തിരുവനന്തപുരം: സീരിയൽ -സിനിമാ താരം രമേശ് വലിയശാലയുടെ ആത്മഹത്യ എല്ലാവരെയും ഞെട്ടിച്ചിരിക്കയാണ്. ഷൂട്ടിങ് സൈറ്റുകളിൽ നിർമ്മം വിതറി ചിരിച്ചു കൊണ്ടു പെരുമാറുന്ന രമേശ് എന്തിനീ കടുംകൈ ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോൾ പുതിയ സിനിമകൾ അടക്കം രമേശിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം.

'അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ കാമറയ്ക്ക് മുന്നിൽ വീണു മരിക്കണം'- സുഹൃത്തുക്കളോട് പലപ്പോഴും പങ്കുവച്ച ഈ ആഗ്രഹം ബാക്കിവച്ചാണ് രമേശ് വലിയശാല വിധിയിൽ അലിഞ്ഞത്. എപ്പോഴും പൊട്ടിച്ചിരിച്ച് പോസിറ്റീവായി സംസാരിച്ചിരുന്ന രമേശ് മരണത്തിലേക്ക് നടന്നത് സീരിയൽ ലോകത്തിന് ഇനിയും വിശ്വസിക്കാനാവാത്ത ക്ലൈമാക്‌സാണ്. 'എസ്‌കേപ്പ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒന്നരയാഴ്ച മുമ്പ് രമേശിനൊപ്പം കളിച്ചുചിരിച്ച് ഒറ്റപ്പാലത്തേക്ക് പോയ ദിനേശ് പണിക്കർക്കും, രമേശ് അവസാനമായി അഭിനയിച്ച 'വരാൽ' സിനിമയിലെ അണിയറ പ്രവർത്തകരും നടുക്കത്തിലാണ്.

സിനിമയുടെ ഷൂട്ടിങ് സൈറ്റിൽ കളിചിരിയോടെ നിന്ന മനുഷ്യൻ എന്തിന് ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് ഉയരുന്നത്. ആദ്യ ഭാര്യ ഗീതാകുമാരി നാലു വർഷം മുമ്പ് മരിച്ചിരുന്നു. തുടർന്നാണ് മിനിയെ വിവാഹം ചെയ്തത്. രമേശിന് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായതിയ അധികമാർക്കു അറിയില്ല. എല്ലാ കുടുംബത്തിലെയും പോലെ ചെറിയ തർക്കങ്ങൾ മാത്രമേ കുടുംബത്തിൽ ഉണ്ടായിരുന്നുള്ളൂ. ബന്ധുക്കളിൽ ചിലർ ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

രവീന്ദ്രൻ നായരുടേയും രാധാദേവിയുടേയും മകനായി തിരുവനന്തപുരം തൈക്കാട് ജനിച്ച രമേശിന് നാടകത്തോടുള്ള അഭിനിവേശം സ്‌കൂൾ കാലത്തു തന്നെ തുടങ്ങിയിരുന്നു. മോഡൽ സ്‌കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി തട്ടിൽ കയറിയത്. ആർട്സ് കോളേജിൽ പ്രീഡിഗ്രി കഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ ചേർന്നതോടെ അമച്വർ നാടകങ്ങളിലേക്ക് വഴിതിരിഞ്ഞു. സംവിധായകൻ ഡോ. ജനാർദ്ദനൻ അടക്കം വലിയൊരു സംഘം രമേശിനൊപ്പം നാടക സംഘത്തിലുണ്ടായിരുന്നു.

