- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ചിട്ട് ഒന്നുമറിയാത്ത പോലെ ഭർത്താവിനൊപ്പം കിടന്നുറങ്ങി; രാവിലെ കുട്ടിയെ കണ്ട ഭർത്താവ് വിഷ്ണു ആശുപത്രിയിൽ എത്തിച്ചപ്പോഴോ കുട്ടി മരിച്ചെന്ന് അറിഞ്ഞപ്പോഴോ ഒരുകുലുക്കവുമില്ല; കല്ലുവാതുക്കലെ രേഷ്മ അപാര മനക്കട്ടിയുള്ള കുറ്റവാളിയെന്ന് പൊലീസ്; ആറ് മാസം വട്ടം ചുറ്റിച്ച ത്രില്ലർ അന്വേഷണവും
കല്ലുവാതുക്കൽ: കല്ലുവാതുക്കൽ ഊഴായ്ക്കോട്ടിൽ ചോരക്കുഞ്ഞിനെ പ്രസവിച്ചയുടൻ പൊക്കിൾക്കൊടി പോലും മുറിച്ചു മാറ്റാതെ റബ്ബർ തോട്ടത്തിലെ കരിയില കുഴിയിൽ ഉപേക്ഷിച്ച അമ്മയെ കണ്ടെത്തുമ്പോൾ നാട്ടുകാരും രേഷ്മയുടെ വീട്ടുകാരുമാകെ അക്ഷരാർത്ഥത്തിൽ ഞെട്ടലിലാണ്. നാട്ടുകാരോട് നന്നായി പെരുമാറിയിരുന്ന രേഷ്മയ്ക്ക് ഇത്തരമൊരു ക്രൂരത ചെയ്യാൻ കഴിയുമെന്ന് അവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല. അവൾ പൂർണ ഗർഭിണി ആയിരുന്നപ്പോഴും വീട്ടുകാരും നാട്ടുകാരും അറിഞ്ഞിട്ടില്ല എന്നതാണ് അതിശയം. ഭർത്താവിനെ പോലും കബളിപ്പിച്ച് ഗർഭം രഹസ്യമാക്കി വയ്ക്കാൻ രേഷ്മയ്ക്ക് സാധിച്ചു.
രേഷ്മയുടെ വീട്ടിൽ രണ്ട് പെൺകുട്ടികളായിരുന്നതിനാലും രേഷ്മയുടെ ആദ്യത്തെ കുട്ടി മകളായിരുന്നതിനാലും ഒരു ആൺകുട്ടി ആഗ്രഹിച്ചിരുന്നവരാണ് രേഷ്മയുടെ അച്ഛനും അമ്മയും. ഒടുവിൽ ആഗ്രഹം പോലെ ഒരു ആൺകുട്ടി ജനിച്ചപ്പോൾ ആ ചോരക്കുഞ്ഞിനെ മകൾ തന്നെ കൊന്നുകളഞ്ഞതിന്റെ ഷോക്കിലാണ് അവർ. വീട്ട് പറമ്പിലെ കരിയിലക്കുഴിയിൽ നിന്നും പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുട്ടിയെ കിട്ടിയത്. അന്ന് പൊലീസുകാരോടൊപ്പം പരിസരപ്രദേശങ്ങൾ പരിശോധിക്കാനും നാട്ടുകാരോട് സംസാരിക്കാനും മുന്നിട്ടുനിന്നയാളാണ് രേഷ്മ. ആ രേഷ്മ തന്നെയാണ് പ്രതി എന്നത് അപ്രതീക്ഷിതമായിരുന്നു.
രാത്രിയിൽ വീടിനു പുറത്തെ കുളിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ആരുമറിയാതെ കരിയിലക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. മണിക്കൂറുകൾക്കകം കുഞ്ഞു മരിച്ചു. വിഷ്ണു - രേഷ്മ ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള പെൺകുട്ടിയുണ്ട്. സുന്ദരേശൻപിള്ള സീത ദമ്പതികളുടെ മകളാണു രേഷ്മ. പൊലീസിന് ഏറെ വെല്ലുവിളിയായ സംഭവത്തിൽ സമീപവാസികളുടെ അടക്കം 8 പേരുടെ ഡിഎൻഎ പരിശോധന നടത്തിയാണു യഥാർഥ പ്രതിയെ കുടുക്കിയത്.
താൽപര്യമില്ലാതെയാണ് രേഷ്മ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ദീർഘനാളുകളായി ഇവർക്കിടയിൽ വഴക്കുകൾ പതിവാണ്. വിഷ്ണുവിന്റെ മദ്യപാനവും വഴക്കുകൾക്ക് കാരണമാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അങ്ങനെയാണ് ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട അജ്ഞാതനോട് പ്രണയം തോന്നുന്നത്. നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത അയാൾക്കൊപ്പം പോകുന്നതിന് രണ്ടാമതൊരു കുട്ടി തടസമാകുമെന്ന് മനസിലാക്കിയാണ് ആ കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി.
അപാര മനക്കട്ടിയുള്ള കുറ്റവാളിയാണ് രേഷ്മയെന്നാണ് പൊലീസ് പറയുന്നത്. അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ വിഷ്ണു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചപ്പോഴോ കുട്ടി മരിച്ചെന്നറിഞ്ഞപ്പോഴോ ഒരു കുലുക്കവുമില്ലാതെ രേഷ്മ പൊലീസ് പരിശോധനയ്ക്കൊപ്പം കൂടുകയായിരുന്നു. ഒടുവിൽ ആ പ്രദേശത്തെ സംശയം തോന്നിയ മുഴുവൻ ആളുകളുടെയും ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് പൊലീസ് കുരുക്കഴിച്ചത്. ഡിഎൻഎ റിസൾട്ടിന്റെ അടിസ്ഥാനത്തിൽ രേഷ്മയെ ചോദ്യം ചെയ്തപ്പോൾ രേഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് പോയപ്പോൾ തന്നെ രേഷ്മ ഏത് നിമിഷവും അറസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ കുറ്റബോധത്തിന്റെ ലാഞ്ചന പോലുമില്ലാതെയാണ് രേഷ്മ കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറയുന്നു.
രണ്ടാമതൊരാളുടെ സഹായം ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ കുട്ടിയെ ദൂരെയൊരിടത്തും ഉപേക്ഷിക്കാതെ വീടിന് സമീപം തന്നെ ഉപേക്ഷിച്ചതിന് പിന്നിൽ സഹായങ്ങളുണ്ടായിട്ടില്ല എന്നതിന്റെ സൂചനയായും അവർ കാണുന്നുണ്ട്. ഇപ്പോൾ ഗൾഫിലുള്ള വിഷ്ണുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും. രേഷ്മയുടെ അജ്ഞാത കാമുകനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.