- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അതീവ പിന്നോക്കമായ നോനിയ സമുദായത്തിൽ ജനനം; 15ാം വയസ്സിൽ വിവാഹിതയായി വൈകാതെ വിധവയും രണ്ടുകുട്ടികളുടെ അമ്മയും; അംബേദ്ക്കർ സർവകലാശാലയിൽ പഠിച്ചു വിഎച്ച്പിയുടെ ദുർഗാവാഹിനിയിലൂടെ പൊതുരംഗത്ത്; വിധവകളെ അപശകുനമായി കാണുന്ന സമൂഹത്തിൽനിന്ന് ഉപമുഖ്യമന്ത്രി പദത്തിലേക്ക്; രേണുദേവിയുടേത് അസാധാരണ അതിജീവന കഥ
പാറ്റ്ന: വിധവകളെ അപശകുനമായി കാണുന്ന പ്രവണത പൊതുവെ ഉത്തരേന്ത്യയിൽ ഉണ്ട്. ചെറുപ്രായത്തിൽ വിധവയായ രണ്ടുകുട്ടികളുടെ അമ്മയായ അവർ ഒരു അതീവ പിന്നോക്ക വിഭാഗക്കാരി കൂടിയാണെന്ന് നോക്കണം. സമുഹത്തിന്റെ ഏതൊ ചായ്പ്പിൽ ഒതുങ്ങിപ്പോകേണ്ട ആ സ്ത്രീ ഇന്ന് ബീഹാറിലെ ഉപ മുഖ്യമന്ത്രിയാണ്. അതാണ് ബിജെപിയുടെ തീപ്പൊരി നേതാവായ രേണു ദേവിയുടെ ജീവിതം. ബീഹാറിലെ ദരിദ്രമായ ബെട്ടിയ ഗ്രാമത്തിൽ അതീവ പിന്നോക്കമായ സമുദായമായി (എസ്ട്രീമ്ലി ബാക്ക്വേഡ് ക്ലാസ് അഥാവാ ഇ ബി സി) കണക്കാക്കപ്പെടുന്ന നോനിയ ജാതിയിലാണ് 1958 നവംബറിൽ രേണു ദേവി ജനിച്ചത്. മൂന്ന് ആൺമക്കളും അഞ്ച് പെൺ മക്കളുമുള്ള ദരിദ്ര കുടുംബത്തിലെ മൂത്ത കൂട്ടി.
അക്കാലത്തെത അവരുടെ സമൂദായത്തിന്റെ ആചാരമനുസരിച്ച് 15ാം വയസ്സിൽ വിവാഹിതയായി. ഭർത്താവ് ദുർഗ പ്രസാദ് കൊൽക്കത്തയിൽ എഞ്ചിനീയർ ആയിരുന്നു. എഴുവർഷമേ ആ ദാമ്പത്യം നീണ്ടുനിന്നുള്ളൂ. ഭർത്താവിനെറ മരണം അവരുടെ ജവീതം ഇരുട്ടിലാക്കി. തുടർന്ന് രേണു കണ്ണീരോടെ തന്റെ ജന്മനാടായ ബെട്ടിയയിലേക്ക് മടങ്ങി. രണ്ട് ചെറിയ കുഞ്ഞുങ്ങളെ വളർത്താനുള്ള അധിക ഉത്തരവാദിത്തവും അവൾക്കുണ്ടായിരുന്നു. പക്ഷേ രേണുവിന്റെ അമ്മ മകളെ മൂലക്ക് ഒതുക്കിയിടാൻ തയ്യാറായില്ല. പഠനത്തിൽ മിടുക്കിയായിരുന്നു മകളെ അവർ നിർബന്ധിച്ച് കോളജിൽ അയപ്പിച്ചു. ഒരു മകനും മകളുമാണ് രേണു ദേവിക്കുണ്ടായിരുന്നത്. അവരെ താൻ നോക്കിക്കൊള്ളാമെന്നും അമ്മ പറഞ്ഞു. അങ്ങനെ മുസാഫർപൂരിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കർ ബീഹാർ സർവകലാശാലയിൽ രേണു ദേവി പഠിച്ചു.
അമ്മയുടെ തന്നെ സ്വാധീനത്തിൽ 1981 ൽ പൊതുപ്രവർത്തനരംഗത്തെത്തി. വിഎച്ച്പിയുടെ ദുർഗ വാഹിനി- വനിതാ വിഭാഗത്തിന്റെ ജില്ലാ കോർഡിനേറ്ററായിരുന്നു. 1988 ൽ ആർഎസ്എസിന്റെ മഹിള മോർച്ചയിൽ ചേർന്നു. പിന്നീട് അവർക്ക് തിരിഞ്ഞുനോക്കണ്ടേി വന്നിട്ടില്ല. 1989 ൽ ആർഎസ്എസിന്റെ ചമ്പാരൻ ജില്ലാ വനിതാ വിഭാഗത്തിന്റെ തലപ്പത്തെത്തി.1990 ൽ മഹിള മോർച്ചയുടെ തിർഹട്ട് ഉപവിഭാഗത്തിന്റെ തലപ്പത്തേക്ക് എത്തി. 1992ൽ ജമ്മു കശ്മീരിലേക്കുള്ള തിറംഗ മാർച്ചിൽ സജീവ പങ്കാളിയായിരുന്നു. 1993 ലും 1996 ലും ബിജെപിയുടെ ബിഹാർ മേഖല മഹിളാ മോർച്ചയുടെ തലപ്പത്തെത്തി. 2014 നും 2020 നും ഇടയിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ അവർ പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2000, 2010, 2020 എന്നീ വർഷങ്ങളിൽ ഒരു തവണയും 2005 ൽ രണ്ടു തവണയും വിജയിച്ച ഇവർ 2015 ൽ തോൽക്കുകയും ചെയ്തു.