അമച്വർ നാടകമത്സരത്തിന് വിജയിച്ചപ്പോൾ ലഭിച്ച 500 രൂപ കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. നരേന്ദ്രപ്രസാദ്, മുരളി തുടങ്ങിയവർക്കൊപ്പം നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. പഠിക്കാനല്ല നാടക റിഹേഴ്സലിനായാണ് കോളേജിൽ പോയിരുന്നതെന്ന് രമേശ് പലതവണ പറഞ്ഞിട്ടുണ്ട്.വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത നക്സലൈറ്റുകളുടെ കഥ പറഞ്ഞ 'ബലികുടീരങ്ങളുടെ പ്രണയസംഗീതത്തി'ലൂടെയാണ് രമേശ് സീരിയിൽ രംഗത്തേക്ക് കടന്നുവരുന്നത്. ആദ്യഷോട്ടിൽ തന്നെ രമേശ് തന്നെയും നായകനായ സിദ്ദിഖിനേയും ആശ്ചര്യപ്പെടുത്തിയെന്ന് മാധവൻകുട്ടി ഓർമ്മിക്കുന്നു. മമ്മൂട്ടി നിർമ്മിച്ച 'ജ്വാലയായ്' എന്ന മെഗാ സീരിയലിലെ അലക്സ് എന്ന കഥാപാത്രമാണ് രമേശിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. വീണ്ടും ജ്വാലയായ്, സ്വാതി നക്ഷത്രം ചോതി, വിവാഹിത, അലകൾ, പാടാത്ത പൈങ്കിളി, താമരത്തുമ്പി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിൽ പ്രധാന വേഷം ചെയ്തു.

രമേശ് ചെയ്ത പൊലീസ് വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അതോടെ സ്ഥിരം പൊലീസ് വേഷത്തിലേക്ക് വിളിയുമെത്തി. പൊലീസായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടത് കരിയറിനെ വലിയ തോതിൽ ബാധിച്ചിരുന്നുവെന്ന് രമേശ് പറഞ്ഞിരുന്നു. മകന്റെ വിവാഹം ഗംഭീരമായി നടത്തണമെന്ന് രമേശ് ആഗ്രഹിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം ഒരുതവണ മാറ്റിവച്ച വിവാഹം പിന്നീട് വേണ്ടപ്പെട്ടവരെ മാത്രം വിളിച്ച് ചെറിയരീതിയിലാണ് നടത്തിയത്. ഇതിൽ രമേശ് ദുഃഖിച്ചിരുന്നുവെന്ന് സഹപ്രവർത്തകനായ പൂജപ്പുര രാധാകൃഷ്ണൻ പറയുന്നു.

മൂന്നുവർഷം മുൻപാണ് ഭാര്യ മരിച്ചത്. ഒരു മകനുണ്ട്. ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ചു. ഉള്ളിലെ സങ്കടങ്ങൾ ആരോടും പങ്കുവച്ചിട്ടില്ലെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. 'രമേശേട്ടാ, വിശ്വസിക്കാനാവുന്നില്ല, ഒത്തിരി സങ്കടം, എന്നായിരുന്നു നടൻ കിഷോർസത്യ സമൂഹമാധ്യമത്തിൽ കുറിച്ചത്.'െരണ്ടുദിവസം മുൻപ് വരാൽ സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ എന്തുപറ്റി രമേശേട്ടാ.. എന്തിനും ഇങ്ങനൊരു കടുംകൈ... വിശ്വസിക്കാനാകുന്നില്ല. സഹപ്രവർത്തകനായ നടൻ ബാലാജി ശർമ്മ സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകൾ, സ്‌നേഹത്തോടെയും കരുതലോടെയുമാണ് രമേശിന്റെ പെരുമാറ്റം. ഒരു പ്രാവശ്യം പരിചയപ്പെട്ടാൽ പിന്നീട് ഒരിക്കലും മറക്കില്ല.

22 വർഷമായി സീരിയൽ രംഗത്ത് സജീവമായിരുന്നു. പൗർണമി തിങ്കളാണ് അവസാനം അഭിനയിച്ച സീരിയൽ. ദൂരദർശനിലെ 'ജ്വാലയായി' എന്ന മെഗാ സീരിയലിലെ വേഷമാണ് ശ്രദ്ധേയനാക്കിയത്. ഏതാനും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മകൻ ഗോകുൽ കാനഡയിൽ നിന്നെത്തിയ ശേഷം തിങ്കളാഴ്ച സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.