- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറസ്റ്റിലായ രേഷ്മയുമായി കാമുകൻ എന്ന മട്ടിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെൺകുട്ടികളോ? തമാശ രൂപേണ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിച്ചതും പ്രണയ കുരുക്കിൽ വീഴ്ത്തിയതതും ആര്യയും ഗ്രീഷ്മയും എന്ന് സംശയം; രണ്ട് യുവതികളുടെ ആത്മഹത്യ പിടിക്കപ്പെടുമെന്ന ഭയത്താൽ; ചോരക്കുഞ്ഞിനെ കൊന്ന കഥയിൽ കാമുകനിൽ അഭ്യൂഹം
കൊല്ലം: പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ കരയിലക്കൂനയിൽ ഉപേക്ഷിക്കുകയും പിന്നീട് ഉറുമ്പരിച്ച് കുഞ്ഞ് മരിച്ചു പോകുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിലായതിന് പിന്നാലെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ച യുവതികൾ ആത്മഹത്യ ചെയ്തതിൽ വൻ ദുരൂഹത. നവജാതശിശുവിനെ കൊന്നകേസിൽ മൂന്നു ദിവസം മുൻപ് അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകൾ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ ചാടി മരിച്ചത്.
രേഷ്മയ്ക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിട്ടാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇവർ ആത്മഹത്യ ചെയ്തതിന് പിന്നിൽ മറ്റൊരു കാരണമാവാമെന്നാണ് നാട്ടുകാരുടെ അനുമാനം. അറസ്റ്റിലായ രേഷ്മയുമായി ഫെയ്സ് ബുക്കിൽ കാമുകനെന്ന മട്ടിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെൺകുട്ടികളാണോ എന്ന് സംശയിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. തമാശ രൂപേണ രേഷ്മയുമായി യുവതികൾ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി രേഷ്മ പ്രണയത്തിലാവുകയുമായിരുന്നിരിക്കാം. ഒരിക്കലും കണ്ടിട്ടില്ല എന്ന് രേഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നതിനാൽ ഇത് ശരിയാവാമെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ പൊലീസ് ഇക്കാര്യം അന്വേഷിച്ചു വരികയാണ്. ഇവരുടെ മൊബൈൽ ഫോണുകളും നമ്പറുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. നാട്ടുകാരുടെ സംശയത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് പരിശോധനയ്ക്ക് ശേഷം അറിയിക്കാമെന്നാണ് പാരിപ്പള്ളി പൊലീസ് പറയുന്നത്. അതേ സമയം രേഷ്മയുടെ ഫെയ്സ് ബുക്ക് കാമുകനെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ ഫെയ്സ് ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങൾ കണ്ടെത്താൻ സൈബർസെൽ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതിന്റെ വിവരങ്ങൾ കിട്ടിയാൽ മാത്രമേ കേസിന്റെ ചുരുളഴിയുകയുള്ളൂ.
മൂന്നു ദിവസം മുൻപ് നവജാതശിശുവിനെ കൊന്ന കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്ക്കോട് സ്വദേശി രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളാണ് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും. രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ, രേഷ്മയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. കഴിഞ്ഞ ജനുവരി അഞ്ചിന് ഊഴായ്ക്കോട് ക്ഷേത്രത്തിന് സമീപമുള്ള സുദർനൻപിള്ളയുടെ വീടിന്റെ പറമ്പിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു ആൺകുഞ്ഞിനെ കണ്ടെത്തി. കരിയിലക്കൂട്ടത്തിൽ കിടന്ന ആൺകുഞ്ഞ് അവശനിലയിലായിരുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. നരഹത്യക്ക് കേസെടുത്ത പൊലീസ് പ്രദേശത്തെ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പക്ഷേ ആറുമാസത്തിനൊടുവിലാണ് കുഞ്ഞിന്റെ അമ്മ സുദർശനൻപിള്ളയുടെ മകൾ രേഷ്മയാണെന്ന് പൊലീസിന് കണ്ടെത്താനായത്. കോടതി അനുമതിയോടെ എട്ടുപേരുടെ രക്തസാംപിളുകൾ ശേഖരിച്ച് പൊലീസ് ഡിഎൻഎ പരിശോധന നടത്തിയാണ് രേഷ്മയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തിയത്.
