ന്യൂഡൽഹി: സ്ത്രീകൾക്കെതിരെ ലിംഗവിവേചനപരമായ പരാമർശം നടത്തി വിവാദത്തിലായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ വിമർശനം കടുക്കുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തെ സംസ്‌കാരവുമായി ബന്ധിപ്പിച്ച് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ പ്രസ്താവനയ്‌ക്കെതിരെയണ് രൂക്ഷ വിമർശനം ഉയരുന്നത്. 'റിപ്പ്ഡ് ജീൻസ്' ധരിക്കുന്ന സ്ത്രീകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്നായിരുന്നു റാവത്തിന്റെ ചോദ്യം.

സംസ്ഥാന ശിശുസംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച ഒരു സെമിനാറിനിടെയാണ് സ്ത്രീവിരുദ്ധത ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രിയുടെ പരാമർശം. 'ജയ്പുരിൽ നിന്നും മടങ്ങിവരവെ വിമാനത്തിൽ തൊട്ടടുത്ത് ഒരു സഹോദരി ഇരിപ്പുണ്ടായിരുന്നു. അവർ കീറിയ തരം (റിപ്പ്ഡ്) ജീൻസാണ് ധരിച്ചിരുന്നത്. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എൻജിഒ നടത്തുകയാണെന്നായിരുന്നു മറുപടി. അവരുടെ കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇതെന്ത് സംസ്‌കാരമാണ്. ഇത്തരം വസ്ത്രം ധരിക്കുന്ന സ്ത്രീകൾ കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് എന്ത് തരത്തിലുള്ള ഒരു അന്തരീക്ഷമാണ് പ്രധാനം ചെയ്യുന്നത്' എന്നായിരുന്നു പ്രസ്താവന. ഇത്തരം സ്ത്രീകൾക്ക് സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ഇതിന് പിന്നാലെ തന്നെ വിമർശനം ഉയരുകയായിരുന്നു. 'റിപ്പ്ഡ് ജീൻസ്' അധികം വൈകാതെ തന്നെ ട്വിറ്ററിൽ ട്രെൻഡിങ് ആയി. ഇതേ ജീൻസ് ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് സ്ത്രീകൾ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ കടുത്ത ഭാഷയിൽ പ്രതികരണവുമായെത്തിയവരിൽ ഒരാൾ നടൻ അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദയാണ്. 'ഞങ്ങളുടെ വസ്ത്രങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിന് മുമ്പ് നിങ്ങളുടെ മനോഭാവം മാറ്റു. കാരണം ഇതുപോലുള്ള സന്ദേശങ്ങൾ സമൂഹത്തിലെത്തുന്നതാണ് ഇവിടെ ഞെട്ടിക്കുന്ന ഒരേയൊരു കാര്യം' എന്നാണ് നവ്യ ഇൻസ്റ്റയിൽ കുറിച്ചത്.

'ജീൻസ് ധരിച്ച സ്ത്രീകൾക്ക് കുട്ടികൾക്ക് ശരിയായ അന്തരീക്ഷം നൽകാൻ കഴിയില്ല' എന്ന പ്രസ്താവനയോട് പ്രതികരിച്ച നവ്യ, 'നിങ്ങൾക്ക് കഴിയുമോ എന്ന മറുചോദ്യമാണ് ചോദിച്ചത്. ഒപ്പം റിപ്പ്ഡ് ജീൻസ് ധരിച്ച ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. അവ ഞാൻ അഭിമാനത്തോടെ അവരെ ധരിക്കുമെന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.