- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രേഷ്മ ചാറ്റ് ചെയ്തിരുന്ന യുവാവ് ക്വട്ടേഷൻ ആക്രമണത്തെ തുടർന്ന് ജയിലിൽ; അഴിക്കുള്ളിലാകും മുമ്പ് ബിലാൽ എന്ന പേരിൽ യുവതിയുമായി ചാറ്റു ചെയ്തത് അന്തന്തു പ്രസാദ് എന്ന വർക്കല സ്വദേശി; ആര്യയും ഗ്രീഷ്മയും സൃഷ്ടിച്ച വ്യാജ അന്തുവിനൊപ്പം ബിലാലുമായും രേഷ്മക്ക് ബന്ധം; ദുരൂഹതയേറുന്നു
കൊല്ലം: കല്ലുവാതുക്കലിൽ പ്രസവിച്ചയുടൻ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ രേഷ്മയുടെ പ്രവർത്തിയിൽ വീണ്ടും ദുരൂഹതകൾ. കഴിഞ്ഞ നാല് മാസമായി ഇവർ നിരവധി പേരുമായി യുവതി ഫേസ്‌ബുക്ക് വഴി ബന്ധം പുലർത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ ഒരു യുവാവ് ഇപ്പോൾ ജയിലിൽ കഴിയുകയാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ക്വട്ടേഷൻ സംഘത്തിലെ അംഗവുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ജയിലിലാകുന്നതിനു മുൻപു വരെ ബിലാൽ എന്ന പേരിലാണു രേഷ്മയുമായി യുവാവ് ചാറ്റ് ചെയ്തിരുന്നത്. പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബന്ധുക്കളായ യുവതികളാണു വ്യാജ പേരിൽ രേഷ്മയുമായി ചാറ്റു ചെയ്തിരുന്നതെന്നു പൊലീസ് നേരത്തേ വ്യക്തമാക്കിയതിനു പിന്നാലെ യുവാവു കൂടി ചിത്രത്തിലേക്കു വന്നതോടെ സംഭവത്തിൽ ദുരൂഹതയുമേറി.
കല്ലുവാതുക്കൽ മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണ പിള്ളയുടെ മകൾ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെയാണ് ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതിനെത്തുടർന്ന് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയിൽ എത്തി ചോദ്യം ചെയ്തപ്പോൾ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാൽ എന്ന പേരുള്ള ഫേസ്‌ബുക് സുഹൃത്താണെന്നു രേഷ്മ മൊഴി നൽകി. എന്നാൽ ഇയാളുടെ യഥാർഥ പേര് അനന്തു പ്രസാദ് എന്നാണെന്നും ഇയാൾ വർക്കല സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവർ ഫേസ്‌ബുക് മെസഞ്ചറിലൂടെ ആൾമാറാട്ടം നടത്തിയ അനന്തു എന്ന സാങ്കൽപിക കാമുകനുമായി അടുപ്പം പുലർത്തുമ്പോൾ തന്നെ അനന്തു പ്രസാദുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നൽകിയിട്ടുണ്ട്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപാണ് അനന്തു പ്രസാദ് അറസ്റ്റിലായത്.
ആര്യയും ഗ്രീഷ്മയും ആൺസുഹൃത്തെന്ന വ്യാജേന കബളിപ്പിച്ചത് അറിഞ്ഞില്ലെന്നാണ് രേഷ്മ നേരത്തെ വ്യക്തമാക്കിയത്. ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും, അനന്തു എന്ന പേരിലുള്ള സുഹൃത്തിനെ കാണാൻ വർക്കലയിൽ പോയെങ്കിലും കാണാനായില്ലെന്നും രേഷ്മ പൊലീസിന് മൊഴി നൽകി. ഈ സുഹൃത്താണോ ബിലാൽ എന്ന സംശയവും ഉയരുന്നുണ്ട്.
ജനുവരി 5നാണ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിൽ പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിൽ രേഷ്മ അറസ്റ്റിലായി. അനന്തു എന്ന ഫെയ്‌സുബുക് സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നൽകി. അനന്തു എന്ന പേരിൽ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫേസ്‌ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.
അനന്തു എന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകനായി ചമഞ്ഞ് ഒന്നര വർഷത്തിലേറെ ഇവർ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങൾ ഫേസ്‌ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് ഡെസ്ക്