പത്തനംതിട്ട: റാന്നി ഐത്തലയിൽ തനിച്ചു താമസിച്ചിരുന്ന യുവതിയുടെയും ഒന്നര വയസുള്ള കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹത ആരോപിച്ചും പൊലീസിനെ പ്രതിക്കൂട്ടിലാക്കിയും ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ വാർത്താ സമ്മേളനം. പൊലീസ് ആത്മഹത്യയാണെന്ന് പറയുന്ന മരണം കൊലപാതകമാണെന്നും സംശയിക്കപ്പെടേണ്ടവരുടെ പട്ടികയിലുള്ള ഭർത്താവിനെ വിദേശത്തേക്ക് തിരികെ പോകാൻ അനുവദിച്ചുവെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

റാന്നി ഐത്തല മീമുട്ടുപാറ ചുവന്ന പ്ലാക്കൽ തടത്തിൽ സജീ ചെറിയാന്റെ ഭാര്യ റിൻസ (21), ഏക മകൾ അൽഹാന അന്ന(ഒന്നര) എന്നിവരുടെ മരണത്തെച്ചൊല്ലിയാണ് വിവാദം ഉയരുന്നത്. തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ ഏപ്രിൽ നാലിന് വൈകിട്ടാണ് മൃതദേഹങ്ങൾ കണ്ടത്. ആങ്ങമൂഴി കൊച്ചു പറമ്പിൽ കുടുംബാംഗമാണ് റിൻസി. ഭർത്താവ് സജി വിദേശത്താണ്. വീട്ടിൽ റിൻസയും മകളും മാത്രമായിരുന്നു താമസം. സജിയുടെ ചേട്ടന്റെ മകൾ രാത്രികാലങ്ങളിൽ കൂട്ടു കിടക്കാൻ എത്തുമായിരുന്നു.

കുഞ്ഞിനെയും കൊന്ന് റിൻസ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണം പൊള്ളലേറ്റാണെന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയങ്ങളുടെ പരിശോധാ ഫലം വന്നതിന് ശേഷമേ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാൻ കഴിയുകയുള്ളൂവെന്നാണ് പൊലീസിന്റെ നിലപാട്.

റിൻസയുടെയും മകളുടെയും ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയമാണ് ബന്ധുക്കളും അയൽവാസികളും ഉന്നയിക്കുന്നത്. ഇതിന് ശക്തമായ കാരണങ്ങളും അവർ നിരത്തുന്നു. ഇക്കാര്യമൊക്കെ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു. റാന്നി ഡിവൈ.എസ്‌പി പരാതിക്കാരെ വിളിച്ചു വരുത്തി റിൻസയും മകളും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പറയുകയും ചെയ്തു. ഇനി ഇതുകൊലപാതകമല്ല, ആത്മഹത്യയാണെങ്കിൽ അതിന് പിന്നിലെ പ്രേരക ശക്തിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ആക്ഷൻ കൗൺസിലിന് ഉള്ളത്.

റിൻസയുടെ മൃതദേഹം കിടപ്പുമുറിയിൽ വസ്ത്രങ്ങളില്ലാതെയും കുഞ്ഞിന്റേത് അടുക്കള ഭാഗത്തുമാണ് കണ്ടെത്തിയതെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. റിൻസയുടെ മൃതദേഹം കിടന്ന മുറിയിലെ ഒരു കർട്ടൻ പകുതി മാത്രം കത്തി നിൽപ്പുണ്ട്. ബാക്കി ആരോ അണച്ചതു പോലെയുണ്ട്. അരക്കുപ്പി മണ്ണെണ്ണയാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിന്റെ മൃതദേഹത്തിൽ നൂറുശതമാനവും റിൻസിക്ക് 80 ശതമാനവും പൊള്ളലുണ്ടായിരുന്നു. അരക്കുപ്പി മണ്ണെണ്ണ കൊണ്ട് എങ്ങനെ ഇത്രയും പൊള്ളലുണ്ടാകുമെന്നും അവർ ചോദിക്കുന്നു.

