- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫിറും സഹോദരനും അമ്മയും ജിവിച്ചിരിപ്പില്ല; അച്ഛനായ യാര്‍ദേന്‍ മോചനം; ഹമാസ് ബന്ദികളാക്കിയവരിലെ കുഞ്ഞു കഫിര്‍ ജീവനോടെയില്ല
ജെറുസലേം: ഹമാസ് തട്ടിക്കൊണ്ട് പോയി തടവിലാക്കിയിരുന്ന ബന്ദികളെ മോചിപ്പിക്കാന്‍ തുടങ്ങിയത് മുതല്‍ എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്ന പേരായിരുന്നു കിഫിര്‍ ബിബാസിന്റേത്. ഹമാസ് തട്ടിക്കൊണ്ട പോയവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ബന്ദി. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ വീട് ആക്രമിച്ച് ഈ കുട്ടിയേയും അവന്റെ വീട്ടുകാരേയും തട്ടിക്കൊണ്ട പോകുമ്പോള്‍ കിഫിര്‍ ബിബാസിന് പ്രായം ഒമ്പത് മാസമായിരുന്നു. കിഫിറിന്റെ സഹോദരന്‍ നാല് വയസുകാരനായ ഏരിയല്‍, അച്ഛന്‍ യാര്‍ദേന്‍ , അമ്മ ഷിരി എന്നിവരെ അവരുടെ വീട്ടില്‍ നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
ഇപ്പോള്‍ പുറത്തു വരുന്ന വിവരം അനുസരിച്ച് കിഫിറും സഹോദരനും അമ്മയും ഇപ്പോള്‍ ജിവിച്ചിരിപ്പില്ല. അവരുടെ അച്ഛനായ യാര്‍ദേനെ ഈയിടെയാണ് ഹമാസ് മോചിപ്പിച്ചത്. ഇവരുടെ കുടുംബത്തെ തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ബോംബാക്രമണത്തില്‍ കിഫിറും സഹോദരനും അമ്മയും കൊല്ലപ്പെട്ടതായി 2023 ല്‍ തന്നെ ഹമാസ് ഭീകരര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് കുടുംബം വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഈയിടെ ഹമാസ് പുറത്തുവിട്ട മോചിപ്പിക്കുന്നവരുടെ പട്ടികയില്‍ ഇവരുടെ പേരും ചിത്രങ്ങളും ഉണ്ടായിരുന്നു. ഇസ്രയേല്‍ സര്‍ക്കാരും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയും നടത്തിയിട്ടില്ല. ഷിരിയുടേയും മക്കളുടേയും കാര്യത്തില്‍ അതീവ ഉത്ക്കണ്ഠാകുലരാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ഹമാസ് ഭീകരതയുടെ പ്രതീകമായി ഷിരിയും മക്കളും മാറുകയാണ്. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഖയ്യ ആണ് ഷിരിയും കുട്ടികളും കൊല്ലപ്പെട്ടതായും ഇവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച കൈമാറുമെന്നും പ്രഖ്യാപിച്ചത്.
ആറ് ഇസ്രയേല്‍ ബന്ദികളുടെ മോചനം ശനിയാഴ്ച നടക്കുമെന്നാണ് ഹമാസ് നേതൃത്വം അറിയിക്കുന്നത്. ഇതോടെ ആദ്യഘട്ട ബന്ദികളുടെ മോചനം പൂര്‍ത്തിയാകും. നൂറു കണക്കിന് ഫലസ്തീന്‍ തടവുകാരെയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രയേല്‍ വിട്ടയക്കുന്നത്. രണ്ടാം ഘട്ടം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഹമാസും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ ധാരണയായിട്ടില്ല. ചൊവ്വ്ാഴ്ച കെയ്റോയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ബാക്കി ബന്ദികളെയും വിട്ടയക്കാന്‍ ധാരണയായി എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു എങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
ഹമാസ് കൈമാറുന്ന ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ പരിശോധന നടത്തുമെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്. വെടിനിര്‍ത്തല്‍ കരാറും ബന്ദിമോചനവും എല്ലാം ധൃതഗതിയില്‍ നടക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹമാസ് ഇസ്രയേലിലേക്ക് കടന്നു കയറി കൂട്ടക്കൊലപാതകങ്ങളും തട്ടിക്കൊണ്ട് പോകലും നടത്തിയിട്ട് അഞ്ഞൂറ് ദിവസം പൂര്‍ത്തിയായത്.
ഗാസയില്‍ ഹമാസ് സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കണം എന്നാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത് എങ്കിലും ഹമാസ് പ്രവര്‍ത്തകര്‍ ഗാസയില്‍ ഇപ്പോള്‍ വീണ്ടും മേല്‍ക്കൈ നേടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നത്. ഇപ്പോഴും 70 ഓളം ഇസ്രയേല്‍ ബന്ദികള്‍ ഹമാസിന്റെ തടവിലാണ്. ഇവരില്‍ പലരും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യവും സംശയത്തിലാണ്.
കിഫിര്‍