- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21-ാം വയസിൽ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിക്ക് 22-ാം വയസിൽ മാംഗല്യം; അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റിനെ മിന്നു ചാർത്തിയത് കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും വാർത്തകളിൽ
കോന്നി: നോമിനേഷൻ കൊടുക്കാനുള്ള അവസാന ദിവസം 21 വയസ് തികഞ്ഞ പെൺകുട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായത് ആയിരുന്നു കഴിഞ്ഞ വർഷം ഈ സമയങ്ങളിൽ മാധ്യമങ്ങളിലെ പ്രധാന വാർത്ത. അതു കൊണ്ട് തീരുമെന്ന് എല്ലാവരും കരുതി. യുഡിഎഫിന്റെ വാർഡിൽ എൽഡിഎഫിനായി അട്ടിമറി ജയം നേടിയ ആ പെൺകുട്ടി തൊട്ടു പിന്നാലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി. പ്രസിഡന്റ് പദമേറി ഒരു വർഷം പൂർത്തിയാകുമ്പോൾ അവളുടെ വിവാഹമാണ്. വരൻ ബ്ലോക്ക് പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയാണ് ആ പെൺകുട്ടി. വരൻ കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് ബേബിയും. ഇവരുടെ വിവാഹം പൂവൻപാറ ശാലേം മാർത്തോമാ പള്ളിയിൽ ഇന്നലെ രാവിലെ 11.30 ന് നടന്നു. വിവാഹത്തോടനുബന്ധിച്ചുള്ള സൽക്കാര ചടങ്ങുകൾ നാളെ വൈകിട്ട് മൂന്നു മുതൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി. മാത്യുവിന്റെയും മിനിയുടെയും മകളാണ് സിപിഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗം കൂടിയായ രേഷ്മ.
അരുവാപ്പുലം പാർലി വടക്കേതിൽ പി.എം. ബേബിയുടെയും സാറാമ്മയുടെയും മകനായ വർഗീസ് ബേബി സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായത്തിലാണ് രേഷ്മ പഞ്ചായത്തംഗമാകുന്നത്. ഡിവൈഎഫ്ഐ, എസ്എഫ്.ഐ ജില്ലാ ഘടകത്തിലും പ്രവർത്തിക്കുന്നു.
പഞ്ചായത്തിലെ 11-ാം വാർഡിൽ നിന്നാണ് രേഷ്മ തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാർഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുകയായി രുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെന്ന നിലയിൽ തെരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായി. പ്രസിഡന്റ് പദത്തിൽ ഒരു വർഷം പിന്നിടുമ്പോഴാണ് സഹപ്രവർത്തകൻ കൂടിയായ നേതാവിനെ വിവാഹം കഴിച്ചത്. ഒരേ പ്രദേശത്തുള്ളവരാണ് ഇരുവരും.
കോന്നി വി.എൻ.എസ്. കോളേജിൽ നിന്ന് ബി.ബി.എ. പൂർത്തിയാക്കിയിട്ടുണ്ട് രേഷ്മ. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു രേഷ്മ മറിയം റോയ്. അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാർഡിൽ നിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാർഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുകയായിരുന്നു.
2020 നവംബർ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമർപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഭരണം തിരികെ പിടിച്ച സിപിഎം പ്രസിഡന്റ് സ്ഥാനത്തേക്ക് രേഷ്മയെ പരിഗണിക്കുകയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്