ആദ്യമൊന്നും ഇല്ലാതിരുന്ന ഒരു ആത്മഹത്യാക്കുറിപ്പ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഇതിലെ കൈയക്ഷരം റിൻസയുടേതല്ലെന്ന് മാതാവ് ബിന്ദു റെജിയും ബന്ധുവായ സന്തോഷ് കൊച്ചുപറമ്പിലും പറഞ്ഞു.
19 വയസുള്ള റിൻസയെ വിവാഹം കഴിക്കുമ്പോൾ സജിക്ക് 40 വയസുണ്ടായിരുന്നു. വിവാഹശേഷം മസ്‌കറ്റിലേക്ക് പോയ സജി പിന്നെ നാട്ടിൽ വരുന്നത് ഭാര്യയുടെയും മകളുടെയും ആത്മഹത്യാ വിവരം അറിഞ്ഞാണ്. ഇയാൾ ഫോണിലൂടെയും മറ്റും നിരന്തരമായി റിൻസയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അയൽവാസിയായ ആർ. രമ്യ പറഞ്ഞു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മകളുടെ വയറ്റിൽ വിഷാംശം ഉണ്ടായിരുന്നുവെന്ന് പറയുന്നതായും ഇവർ സൂചിപ്പിച്ചു. ഒന്നുകിൽ ഭർത്താവിന്റെ മാനസിക പീഡനം അല്ലെങ്കിൽ മറ്റാരെങ്കിലുമാകാം ഇവരുടെ മരണത്തിന് ഉത്തരവാദികൾ എന്ന് മാതാവ് പറഞ്ഞു. നാട്ടിൽ വന്ന സജിയെ 31 ദിവസത്തിന് ശേഷം പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നിൽ പൊലീസിന്റെ കള്ളക്കളിയുണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

റിൻസ എഴുതിയെന്ന് പറയുന്ന കത്തിൽ നിറയെ അക്ഷരത്തെറ്റാണ്. പ്ലസ് ടു വരെ വിദ്യാഭ്യാസമുള്ള റിൻസയ്ക്ക് മലയാളം തെറ്റുകൂടാതെ എഴുതാൻ കഴിയും. ആത്മഹത്യാക്കുറിപ്പിൽ ജസ്റ്റിൻ എന്നൊരാളുടെ പേര് പറയുന്നുണ്ട്. ഇതാരാണെന്ന് പൊലീസ് ഇതുവരെ വിശദമാക്കിയിട്ടില്ല. റിൻസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചിരുന്നു. ഇത് ആരെന്ന് പൊലീസ് ഇതു വരെ കണ്ടെത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ആക്ഷൻ കൗൺസിലിന്റെ ആശങ്ക അടിസ്ഥാന രഹിതമാണെന്ന് കേസ് അന്വേഷിക്കുന്ന റാന്നി എസ്എച്ച്ഒ എം.ആർ. സുരേഷ് പറഞ്ഞു.
റിൻസയുടെയും മകളുടെയും മരണത്തിൽ അന്വേഷണം നടന്നു വരികയാണ്. ആന്തരികാവയങ്ങളുടെയും ഫോണുകളുടെയും ഫോറൻസിക് പരിശോധനാഫലം വരാനുണ്ട്. റിൻസയുടെ ഫോണിൽ നിന്ന് ചില സൂചനകൾ കിട്ടിയിട്ടുണ്ട്. ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു നമ്പർ നിരീക്ഷണത്തിലാണ്. ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്.

ആത്മഹത്യാക്കുറിപ്പും ഫോറൻസിക് പരിശോധനാ ഘട്ടത്തിലാണ്. മൃതദേഹത്തിൽ വസ്ത്രം ഉരുകിപ്പിടിച്ച അവസ്ഥയിലായിരുന്നു. വസ്ത്രം ധരിച്ചിരുന്നില്ലെന്ന് പറയുന്നത് ശരിയല്ല. വയറ്റിലുള്ളത് വിഷാംശമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. ക്രീമി ഫ്ളൂയിഡ് എന്നാണ് പറയുന്നത്. അതെന്താണെന്ന് ഫോറൻസിക് പരിശോധനയിൽ മാത്രമേ അറിയൂ. ഭർത്താവിനെ വിട്ടയയ്ക്കാൻ കാരണം കുറ്റകൃത്യത്തിൽ അയാളുടെ പങ്ക് തെളിയിക്കുന്ന സൂചനകൾ ഒന്നും ഇല്ലാത്തതു കൊണ്ടാണ്. തുടരന്വേഷണത്തിൽ ഇയാളുടെ പങ്ക് വ്യക്തമായാൽ നാട്ടിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.