ഇതേ തുടർന്ന് കഴിഞ്ഞ 22 ന് രേഷ്മയെ പൊലീസ് പിടികൂടി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രസവിച്ചയുടൻ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നൽകിയ മൊഴി. എന്നാൽ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. വിവിധങ്ങളായ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു. ഇതിനിടെയാണ് മരിച്ച ആര്യയുടെ പേരിലുള്ള മൊബൈൽനമ്പർ ഉപയോഗിച്ചുകൊണ്ടാണ് രേഷ്മ ഫേസ്‌ബുക്ക് അക്കൗണ്ട് നിർമ്മിച്ചതെന്ന് കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങൾ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആര്യ ഭർത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ടുകയായിരുന്നു. എടിഎമ്മിലും കടയിലും ക്ഷേത്രത്തിലുമൊക്കെ പോയ യുവതികൾ വീട്ടിലേക്ക് തിരികെ വന്നില്ല. തുടർന്ന് ആര്യയുടെ ഭർത്താവ് രഞ്ജിത്ത് പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. ഇവർ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ ടവർലൊക്കേഷനും പരിശോധിച്ചപ്പോൾ ഇത്തിക്കരയാറിന് സമീപമാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസും അഗ്നിശമനസേനയും പരിശോധന നടത്തുകയായിരുന്നു. ആത്ഹത്യ തന്നെയാണ് പൊലീസ് പറയുന്നത്. ഇതിന് തെളിവായി ആത്മഹത്യകുറിപ്പും പൊലീസിന് ലഭിച്ചു. രേഷ്മയ്ക്കെതിരെയാണ് മരിച്ച ആര്യ ആത്മഹത്യകുറിപ്പ് എഴുതിവച്ചിരുന്നത്.
കുഞ്ഞിനെ കൊന്ന കേസിൽ പൊലീസ് പിടികൂടുന്നത് സഹിക്കാൻകഴിയില്ല. രേഷ്മ വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ലെന്നും എല്ലാവരും ക്ഷമിക്കണമെന്നുമാണ് ആത്മഹത്യകുറിപ്പിലുള്ളത്. കേസിൽ നിർണായകമായ രണ്ടുപേരാണ് മരിച്ചത്. അടിമുടി ദുരൂഹതയുള്ള കേസാണിത്. രേഷ്മ ഗർഭിണിയായിരുന്ന വിവരം സ്വന്തം ഭർത്താവും വീട്ടിലുള്ള മാതാപിതാക്കളും അറിഞ്ഞിരുന്നില്ലെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി.
ഗർഭിണിയാണെന്ന് അറിയാതിരിക്കാൻ വയറിന് പുറത്ത് ബെൽറ്റ് വച്ച് മുറുക്കിയിരുന്നതായും ശുചിമുറിയിൽ പ്രസവിച്ച ശേഷം പറമ്പിന് പുറത്തേക്ക് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മൊഴി. പൊലീസ് കഴിഞ്ഞ ജനുവരിയിൽ കുഞ്ഞിന്റെ അമ്മ ആരാണെന്ന് നടത്തിയ അന്വേഷണത്തിലും രേഷ്മയും പൊലീസിനെ സഹായിച്ചിരുന്നുവെന്നതാണ് വിചിത്രം. പക്ഷേ ആര്യയും ഗ്രീഷ്മയും രേഷ്മയും ഏറെ അടുപ്പമുള്ളവരായിരുന്നു. അതിനാൽ രേഷ്മ മറച്ചുവച്ചതും ഇപ്പോൾ മൊഴി നൽകിയിട്ടുള്ള പലതും ശരിയാണോയെന്നും ആര്യയിലൂടെ പൊലീസിന് ലഭിക്കുമായിരുന്നു. ആര്യയുടെയും ഗ്രീഷ്മയുടെയും മരണം പൊലീസ് അന്വേഷണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്
രേഷ്മയ്ക്ക് കാമുകൻ ഉണ്ടായിരുന്നോ എന്നത് ഇനിയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. കാമുകന് വേണ്ടിയാണ് സ്വന്തം കുഞ്ഞിനെ കൊന്നത് എന്ന് രേഷ്മ പറയുമ്പോൾ രേഷ്മയെ സഹായിച്ചവരെ കൂടി പൊലീസിന് കണ്ടെത്തണം. ഏറെ ദുരൂഹതകൾ ഉള്ള ഒരു കേസായി ഇത് മാറുകയാണ്. ഇതിനിടയിലാണ ്നാട്ടുകാർ ഈ പെൺകുട്ടികൾ തന്നെയാണോ രേഷ്മയെ വ്യാജ അക്കൗണ്ട് വഴി ചതിയിൽപ്പെടുത്തിയതെന്ന് സംശയം ഉന്നയിച്ച് രംഗത്ത് വന്നത്. അല്ലെങ്കിൽ ഇവർ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് അവർ പറയുന്നത്.