- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാൻ ഒരുങ്ങുകയാണ്.. ബിപിൻ റാവത്തിന്റെ ഹെലികോപ്ടറിൽ സഞ്ചരിക്കും മുമ്പ് പ്രദീപ് അമ്മയോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ; മണിക്കൂറുകൾക്കകം കേൾക്കേണ്ടി വന്നത് ദുരന്തവാർത്തയും; അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി നാട്
തൃശ്ശൂർ: കുന്നൂരിൽ ഉണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഹെലികോപ്ടർ അപകടത്തിൽ മലയാളിയും കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തിൽ മരിച്ച വ്യോമസേന അസിസ്റ്റന്റ് വാറണ്ട് ഓഫീസർ പ്രദീപ് അറയ്ക്കൽ തൃശൂർ പൊന്നൂക്കര സ്വദേശിയാണ്. പ്രദീപിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാൻ നാട്ടുകാർക്കും വീട്ടുകാർക്കും സാധിച്ചിട്ടില്ല. ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്റെ അവസാന ഫോൺ കോളിനെക്കുറിച്ച് ഓർക്കുകയാണ് കുടുംബം.
''അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാൻ ഒരുങ്ങുകയാണ്'' മരിക്കുന്നതിനു മുൻപ് പ്രദീപ് അമ്മയോടു പറഞ്ഞ വാക്കുകളാണിത്. പക്ഷെ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിനെക്കാൾ അത് അദ്ദേഹത്തിന്റെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു. ഏതാനും ദിവസം മുൻപാണ് പ്രദീപ് നാട്ടിലെത്തിയത്. മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യത്തിനുമായിട്ടാണ് പ്രദീപ് നാട്ടിലെത്തിയത്. ജോലിസ്ഥലത്ത് തിരിച്ചെത്തി വൈകാതെ തന്നെ പ്രദീപിനെ മരണം തട്ടിയെടുത്തു. തൃശൂരിൽ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു അപകടം.
പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കൽ വീട്ടിൽ രാധാക്യഷ്ണന്റെ മൂത്ത മകനാണ് പ്രദീപ് (37). പ്രദീപിന്റെ മരണവാർത്ത അറിഞ്ഞ് സഹോദരൻ പ്രസാദ് കോയമ്പത്തൂരിലെക്ക് തിരിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ ക്വാർട്ടേഴ്സിലാണ് പ്രദീപും കുടുംബവും താമസിച്ചിരുന്നത്. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ, മക്കൾ- ദക്ഷൻ ദേവ് (5),ദേവപ്രയാഗ് (2).
അസുഖം മൂലം കിടപ്പിലായ അച്ഛനെ മരണ വിവരം അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വിവരം അറിഞ്ഞ് സഹോദരൻ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. തൃശൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ മകനാണ് പ്രദീപ്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കൾക്കുമൊപ്പം കോയമ്പത്തൂർ സൈനിക ക്വാർട്ടേഴ്സിലായിരുന്നു താമസം. അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി നാട്ടിൽ എത്തിയ പ്രദീപ്, തിരികെ ജോലിയിൽ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. ഭൗതിക ശരീരം ഡൽഹിയിൽ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവരിക.
പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷം 2002ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. 2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകൾ രക്ഷിച്ച ആ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സർക്കാരും അഭിനന്ദിക്കുകയുണ്ടായി.
മറുനാടന് ഡെസ്ക്