- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യയ്‌ക്കൊപ്പം കാണാതാവുന്നതിനു മുൻപ് ഗ്രീഷ്മ സുഹൃത്തിനെ വിളിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു; ആത്മഹത്യ ചെയ്ത യുവതിയുടെ എഫ് ബി ഫ്രണ്ട് നൽകിയത് നിർണ്ണായക വിവരങ്ങൾ; രേഷ്മയുടെ കാമുകനിലേക്കും അന്വേഷണം എത്തുന്നു; കല്ലുവാതുക്കൽ കേസ് ക്ലൈമാക്സിലേക്ക്
കൊല്ലം : കല്ലുവാതുക്കൽ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ച സംഭവത്തിലെ കേസ് ട്വിസ്റ്റിലേക്ക്. ആര്യയോടൊപ്പം ആത്മഹത്യചെയ്ത ഗ്രീഷ്മയുടെ ഫെയ്‌സ് ബുക്ക് സുഹൃത്തിനെ വെള്ളിയാഴ്ച ചോദ്യംചെയ്തു. അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ സഹോദര ഭാര്യയാണ് ആര്യ. രേഷ്മയുടെ ഭർത്താവിന്റെ സഹോദരി പുത്രിയാണ് ഗ്രീഷ്മ.
ആര്യയേയും ഗ്രീഷ്മയേയും ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചിരുന്നു. ഇതോടെ കാണാതായ ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന് ശേഷം കേസ് അന്വേഷണം വഴിമുട്ടി. ഇതിനിടെയാണ് ഗ്രീഷ്മയുടെ എഫ് ബി ഫ്രണ്ടിനെ പൊലീസ് കണ്ടെത്തുന്നത്. പാരിപ്പള്ളി സ്വദേശിയെയാണ് ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തത്. ഇയാളെ മൂന്നുമണിക്കൂറോളം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രീഷ്മയുമായി ഏറെ അടുത്ത ബന്ധമുള്ള വ്യക്തിയെയാണ് ചോദ്യം ചെയ്തത്. കേസിൽ സൈബർസെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് നിർണായകവിവരങ്ങൾ ശേഖരിച്ചത്. രേഷ്മയുടെ, 15-ലധികം ഡിലീറ്റ് ചെയ്ത ഫെയ്‌സ് ബുക്ക് അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽപ്പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
രേഷ്മയുടെ ഫേസ്‌ബുക് കാമുകനെ കണ്ടെത്താനുള്ള അന്വേഷണം ഏതാനും പേരിലേക്കു ചുരുങ്ങിയിട്ടുണ്ട്. അജ്ഞാത ഫേസ്‌ബുക് കാമുകനായി ഇരുനൂറിലേറെ പേരുടെ വിവരങ്ങൾ വിശദ പരിശോധന നടത്തിയാണ് ഏതാനും പേരിലേക്ക് എത്തുന്നത്. ആര്യയ്‌ക്കൊപ്പം കാണാതാവുന്നതിനു മുൻപ് ഗ്രീഷ്മ സുഹൃത്തിനെ വിളിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതിനു ശേഷം സുഹൃത്ത് ഗ്രീഷ്മയെ പല തവണ വിളിക്കാൻ ശ്രമിച്ചിരുന്നു. ആര്യയുടെ ഭർത്താവ് രഞ്ജിത്ത്, അറസ്റ്റിലായ രേഷ്മ ഫേസ്‌ബുക് കാമുകനെത്തേടി വർക്കലയിൽ എത്തിയതു കണ്ട യുവാവ് എന്നിവർ ഉൾപ്പെടെ ഏതാനും പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
രേഷ്മയുടെ സിം കാർഡുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും നിർണായക തെളിവുകളിലേക്ക് നയിക്കുന്ന വിവരം ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. രേഷ്മ ഫെയ്സ് ബുക്കിൽ നിരവധി അക്കൗണ്ടുകൾ തുറക്കുകയും കുറച്ചുകാലം കുറെ സുഹൃത്തുക്കളെ ഉൾപ്പെടുത്തി ചാറ്റ് ചെയ്തശേഷം ഈ അക്കൗണ്ടുകൾ ഒഴിവാക്കുകയും ചെയ്യും. ഫെയ്സ് ബുക്ക് അധികൃതരിൽ നിന്ന് ഈ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കോവിഡ് സ്ഥിരീകരിച്ചതിനാൽ റിമാൻഡിലായ രേഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടൻതന്നെ രേഷ്മയെ കസ്റ്റഡിയിൽ വാങ്ങും. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യചെയ്ത ആര്യയുടെ ഭർത്താവും വിഷ്ണുവിന്റെ ജ്യേഷ്ഠനുമായ രഞ്ജിത്തിനെയും ചോദ്യം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