തിരുവനന്തപുരം: കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ആകുമോ? ശബരിമല പ്രക്ഷോഭത്തെ തുടർന്ന് കെ.സുരേന്ദ്രൻ ജയിൽ ഇന്ന് വിമോചിതനായതോടെ സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഒരു രക്തസാക്ഷി പരിവേഷത്തിലാണ് ഇന്ന് സുരേന്ദ്രൻ ജയിൽ വിമോചിതനായത്. വൻ സ്വീകരണമാണ് സുരേന്ദ്രന് ഇന്നു ബിജെപി നൽകിയത്. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള തന്നെ സുരേന്ദ്രനെ പൂജപ്പുര സെൻട്രൽ ജയിൽ അങ്കണത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു. ഒപ്പം വി.മുരളീധരൻ എംപിയും എത്തി.

സുരേന്ദ്രന്റെ ജയിൽ വിമോചനത്തോടെ ബിജെപിയിൽ പുതിയ വിഭാഗീയതയ്ക്ക് തുടക്കമാവുകയാണ്. ഈ വിഭാഗീയത കത്തിച്ച നിർത്താനാണ് അറസ്റ്റിലായ സുരേന്ദ്രനെ ജയിലിൽ തന്നെ തളയ്ക്കാൻ ശ്രമങ്ങളുണ്ടായെന്നും ചിലർ അതിനു അരുനിന്നു എന്നുമുള്ള ആരോപണം മുരളീധര പക്ഷം ശക്തമായി ഉയർത്തുന്നത്. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ്. പിള്ളയിൽ നിന്നും അധ്യക്ഷ പദവി പിടിച്ചെടുത്ത് സുരേന്ദ്രന് നൽകാനാണ് മുരളീധര പക്ഷം ശ്രമിക്കുന്നത്. കേരളത്തിന്റെ ചാർജുള്ള ബിജെപി അഖിലേന്ത്യാ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ പിന്തുണയും മുരളീധരൻ പക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല പ്രക്ഷോഭത്തോടെ സംഘപരിവാർ രാഷ്ട്രീയത്തിൽ സുരേന്ദ്രന് സ്വീകാര്യത വർദ്ധിച്ചെങ്കിലും ആ സ്വീകാര്യത ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നിടത്തോളം എത്തിയിട്ടില്ലെന്നാണ് ഉന്നത പരിവാർ നേതാക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

ശബരിമല പ്രശ്‌നത്തിലാണ് സുരേന്ദ്രൻ മുഖ്യധാരയിലേക്ക് വന്നതെങ്കിലും ഈ ശബരിമല പ്രക്ഷോഭം തന്നെയാണ് സുരേന്ദ്രന് അധ്യക്ഷ പദവിയിലേക്ക് കയറാൻ തടസം സൃഷ്ടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശ്രീധരൻ പിള്ളയെ മാറ്റി സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷൻ ആക്കാനുള്ള ഒരു സാധ്യതയുമില്ലെന്നാണ് ഉന്നത പരിവാർ നേതാക്കൾ വ്യക്തമാക്കിയത്. നോ നോ നോ എന്ന വാക്ക് തന്നെയാണ് സുരേന്ദ്രന്റെ കാര്യത്തിൽ ആർഎസ്എസ് നേതൃത്വം ഇപ്പോഴും പറയുന്നത്. ശബരിമല പ്രശ്‌നത്തിൽ ബിജെപിയുടെ ഒരു രഹസ്യ തീരുമാനം ഉണ്ടായിരുന്നു. ആർഎസ്എസ് കൂടി ഉൾപ്പെട്ട തീരുമാനമായിരുന്നു അത്. ആ തീരുമാനം ശബരിമലയുമായി ബന്ധപ്പെട്ടതായിരുന്നു.

ശബരിമലയിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തേണ്ടതില്ലാ എന്നായിരുന്നു ആ തീരുമാനം. അത് ബിജെപിയുടെ തീരുമാനമായിരുന്നു. ശബരിമല സമരം ചെയ്യേണ്ടത് അയ്യപ്പ കർമ്മ സമിതിയും ഹിന്ദു സംഘടനകളുമാണ്. അതിനു ബിജെപി പിന്തുണ നൽകുക. ഇതായിരുന്നു തീരുമാനം. അയ്യപ്പ ഭക്തന്മാർക്കെതിരെയുള്ള പൊലീസ് നടപടിക്ക് എതിരെയും ശബരിമല തകർക്കാനുള്ള സിപിഎം ശ്രമങ്ങൾക്ക് എതിരെയാണ് ബിജെപി സമരം. അത് രാഷ്ട്രീയ സമരമാണ്. എ.എൻ.രാധാകൃഷ്ണൻ അടക്കമുള്ള ആളുകൾ ശബരിമലയിൽ പോയത് ഭക്തർ എന്ന നിലയിലാണ്. ഇതിനെ മറികടന്നാണ് സുരേന്ദ്രൻ ശബരിമലയിൽ എത്തിയത്.

