കണ്ണൂർ: കണ്ണൂർ -കിഴുന്നപ്പാറയിലെ കടലോരത്ത് തകർന്ന് വീണ റിസോർട്ടിന്റെ പേരിൽ വിവാദം കത്തിപടരുന്നു. കണ്ണൂർ കോർപ്പറേഷന്റെ എടക്കാട് സോണിൽപെട്ട ഈ റിസോർട്ടിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ യാതൊരു അനുമതിയുമില്ല. കോർപ്പറേഷൻ മേയർ ഇ.പി. ലത തന്നെ ഇത് ഉറപ്പിച്ച് പറയുന്നു. എന്നാൽ പൊലീസ് അസോസിയേഷൻ പഠന ക്യാമ്പിനിടെ തകർന്ന് വീണ ഈ റിസോർട്ടിന് അനുമതിയുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മാത്രമല്ല പൊലീസ് കുടുംബമേള നടത്തുന്നതിൽ നേതൃത്വം വഹിച്ച എടക്കാട് എസ്‌ഐ. ക്ക് തന്നെയാണ് റിസോർട്ട് തകർന്ന കേസ് സംബന്ധിച്ച അന്വേഷണ ചുമതല. അതുകൊണ്ടു തന്നെ ഈ കേസ് എവിടേയുമെത്തില്ലെന്ന് നാട്ടുകാർ പറയുന്നു. പൊലീസിന്റെ പഠന ക്യാമ്പിന് മുമ്പേ എടക്കാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ കുടുബമേളയായിരുന്നു നടന്നിരുന്നത്. അതിന്റെ തുടർച്ചയെന്നോണമാണ് പൊലീസ് അസോസിയേഷന്റെ പഠന ക്യാമ്പിന് ഈ സ്ഥലം തന്നെ തീരുമാനിച്ചത്.

കോസ്റ്റൽ റെഗുലേഷൻ ആക്ട് ലംഘിച്ചാണ് ഈ റിസോർട്ടിന്റെ ഹാൾ പണിതത്. കടലിനോട് ചേർന്ന് ഹാൾ നിർമ്മിക്കാൻ അനുമതി ലഭിക്കില്ലെന്ന് കണ്ണൂർ തഹസിൽദാറും പറയുന്നു. റിസോർട്ടിന് അനുമതി നൽകുന്നതിൽ പൊലീസിന് യാതൊരു അധികാരവുമില്ല. ഇതെല്ലാം ചെയ്യേണ്ടത് കോർപ്പറേഷനും റവന്യൂ വകുപ്പുമാണ്. കോർപ്പറേഷനും റവന്യൂ അധികൃതരും വസ്തുതകൾ അറിയിച്ചിട്ടും പൊലീസിന്റെ നിലപാടിൽ ദുരൂഹത പടർത്തുകയാണ്. 30 വർഷം മുമ്പ് അന്നത്തെ എടക്കാട് ഗ്രാമ പഞ്ചായത്ത് നൽകിയ വീട്ട് നമ്പർ ഉപയോഗിച്ചാണ് ഈ റിസോർട്ട് പ്രവർത്തിച്ചു പോന്നത്. ശക്തമായ തദ്ദേശ സ്വയംഭരണ സംവിധാനം നിലനിൽക്കുന്ന സംസ്ഥാനത്ത് കോർപ്പറേഷൻ പരിധിയിൽ പോലും പരിശോധനാ സംവിധാനം കാര്യക്ഷമമല്ല എന്നതിന്റെ തെളിവാണ് ഈ റിസോർട്ടിന്റെ പ്രവർത്തനം.

പൊലീസ് പഠന ക്യാമ്പിന്റെ ഉത്ഘാടനത്തിന് തൊട്ടു മുമ്പാണ് ഹാളിന്റെ മേൽക്കൂര തകർന്ന് വീണത്. ഉത്ഘാടന ചടങ്ങിനിടെയാണെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ആർക്കും ജീവൻ നഷ്ടപ്പെടാതെ പോയത്. 58 പേർക്ക് പരിക്കേറ്റ സംഭവത്തിൽ രക്ഷാ പ്രവർത്തനത്തിന് നാട്ടുകാരെത്തിയപ്പോൾ പൊലീസുകാർ തന്നെ അവരെ തടഞ്ഞ് പിൻതിരിപ്പിക്കുകയായിരുന്നു. ഇതിലെല്ലാം ഒട്ടേറെ ദുരൂഹതകളുണ്ട്. വിദേശ വിനോദ സഞ്ചാരികൾ ഏറെ വരുന്ന മേഖലയാണ് ഇത്. ഒരു വിദേശിയെത്തിയാൽ 24 മണിക്കൂറിനകം ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ വിരമറിയിക്കമെന്നാണ് വ്യവസ്ഥ. എന്നാൽ ഇവിടെ പലപ്പോഴും അത്തരം പതിവില്ലെന്നാണ് 'മറുനാടൻ മലയാളിക്ക് ' ലഭിച്ച് വവിരം.

കോർപ്പറേഷന്റേയോ ടൂറിസം വകുപ്പിന്റേയോ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടിൽ നിന്നും പൊലീസിന് എങ്ങിനെ വിദേശികൾ താമസിക്കുന്ന വിവരങ്ങളടങ്ങിയ സി.ഫോറം സ്വീകരിക്കാൻ കഴിയും എന്നതും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. പ്രവർത്തനക്ഷമമായ രണ്ട് ഹാളുകൾ ജില്ലാ ആസ്ഥാനത്തു തന്നെ പൊലീസിനുണ്ട്. പൊലീസ് സഭാഹാളും പൊലീസ് സൊസൈറ്റി ഓഡിറ്റോറിയവും. 300 മുതൽ 500 പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളും എ.സി. സംവിധാനവും ഈ ഹാളുകൾക്കുണ്ട്. എന്നിട്ടും കിഴുന്നപ്പാറയിലെ അനുമതിയില്ലാത്ത റിസോർട്ട് പൊലീസ് അസോസിയേഷൻ പഠന ക്യാമ്പിനുള്ള വേദിയാക്കി മാറ്റി എന്നതും ചോദ്യമായി അവശേഷിക്കുന്നു.