച്ചയുടൻ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നൽകിയ മൊഴി. എന്നാൽ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. മരിച്ച ആര്യയുടെ പേരിലുള്ള മൊബൈൽനമ്പർ ഉപയോഗിച്ചുകൊണ്ടായിരുന്നു രേഷ്മയുടെ സമൂഹമാധ്യമ ഇടപെടൽ. ഇതിന്റെ വിശദാംശങ്ങൾ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. ഇതനിടെയാണ് ആത്മഹത്യ.
രേഷ്മയ്ക്ക് കാമുകൻ ഉണ്ടായിരുന്നോ എന്നത് ഇനിയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. കാമുകന് വേണ്ടിയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന് രേഷ്മ പറയുമ്പോൾ രേഷ്മയെ സഹായിച്ചവരെ കൂടി പൊലീസിന് കണ്ടെത്തണം. ഇതിനാണ് ആര്യയേയും ഗ്രീഷ്മയേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ആത്മഹത്യാ കാരണം ദുരൂഹം
ആത്മഹത്യ ചെയ്ത രണ്ടു പേരും ഇരുവരും അടുത്ത വീടുകളിലാണു താമസം. മുഖത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ബിസിഎ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. ആര്യയുടെ സിം കാർഡ് രേഷ്മ ഉപയോഗിച്ചിരുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്നാണു ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചത്. ഈ വിവരം ആര്യ രഞ്ജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു ഇതിനു പിന്നാലെയാണ് ഇരുവരെയും കാണാതായത്. ആര്യയുടെ 4വയസ്സായ മകനെ ഗ്രീഷ്മയുടെ അമ്മയെ ഏൽപിച്ച ശേഷമാണ് ഇരുവരും വീട്ടിൽ നിന്നു പോയത്.
ആര്യയുടെ സിം കാർഡ് ഉപയോഗിച്ചു രേഷ്മ കാമുകനെ വാട്സാപ്പിൽ വിളിച്ചു സംസാരിച്ചിരുന്നുവെന്നാണു പൊലീസിന്റെ സംശയം. എന്നാൽ ഇയാളെക്കുറിച്ച് ഇതുവരെ വിവരമില്ല. ഗ്രീഷ്മയെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നില്ലെന്നും ആര്യയുമായി വളരെ അടുപ്പമായതിനാൽ ഒപ്പം പോയതാകാനാണു സാധ്യതയെന്നും പൊലീസ് പറഞ്ഞു. പരേതനായ മുരളീധരക്കുറുപ്പിന്റെയും ശോഭനയുടെയും മകളാണ് ആര്യ. ഗ്രീഷ്മയുടെ പിതാവ് രാധാകൃഷ്ണപിള്ള ഗർഫിലാണ്. മാതാവ്: രജിത.
ആര്യയുടെ ആത്മഹത്യാ കുറിപ്പും ദുരൂഹമാണ്. രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് കുറിപ്പിലുള്ളത്. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താൻ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പൊലീസ് പിടികൂടുന്നത് സഹിക്കാൻ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. അറിഞ്ഞുകൊണ്ട് ആരേയും താൻ ചതിച്ചിട്ടില്ലെന്ന് ആര്യയുടെ കുറിപ്പിൽ പറയുന്നു. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.
കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത് താൻ ഒറ്റയ്ക്കാണെന്നും ഗർഭിണിയായിരുന്നെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നു എന്നുമുള്ള രേഷ്മയുടെ വാദവും ഇതോടെ പൊളിയുകയാണ്. ചോദ്യം ചെയ്യലിന് പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനു പിന്നാലെയാണ് ആര്യയെ കാണാതായത്. കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും ദുരൂഹമാണ്. ഈ സാഹചര്യത്തിൽ രേഷ്മയെ വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
രേഷ്മയുടെ ഭർത്താവ് ദുബായിൽ
പൊക്കിൾകൊടിപോലും മുറിച്ച് മാറ്റാതെ ചോര കുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച രേഷ്മയുടെ പ്രവർത്തികളിലും മൊഴികളിലും ദുരൂഹതകൾ ഏറെയാണ്. സംസ്ഥാനത്ത് ഏറെ ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു രേഷ്മ എന്ന 22 കാരിയായ അമ്മയുടെ ചെയ്തികൾ. രേഷ്മ പറഞ്ഞ കാര്യങ്ങൾ പൊലീസ് ഇപ്പോഴും മുഖവിലയ്ക്കെടുത്തിട്ടില്ല.
രേഷ്മ ഗർഭിണിയായിരുന്നപ്പോഴും പ്രസവിച്ചപ്പോഴും ഭർത്താവ് വിഷ്ണുവിനൊപ്പമായിരുന്നു താമസം. രേഷ്മയുടെ വീട്ടിൽ വിഷ്ണുവും രേഷ്മയുടെ മാതാപിതാക്കളായ സുദർശനൻ പിള്ളയും സീതയും രേഷ്മയുടെ സഹോദരി രശ്മിയുമുണ്ടായിരുന്നു. രേഷ്മ ഗർഭിണിയാണെന്ന കാര്യം ഇവരാരുമറിഞ്ഞില്ല എന്നതാണ് സംശയത്തിനിട നൽകുന്നത്. ഭർത്താവിൽ നിന്നു പോലും പത്ത് മാസം ഗർഭം ഒളിപ്പിച്ചു വച്ചു എന്നതും ഭർത്താവ് ഇതറിഞ്ഞതേയില്ല എന്നതും അവിശ്വസനീയമാണ്.
വിഷ്ണുവിനെയും അന്ന് പൊലീസ് പല തവണ ചോദ്യം ചെയ്യുകയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അതിന് ശേഷം നാല് മാസം മുമ്പാണ് വിഷ്ണു ദുബായിലേക്ക് പോയത്. രേഷ്മയും വിഷ്ണുവും പ്രണയവിവാഹിതരാണ്. മൂന്നര വയസ്സുള്ള ഒരു പെൺകുഞ്ഞ് കൂടി രേഷ്മയ്ക്കുണ്ട്. വിഷ്ണുവിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യും. ഇതും അന്വേഷണത്തിൽ നിർണ്ണായകമാകും.
ജനുവരിയിലെ ക്രൂരത
2021 ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് അണുബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തി.
ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് രേഷ്മയുടെ മൊഴി. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു.
ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസിനോട് രേഷ്മ പറഞ്ഞു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് ഇപ്പോഴും പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