അതുകൊണ്ടാണ് സുരേന്ദ്രൻ ജയിലിൽ ആയിട്ടും ബിജെപി വലിയ രീതിയിൽ സമരം കത്തിക്കാൻ മിനക്കെടാതിരുന്നത്. അയ്യപ്പഭക്തന്മാരുടെ സമരത്തെ രാഷ്ട്രീയവത്ക്കരിക്കരുത് എന്നായിരുന്നു ബിജെപി പോളിസി. ആർഎസ്എസും ഇതിനു അനുകൂലമായിരുന്നു. അതിനു വിരുദ്ധമായാണ് സുരേന്ദ്രൻ ശബരിമലയിൽ എത്തിയത്. ത്രിപുര ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ശബരിമലയിൽ എത്താൻ പോവുകയാണ്. പക്ഷെ ഒരു ഭക്തൻ എന്ന രീതിയിലാണ് ബിപ്ലവ് കുമാർ എത്തുന്നത്. ആർഎസ്എസ് -ബിജെപി നിലപാടിനു സുരേന്ദ്രൻ എതിരു നിന്നതുകൊണ്ട് തന്നെയാണ് ഇക്കുറിയും സുരേന്ദ്രന് മുന്നിൽ സാധ്യതകൾ അടയുന്നത്. മുൻപും ബിജെപി സംസ്ഥാന അധ്യക്ഷ പദവി സുരേന്ദ്രന് കൈമോശം വന്നതിനു കാരണവും ആർഎസ്എസ് വിരോധമായിരുന്നു.

ആർഎസ്എസ് നോ പറയാറില്ല. ആ നേതാവ് നല്ലതാണോ എന്ന് ചോദിച്ചാൽ മറ്റേ നേതാവ് കൂടി നല്ലതാണ് എന്ന് പറയും. ഈ നിലപാടാണ് സുരേന്ദ്രന് മുന്നിൽ ആർഎസ്എസ് തിരുത്തിയത്. സുരേന്ദ്രൻ അല്ലാതെ മറ്റൊരു പേര് കഴിഞ്ഞ തവണ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലില്ലായിരുന്നു. പക്ഷെ അവസാന നിമിഷമാണ് സുരേന്ദ്രന്റെ പേര് വെട്ടിയത്. അവസാന നിമിഷം തന്നെ അധ്യക്ഷ പദവി തന്നെ തേടിവരും എന്നായിരുന്നു സുരേന്ദ്രൻ കരുതിയിരുന്നത്. പക്ഷെ ആർഎസ്എസിന്റെ നോ പറയൽ ആണ് സുരേന്ദ്രന് വിഘാതമായത്.

ഇപ്പോഴും ആ നോ പറയലിനു അന്ത്യമായില്ലാ എന്നതാണ് സുരേന്ദ്രന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്ന ഘടകം. ഇപ്പോൾ ശബരിമലയിൽ രക്തസാക്ഷി പരിവേഷത്തോടെ സുരേന്ദ്രൻ സംഘ പരിവാർ രാഷ്ട്രീയത്തിൽ മുൻ നിരയിൽ നിൽക്കുമ്പോഴും ശബരിമല തന്നെ സുരേന്ദ്രന്റെ സാധ്യതകൾ തത്ക്കാലം അടയ്ക്കുകയാണ്. ബിജെപിയിലെ കാര്യങ്ങൾ മുഴുവൻ ഇങ്ങിനെ തന്നെയാണ് എന്നാണ് ഒരുന്നത് നേതാവ് മറുനാടനോട് പ്രതികരിച്ചത്. സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ ഡൽഹിയിൽ ഉള്ളപ്പോഴാണ് വി.മുരളീധരനെ മാറ്റിയത് മുരളീധരൻ തന്നെ അറിയുന്നത്.. വാർത്ത വന്നശേഷമാണ് തനിക്ക് സ്ഥാനം പോയി എന്ന് മുരളീധരൻ മനസിലാക്കുന്നത്.

കുമ്മനത്തിനു സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടമാകുമ്പോഴും കുമ്മനവും അറിഞ്ഞിരുന്നില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടു തലേന്നാൾ ആണ് കുമ്മനത്തിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്നത്. മിസോറാം ഗവർണർ ആയാണ് കുമ്മനത്തിനെ കേന്ദ്രസർക്കാർ നിയമിച്ചത്. മുരളീധരനെ എംപിയാക്കിയതും അന്ന് സംസ്ഥാന അധ്യക്ഷൻ ആയിരുന്ന കുമ്മനം അറിഞ്ഞില്ല. വാർത്താ സമ്മേളനത്തിൽ വാർത്ത തെറ്റാണ് എന്നാണ് കുമ്മനം പറഞ്ഞത്. പക്ഷെ ശരിയാണെന്നു മാധ്യമ പ്രവർത്തകർ പറഞ്ഞതോടെ കുമ്മനം പറഞ്ഞത് പിൻവലിച്ചു. ബിജെപിയിലെ നിലവിലെ കാര്യങ്ങളിൽ വലിയ മനംമടുപ്പിലാണ് ബിജെപിയിലെയും പരിവാറിലേയും ഉന്നത നേതാക്കൾ.

കാര്യശേഷിയുള്ള സംശുദ്ധിയുള്ള നേതാക്കൾ ഇല്ല. ജനങ്ങൾക്ക് പാർട്ടിയോട് അനുഭാവമുണ്ട്. പക്ഷെ ജനങ്ങളെ പാർട്ടിയുമായി ബന്ധിപ്പിക്കുന്ന നേതാക്കൾ ഇല്ല. ശബരിമലയുമായി ബന്ധപ്പെട്ടുള്ള ശ്രീധരൻ പിള്ളയുടെ നിലപാട് മാറ്റം പാർട്ടിക്ക് മാനക്കേടും സൃഷ്ടിച്ചിട്ടുണ്ട്. ശബരിമല പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാർട്ടിക്ക് സാധിച്ചിട്ടുമില്ല. ഇപ്പോൾ നേതൃമാറ്റവുമായി ബന്ധപ്പെട്ട് വിഭാഗീയത ആളിക്കത്താൻ പോവുകയാണ്. പരിവാർ രാഷ്ട്രീയം പ്രതിസന്ധിയിൽ മുങ്ങുകയാണ്. അതിജീവനത്തിനു മറ്റു വഴികൾ ഇല്ലാ എന്നത് ബിജെപിയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.