- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ടി തോമസിന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കെപിസിസി; മൃതദേഹം വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കും; ഡിസിസി ഓഫീസിലും കാക്കനാട് ടൗൺഹാളിലും പൊതുദർശനം; സംസ്ക്കാരം കൊച്ചിയിൽ തന്നെ; പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കണമെന്നും റീത്ത് പാടില്ലെന്നും പിടിയുടെ അന്ത്യാഭിലാഷം
കൊച്ചി: കെപിസിസി വർക്കിങ് പ്രസിഡന്റ് പി ടി തോമസിന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കെപിസിസി. സംസ്ഥാനത്ത് രാഹുൽ ഗാന്ധിയുടേത് അടക്കം എല്ലാ പരിപാടികളും മൂന്ന് ദിവസത്തേക്ക് റദ്ദു ചെയത്ിട്ടുണ്ട്. ചെന്നൈ വെല്ലൂരിലെ ആശുപത്രിയിൽ നിന്നും റോഡ് മാർഗ്ഗം മൃതദേഹം കൊച്ചിയിലാണ് എത്തിക്കുക. കൊച്ചിയിൽ തന്നെ സംസ്ക്കാര ചടങ്ങുകൾ നടത്താനാണ് ഡിസിസി തീരുമാനിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ളവർ കൊച്ചയിലെത്തി അന്ത്യാഭിവാദ്യം അർപ്പിക്കും.
ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയൽ എത്തിക്കുന്ന ഭൗതികദേഹം ഡിസിസി ഓഫീസിലും കാക്കനാട് ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം കൊച്ചിയിൽ തന്നെയായിരിക്കും എന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. പൊതുശ്മശാനത്തിൽ സംസ്ക്കരിക്കണം എന്നതായിരുന്നു പി ടിയുടെ ആഗ്രഹം. ഇക്കാര്യം അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. മൃതദേഹംത്തിൽ പുഷ്പ്പചക്രം പാടില്ലെന്നുമാണ് അദ്ദേഹം ആഗ്രഹമായി പറഞ്ഞിരുന്നത്. ഇക്കാര്യം ശരിവെക്കുന്ന വിധത്തിലായിരിക്കുമോ സംസ്ക്കാര ചടങ്ങുകൾ എന്ന് ഇനിയും വ്യക്കമായിട്ടില്ല. എറണാകുളം ഡിസിസിയിൽ നേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്.
വെല്ലൂരിൽ അർബുദ ബാധിതനായി ചികിത്സയിലായിരിക്കവേയാണ് പി ടി തോമസ് അന്തരിച്ചത്. തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ നിയമസഭാംഗമായിരുന്നു. ഇടുക്കിയെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗവുമായിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടർ, കെഎസ്യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ സംസ്ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12നാണ് തോമസിന്റെ ജനനം. എംഎ, എൽഎൽബി ബിരുദധാരിയാണ്. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. കെഎസ്യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ തോമസ് പ്രവർത്തിച്ചു. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെപിസിസി, എഐസിസി അംഗമാണ്. 1990ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 നിയമസഭ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും നിയമസഭയിലെത്തി. 1996ലും 2006ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.
2007ൽ ഇടുക്കി ഡിസിസിയുടെ പ്രസിഡന്റായി. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി വിഷയങ്ങളിലെ ശക്തമായ നിലപാടു മൂലം പിന്നീട് സീറ്റ് നിഷേധിക്കപ്പെട്ടു. എന്നാൽ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായിരുന്നില്ല.. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. സർക്കാരിനെതിരെ നിയമസഭയിൽ കോൺഗ്രസിന്റെ ശക്തമായ നാവായിരുന്നു പിടി തോമസ്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പിടി തോമസ് ശക്തമായ നിലപാടുകൾ എടുത്തിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്നതായിരുന്നു തോമസിന്റെ ഉറച്ച നിലപാട്. ഇതിനെതിരെ കടുത്ത എതിർപ്പ് ഉയർന്നപ്പോഴും നിലപാടിൽ നിന്നും അണുവിട പിന്നോട്ടുപോകാൻ അദ്ദേഹം തയ്യാറായില്ല.'എഡിബിയും പ്രത്യയശാസ്ത്രങ്ങളും' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