നിതീഷിന്റെ വോട്ട് ബാങ്ക് തകർത്ത് ബിജെപി
ഇപ്പോൾ ബീഹാർ ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ബിജെപിയുടെ നിയമസഭാ പാർട്ടിയുടെ ഉപനേതാവായും രേണു ദേവിയെ നിയമിച്ചിട്ടുണ്ട്. രേണു ദേവിയെ ഉപമുഖ്യമന്ത്രിയാക്കിയതോടെ പിന്നാക്ക സമുദായങ്ങളുടെ പിന്തുണ ആർജിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. നിതീഷിന്റെ വലിയ വോട്ടുബാങ്കുകളിൽ ഒന്നായി കരുതുന്നതാണ് നോനിയ സമുദായം. രേണുവിലൂടെ ഈ വോട്ടു ബാങ്കിലേക്ക് കുടിയേറിയ ബിജെപിക്ക് വരും തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ കൂടുതൽ ഏളുപ്പമാകും.
ബീഹാറിൽ തുടർഭരണം നേടിയ എൻഡിഎയിൽ വൻ മൂന്നേറ്റം നടത്തിയെങ്കിലും മുഖ്യമന്ത്രി കസേരയ്ക്ക് പകരം സ്വന്തം പാർട്ടിയിൽ നിന്നുള്ള രണ്ട് എംഎൽഎ മാരെ ഉപമുഖ്യമന്ത്രി പദം ഏൽപ്പിച്ചാണ് ബിജെപി ഞെട്ടിച്ചത്. അതും മുതിർന്ന നേതാവും നേരത്തെ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയയെവരെ തഴഞ്ഞുകൊണ്ടാണ് ബിജെപി ഈ നിയമനം നടത്തിയത്. മുഖ്യമന്ത്രി നിതീഷ്കുമാറുമായി ഏറെ അടുപ്പമുള്ളവരും എന്നാൽ ആർഎസ്എസിന്റെ ഉറച്ച വേരുകളിൽ വളർന്നവരുമായ കൈകളെ നിതീഷിന്റെ ഇരുപുറവുമായി വിന്യസിപ്പിച്ച് ബിജെപി നിതീഷിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
നിതീഷിന് മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്ത് പകരം ഉപ മുഖ്യമന്ത്രിമാരായി ആർഎസ്എസിലൂടെ വളർന്നു വന്ന തർകിഷോർ പ്രസാദിനും രേണു ദേവിയെയും നിയോഗിച്ചുകൊണ്ട് ബിജെപി ചരിത്രമെഴുതി. ബീഹാറിന്റെ ചരിത്രത്തിൽ തന്നെ ഉപമുഖ്യമന്ത്രിയായി പിന്നാക്ക സമുദായക്കാരിയായ രേണു ദേവി മാറുകയും ചെയ്തു. ഭരിക്കുന്നത് നിതീഷാണെങ്കിലും നിതീഷിനെ നിയന്ത്രിക്കുന്ന ചരടാണ് ഇവരിലൂടെ ബിജെപി സ്വന്തമാക്കിയതെന്നാണ് വിലയിരുത്തൽ.ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയും എൻഡിഎയിലെ ഏറ്റവും വലിയ കക്ഷി ആയിട്ടും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ബിജെപി തർക്കിച്ചേയില്ല. എന്നാൽ ഭാവിയിൽ മേഖലയിലെ തന്നെ രാഷ്ട്രീയ നിയന്ത്രണം കയ്യാളാനുള്ള ബുദ്ധിപരമായ നീക്കം നടത്തുകയും ചെയ്തതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
243 സീറ്റുകളുള്ള സഭയിൽ 125 സീറ്റുകളുമായാണ് ബിജെപിയുടെ എൻഡിഎ സഖ്യം അധികാരത്തിൽ എത്തിയത്. ഇതിൽ കഴിഞ്ഞ തവണ 71 സീറ്റുകൾ നേടിയ ജെഡിയു 43 ലേക്ക് ചുരുങ്ങിയപ്പോൾ ബിജെപി 74 സീറ്റുകൾ നേടുകയും ചെയ്തു. അതായത് നിതീഷിനെ ഇനി നിയന്ത്രിക്കുക ഈ ഉപമുഖ്യമന്ത്രിമാർ ആയിരിക്കുമെന്ന് വ്യക്തമാണ്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